Jun 2, 2012

രണ്ട് "സഡന്‍ മെയ്ഡ് ഐറ്റംസ്"

 വളരെ ലളിതമായ രീതിയില്‍ പാചകം ചെയ്യാവുന്ന ചില വിഭവങ്ങളാണ് പാചകം എന്ന ഈ പേജില്‍ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത് , എത്രനാള്‍ ഈ ഉദ്ദേശം മുന്നോട്ടു പോകുമെന്ന കാര്യമൊന്നും മുന്‍കൂട്ടി പറയാന്‍ പറ്റില്ല..പോകുന്നിടം വരെ പോകും , അത്ര തന്നെ. കഥയെഴുത്ത് നാലഞ്ചു മാസം മുമ്പ് ബ്രേക്ക്‌ഡൌണായി കിടക്കുന്നിടത്ത് തന്നെ വള്ളിപോട്ടി കിടപ്പാണ്, അതിന്നിടയില്‍ വെക്കേഷന്‍ വന്നു വന്നതിനേക്കാള്‍ സ്പീഡില്‍ പോകാനും തുടങ്ങുന്നു, എന്നാലും ഒരു സമാധാനമുള്ളത് ഇത്തവണത്തെ വെക്കേഷന്‍ കല്യാണങ്ങളും ഉത്സവങ്ങളും മറ്റുആഘോഷങ്ങളുമോക്കെയായി പൊടിപൂരം തന്നെയായിരുന്നു എന്നതാണ്.

പിന്നെ എന്‍റെ ചില പ്രിയപ്പെട്ട ബ്ലോഗര്‍ മാരെ എനിക്ക് നേരില്‍ കാണാനായി എന്നതും ഈ ഒരു വെക്കേഷന്റെ പ്രത്യേകതയില്‍ പെടുത്താം - നമ്മുടെ ജെ.പി അങ്കിളിനെയും യൂസഫ്‌പക്കാനെയും കണ്ടവിവരം ഞാന്‍ മുമ്പേ പറഞ്ഞിരുന്നു , എന്നാല്‍ കൂതറ ബ്ലോഗിന്റെ മൊതലാളി ഹാഷിമ്ക്കാ എനിക്ക് തീരെ സുഖമില്ലാത്ത ഒരു ദിവസമാണ് ഇവിടെ എത്തിപ്പെട്ടത്. അതുകൊണ്ട് തന്നെ കാര്യമായൊന്നും ഡിസ്കസ് ചെയ്യാനായില്ല എന്നതില്‍ ഞാനിപ്പോഴും കുണ്ഠിതയാണ്, പിന്നെ എന്റെ ഭാവനയില്‍ നിന്നും തികച്ചും വ്യത്യസ്തമായ രൂപവും ഭാവവുമായതുകൊണ്ടാണെന്നു തോന്നുന്നു ആളെ തിരിച്ചറിയാന്‍ തന്നെ ഞാന്‍ വൈകിയത്.എന്തായാലും ഇക്കാടെ സ്വഭാവം ഉമ്മച്ചിക്ക് ശ്ശി പിടിച്ച മട്ടാണ്. പിന്നെ  ഫോട്ടോഷോപ്പി ഉടമ നമ്മടെ സ്വന്തം ഫസലുല്‍ എന്ന  കുഞ്ഞാക്ക കുടുംബസമേതം എത്തിയെങ്കിലും ഒടുക്കത്തെ തിരക്കും പറഞ്ഞ് ഒരു ജൂസ്‌ എടുക്കുന്ന സമയം മാത്രമേ ഇരുന്നുള്ളൂ എന്നതിലും ഞാന്‍  കുണ്ഠിത തന്നെ. ഈ കുണ്ഠിതങ്ങള്‍ മാറ്റാന്‍ അടുത്ത് വരുന്ന ആളെയും കാത്ത് ഇരിപ്പാണ് ഇപ്പോള്‍ .
ഇനി കാര്യത്തിലേക്ക് വരാം, ഇവിടെ ചില വിഭവങ്ങളുടെ കൂട്ടുകള്‍ എനിക്കറിയാവുന്നപോലെ   എഴുതി വെക്കാനാണ് ഉദ്ദേശിക്കുന്നത് , എന്നും  ഇങ്ങനെ ചിരിച്ചും കളിച്ചുമൊക്കെ  കഴിഞ്ഞാ മതിയോ! ഫാവിയില്‍ വരാന്‍ പോകുന്ന ജീവിതത്തിന്റെ മുന്നൊരുക്കത്തിനായി എന്തെങ്കിലുമൊക്കെ പഠിച്ചു വെക്കെണ്ടേ എന്ന അതിവിശാലവും അതിനൂതനവും  അതിബുദ്ധിപരവുമായ ചിന്തയുടെ ഭാഗമായി ഉരുത്തിരിഞ്ഞു വന്ന ഒരാശയമാണ്. ഞാന്‍ പരീക്ഷിച്ചു നോക്കിയാതാണോ എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകുമെന്നത് കൊണ്ട് അക്കാര്യം ആരും ചോദിക്കണ്ട, എന്നെപ്പോലെ തന്നെ ഇക്കാര്യത്തില്‍ ഗഹനമായി ചിന്തിക്കുന്ന ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഉപകാരപ്പെട്ടെങ്കിലോ എന്ന നല്ല ഉദ്ദേശം മാത്രേ ഇതുകൊണ്ടുള്ളൂ , അപ്പൊ ഇനി തുടങ്ങാം .
ആദ്യമായി മുന്നറിയിപ്പില്ലാതെ കയറി വരുന്ന അതിഥികള്‍ക്ക് വേണ്ടി വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്ന് രണ്ടു  "സഡന്‍ മെയ്ഡ് ഐറ്റംസ്" 
ഈ ഐറ്റംസ് തയ്യാറാക്കാന്‍ 'അവില്‍ ''നേന്ത്രക്കായ ' എന്നിവ എപ്പോഴും വീട്ടില്‍ മുന്‍കരുതലായി ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. അങ്ങിനെ ഒരു സ്വഭാവമില്ലാത്തവര്‍ ഇത് വായിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നകാര്യം മുന്‍കൂട്ടി അറിയിക്കട്ടെ.
                                                                               

                                             1-"നേന്ത്രക്കായ -ഏത്തക്കായ- വരട്ടി "
ആവശ്യമുള്ള സാധനങ്ങള്‍ :
പഴുത്ത് പാകമായ നേന്ത്രക്കായ          : രണ്ടെണ്ണം ( അതിഥികള്‍ക്ക് അനുസരിച്ച് എണ്ണം കൂട്ടാം )
തേങ്ങ ചുരണ്ടിയത്                               : രണ്ടു കപ്പ്.
ചുവന്നുള്ളി                                             : നാലെണ്ണം (ചെറുതായി അറിഞ്ഞത്)
പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര         : ആവശ്യത്തിന്. (ശര്‍ക്കരയാണെങ്കില്‍  ചെറുതാക്കി-
                                                              : അരിഞ്ഞെടുക്കണം) 
ഏലക്ക                                                 : രണ്ടെണ്ണം (പൊടിച്ചത്)        
നെയ്യ്                                                    : ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം :
ആദ്യമായി തോലുകളഞ്ഞ നേന്ത്രക്കായ ചെറുതാക്കി വട്ടത്തില്‍ അരിഞ്ഞെടുക്കുക , ശേഷം ഫ്രൈ പാന്‍  സ്റ്റവ്വില്‍ വെച്ച് ചൂടാക്കി നെയ്യ് ഒഴിച്ച് മൂക്കുമ്പോള്‍ ചെറിയ ഉള്ളി ഇട്ടു വയറ്റുക, ഉള്ളി തവിട്ടു നിറത്തില്‍ മൂത്ത്  വരുമ്പോള്‍ നേന്ത്രക്കായ അരിഞ്ഞു വെച്ചത് ചേര്‍ത്ത് ഇളക്കണം , രണ്ടോ മൂന്നോ മിനിറ്റിനു ശേഷം തേങ്ങ ചുരണ്ടിയതും എലക്കാപൊടിയും പഞ്ചസാര/ശര്‍ക്കരയോ ചേര്‍ത്ത് കുറച്ചു നേരം കൂടി ഇളക്കി വാങ്ങി വെച്ച് ചൂടാറിയാല്‍ വിളമ്പാം. നാലഞ്ചു പേര്‍ക്ക് ഈ അളവ് മതിയാവും - പിന്നെ എന്നെയും ചുന്നാനെയും പോലെയുള്ള കുട്ടികള്‍ ഉള്ളവര്‍ രണ്ടു നേന്ത്രക്കായ കൂടുതല്‍ പാചകം ചെയ്യുന്നത് നല്ലതാണ് .
                                               
                                                  2- "അവില്‍ കോകനട്ട്  ഫ്രൈ"

ആവശ്യമുള്ള സാധനങ്ങള്‍ :

അവില്‍ വെള്ളയോ ചുവപ്പോ         : അര കിലോഗ്രാം .
തേങ്ങ ചുരണ്ടിയത്                          : രണ്ടു കപ്പ് .
തേങ്ങ കൊത്തിയത്                        : അരക്കപ്പ്
ചുവന്നുള്ളി ,വെളുത്തുള്ളി                 : ആറെണ്ണം വീതം ( ചെറുതായി അരിഞ്ഞത്)
ശര്‍ക്കര                                            : നാലെണ്ണം ചെറുതായി അരിഞ്ഞത്)
പൊട്ടുകടല ; നിലക്കടല                 : അരക്കപ്പ് വീതം
ഏലക്ക                                             : രണ്ടെണ്ണം പൊടിച്ചത്.
വേപ്പില                                            : പാകത്തിന്.
നെയ്യ്                                                : ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ആദ്യം അവില്‍ കുതിര്‍ത്തു വെള്ളം ഊറ്റിവെക്കണം ശേഷം നോണ്‍ സ്റ്റിക്ക് ഫ്രൈപാന്‍ സ്റ്റവ്വില്‍ വെച്ച് നെയ്യ് ഒഴിച്ച് അത് ചൂടാവുമ്പോള്‍  വേപ്പിലയും ചുവന്നുള്ളി, വെളുത്തുള്ളി, പോട്ടുകടല,നിലക്കടല,തേങ്ങകൊത്ത് എന്നിവഇട്ട് വറുക്കുക , വറവ് ഇളം വയലറ്റ് കളറില്‍ ആകുമ്പോള്‍ അവില്‍ ചേര്‍ത്ത് ഇളക്കണം , അല്പനേരത്തിനുശേഷം തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് തിരുമ്മിയതും എലക്കാപൊടിയും ചേര്‍ത്ത്‌ഇളക്കണം, അഞ്ചു മിനിട്ടുകൊണ്ട് അവില്‍ വറവ് പാകമാവുന്നതാണ് , കറു മുറു  പാകമായോ എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം, എങ്കിലേ തിന്നാനൊരു സുഖമുണ്ടാവൂ .
അഥിതികളെ ഇരുത്തി രണ്ടു കൊച്ചുവര്‍ത്തമാനം പറയുമ്പോഴേക്കും തയ്യാറാക്കാവുന്ന ഈ രണ്ടു ഐറ്റംസ് ഇഷ്ടപ്പെട്ടെങ്കില്‍ അറിയിക്കുക കൂടുതല്‍ നേനാസ് ലളിത പാചകങ്ങള്‍ പോസ്റ്റ് ചെയ്യുന്നതാണ്.
ആരോഗ്യപരമായ പിന്നറിയിപ്പ് : ഇതൊക്കെ ഉണ്ടാക്കുന്നത് മൂലമുള്ള ധനനഷ്ടം , സമയ നഷ്ടം , മാനഹാനി...തുടങ്ങിയവക്കൊന്നും ഞാന്‍ ഉത്തരവാദിയല്ല.

LinkWithin

Related Posts Plugin for WordPress, Blogger...