Jul 1, 2012

സാഗര്‍ ഏലിയാസ്‌ ആമക്കുട്ടന്‍ ..റീ ലോഡഡ്‌.

                 
ഈ കഥ എന്റെ ഉപ്പാടെ പഴയ ഫയലുകള്‍ തപ്പിയപ്പോള്‍ കിട്ടിയതാണ്, പതിനഞ്ചു കൊല്ലം അതായത് ഞാന്‍ ജനിക്കുന്നതിന്‌ രണ്ടു കൊല്ലം മുമ്പ്  മാധ്യമത്തില്‍  എഴുതിയിട്ടുള്ളതാണ് , അതില്‍ എന്റേതായ ചില പൊടിക്കൈകള്‍  ചേര്‍ത്ത് പോസ്റ്റുന്നു , കൂടുതല്‍ തിരുത്തലുകള്‍ ഒന്നും ഇല്ല. ബാപ്പാടെ കഥ തിരുത്തിയവള്‍  എന്ന പേരുദോഷം കേള്‍പ്പിക്കാനോന്നും എനിക്ക് വയ്യേ..മാത്രവുമല്ല  ഉപ്പാട് ഇത് ഞാന്‍ പോസ്റ്റട്ടെ എന്ന് സമ്മതം ചോദിച്ചപ്പോള്‍ ആകെക്കൂടി പറഞ്ഞത്  പോസ്റ്റുന്നതില്‍ പ്രശ്നമൊന്നുമില്ല നീ തിരുത്തി എഴുതി കൊളമാക്കാതിരുന്നാല്‍ മതി എന്നുമാത്രമാണ്   അതോണ്ട് കാലത്തിനനുസരിച്ച്ള്ള ചില്ലറ മാറ്റങ്ങള്‍  മാത്രമേ ഞാന്‍ വരുത്തിയിട്ടുള്ളൂ ട്ടോ .പിന്നെ കൂടുതല്‍ അതില്‍ ഒന്നും വേണമെന്നും തോന്നിയില്ല നമ്മടെ ബാപ്പയല്ലേ മോന്‍ വേണ്ടതൊക്കെ അതില്‍ തന്നെയുണ്ടായിരുന്നു  - ഇനി കഥയിലേക്ക്‌ ..
_____________________________________________________________________
പണ്ട് ഒരാമച്ചാരും  കുരങ്ങച്ചനും കൂടി വാഴകൃഷി ചെയ്തകഥ ഇവിടെ ആവര്‍ത്തിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല! എന്നാലും അറിയാത്തവരോ; ഓര്‍മ്മയില്ലാത്തവരോആയി വല്ലവരുമുണ്ടെങ്കിലോ എന്ന് കരുതി മാത്രം ചെറിയൊരു ഓര്‍മ്മപുതുക്കല്‍ ആവാമെന്ന് തോന്നുന്നു.
അന്ന് പുഴയിലൂടെ ഒഴുകിവന്നൊരു വാഴത്തടി  ആമച്ചാരും  കുരങ്ങച്ചനും കൂടി പകുത്തെടുത്ത് കൃഷി ചെയ്തതും നടുവേ മുറിച്ചപ്പോള്‍ ഇലയുള്ള ഭാഗം എളുപ്പത്തില്‍ മുളക്കുമെന്നു കരുതി അത് തിരഞ്ഞെടുത്ത കുരങ്ങച്ചന്റെ കൃഷി  ഒരാഴ്ചക്കുള്ളില്‍ ഉണങ്ങിപ്പോയതും വാഴവിത്തായിരുന്ന ആമച്ചാരുടെ  കടഭാഗം മുളച്ച്‌ വളര്‍ന്ന് കുലച്ചതുമാണ് ആ പഴയ കഥ. 
ആ ആമച്ചാരുടെയും കുരങ്ങച്ചന്റെയും പേരക്കുട്ടികളായ സാഗര്‍ ഏലിയാസ്‌ ആമക്കുട്ടനും മുണ്ടക്കല്‍ രാജേന്ദ്രമങ്കിയുമാണ് ഇവിടെ നമ്മുടെ കഥാപാത്രങ്ങള്‍ , നമ്മളെപ്പോലെതന്നെ തലമുറകളായി മുത്തച്ചന്മാരുടെ ആ പഴംകഥ കേട്ടുവളര്‍ന്നവരായിരുന്നു രണ്ടുപേരും, ക്ലോസ്ഫ്രണ്ട്സ്‌ ആയിരുന്നെങ്കിലും തന്റെ മുത്തച്ഛന്റെ ബുദ്ധിവൈഭവത്തില്‍ തെല്ലൊരഭിമാനം ആമക്കുട്ടനും അപ്പൂപ്പന് പറ്റിയ അമളിയോര്‍ത്ത് വല്ലാത്തൊരു ജാള്യതയും വൈക്ലബ്യവും മങ്കിമോനും ഉണ്ടായിരുന്നെങ്കിലും അവരത് പരസ്പരം പുറമേ കാണിച്ചിരുന്നില്ല. മാത്രവുമല്ല അവസരം കിട്ടിയാല്‍ അപ്പൂപ്പന്റെ ആ വിഡ്ഢിത്തരം ഒന്നു തിരുത്തിക്കുറിക്കണമെന്നും ബുദ്ധിയുടെ കാര്യത്തില്‍ കപീഷിന്‍റെ തലമുറയില്‍ പെട്ട വാനരവര്‍ഗ്ഗം ഒട്ടും പിറകിലല്ല എന്ന കാര്യം തെളിയിക്കണമെന്നും ഒരാഗ്രഹവും കൂടി രാജേന്ദ്രമങ്കിമോന്‍ രഹസ്യമായി മനസ്സില്‍ സൂക്ഷിച്ചിരുന്നു. ഉള്ളിലുള്ള തന്‍റെ ജാള്യതക്ക് ഒരയവ്‌ വരുത്താനായി കപീഷിന്റെ വീരസാഹസിക കൃത്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ആമക്കുട്ടനോട് ഇടയ്ക്കിടെ പറയുകയും പതിവായിരുന്നു.
             (കഥയ്ക്കുവേണ്ടി മാധ്യമത്തില്‍ സഗീര്ക്ക വരച്ച ചിത്രങ്ങള്‍ ഇതും താഴെയുള്ളതും)
അങ്ങനെയിരിക്കെ ഒരു ദിവസം..
മങ്കിസ്ജാക്സന്റെ ഒരു ലേറ്റസ്റ്റ്‌ ഗാനവും മൂളി ചെത്ത്‌ സ്റ്റൈലില്‍ പുഴക്കരയിലൂടെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു മങ്കിമോന്‍ . അപ്പോഴാണ്‌ പുഴയുടെ അരികുപറ്റി ഒഴുകിവരുന്ന ഒരു വാഴത്തടി മൂപ്പരുടെ ശ്രദ്ധയില്‍ പെട്ടത്. അത് കണ്ടതും യുറേക്കാ എന്നൊരു അലര്‍ച്ചയോടെ ഒരു ചാട്ടമായിരുന്നു പുഴയിലേക്ക് മങ്കിമോന്‍ , താന്‍ കാത്തുകാത്തിരുന്ന അവസരമിതാ ആഗതമായിരിക്കുന്നുവെന്ന ആഹ്ലാദത്താല്‍ മങ്കിമോന്‍ തുള്ളിച്ചാടി. പിന്നെ കുറച്ചു നേരത്തെ പരിശ്രമത്താല്‍ വാഴത്തടി ഉന്തിത്തള്ളി കരക്കെത്തിച്ച ശേഷം ഒട്ടും സമയം കളയാതെ  വിവരം അറിയിക്കാനായി കുറച്ചപ്പുറത്തെ പൊന്തക്കാട്ടിലുള്ള ആമക്കുട്ടന്റെ വീട്ടിലേക്ക്‌ കുതിച്ചു.
വാനര വര്‍ഗത്തിന് എന്നും അപമാനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പഴയ ചരിത്രമിതാ തിരുത്തിക്കുറിക്കാന്‍ പോകുന്നു, വാനര സമൂഹത്തിന്റെ മുഴുവന്‍ അഭിമാനമായി താനുയരാന്‍ പോകുന്നു , കാട്ടിലും നാട്ടിലും തന്‍റെ ബുദ്ധിശക്തിയുടെ കഥ തലമുറകളിലൂടെ വാഴ്ത്തപ്പെടും ...മങ്കിമോന്‍റെ മനക്കോട്ടകള്‍ അങ്ങനെ അറ്റമില്ലാതെ നീണ്ടു നീണ്ടു പോയി.
വനചരിത്രത്തില്‍ പുതിയൊരു അധ്യായം തേന്‍ലിപികളാല്‍ എഴുതിച്ചേര്‍ക്കാനുള്ള സൌഭാഗ്യം തനിക്കുതന്നെ കൈവന്നിരിക്കുന്നല്ലോ എന്നുകൂടി ഓര്‍ത്തപ്പോള്‍ താന്‍ ആളൊരു പുലിയാണെന്ന് മങ്കിമോന് സ്വയം തോന്നിപ്പോയി.ആ തോന്നലിന്‍റെ കുളിരില്‍  പുളകിതഗാത്രനായി രോമാഞ്ചകഞ്ചുകമണിഞ്ഞു പോയി ആശാന്‍ .
ആമക്കുട്ടനോട്‌ വിവരമെല്ലാം പറഞ്ഞു രണ്ടുപേരും കൂടി പുഴക്കരയില്‍  എത്തി കുറച്ചു നേരത്തെ പ്രയത്നം കൊണ്ട് വാഴത്തടി മുറിച്ചു രണ്ടു ഭാഗമാക്കി , പൂര്‍വ്വികന്മാരുടെ കഥ രണ്ടു പേരുടെയും ഓര്‍മ്മകളില്‍ മിന്നിതെളിഞ്ഞു നിന്നിരുന്നുവെങ്കിലും അവര്‍ അന്യോന്യം അതേക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ല.
പകുത്തിട്ട വാഴത്തടി മൊത്തത്തില്‍ നന്നായൊന്നു നിരീക്ഷിച്ചശേഷം ആമക്കുട്ടന്‍ മങ്കിമോനോട് പറഞ്ഞു .
"നിനക്ക് വേണ്ടത് ആദ്യം നീയെടുത്തോളൂ .."
ആ ഒരു വാക്ക് കേള്‍ക്കാന്‍ കാത്തുനിന്നിരുന്നപോലെ മങ്കിമോന്‍ യാതൊരു ശങ്കക്കും ഇടകൊടുക്കാതെ കടഭാഗത്തെക്ക് ചാടി വീണു. അപ്പൂപ്പന്‍ പണ്ട് തലപ്പുഭാഗം എടുത്തതിനാല്‍ പറ്റിപ്പോയ ആന മണ്ടത്തരം ഇനി ആവര്‍ത്തിക്കരുതല്ലോ! അതോടൊപ്പം 'അപ്പൂപ്പന്റെ പോലെ ഞാനൊരു വിഡ്ഢിയാണെന്ന് കരുതിയോടാ മണ്ടന്‍ ആമക്കുട്ടാ..' എന്നൊരു വിചാരം ഉള്ളില്‍ വെച്ച് ഗൂഡമായൊരു ചിരിയോടെ മങ്കിമോന്‍ ആമക്കുട്ടനെ നോക്കി.  മങ്കിമോന്റെ ആ ചിരിയും ഭാവവുമൊക്കെ മനസ്സിലായെങ്കിലും ആമക്കുട്ടന്‍ പ്രത്യേകിച്ച് ഒരു ഭാവവും പുറത്തു പ്രകടിപ്പിച്ചില്ല. 'ഒന്ന് പോ മോനെ ദിനേശാ.. തലയെങ്കില്‍ തല, വാലെങ്കില്‍ വാല്.. ആമബുദ്ധിയെക്കുറിച്ചുണ്ടോ മണ്ടശിരോമണി വങ്കന്‍ മങ്കി നീ അറിയുന്നു !ആമക്കുട്ടന്‍ എന്ന മിത്രത്തെ മാത്രേ നീ അറിയൂ ,സാഗര്‍ ഏലിയാസ് എന്ന ശത്രു ആരെന്നു നീ അറിയാന്‍ പോകുന്നേയുള്ളൂ ' എന്ന് മാത്രം മനസ്സില്‍ പറഞ്ഞു .
എന്നാലിനി നമുക്ക് നാലുദിവസം കഴിഞ്ഞു കാണാമെന്നും പറഞ്ഞ് തനിക്ക് കിട്ടിയ വാഴത്തലപ്പ് പുഴയിലേക്ക് ഉരുട്ടിയിട്ട ആമക്കുട്ടന്‍ പിന്നെ മെല്ലെ ഒഴുകാന്‍ തുടങ്ങിയ വാഴത്തടിയിലേക്ക് ചാടിക്കയറിയിരുന്ന് മങ്കിമോനോട് കൈവീശി റ്റാറ്റാ പറഞ്ഞു ഒഴുക്കിനൊപ്പം മുമ്പോട്ടു നീങ്ങിപ്പോയി.

                         

മങ്കിമോന്‍ പിന്നെ നേരം കളയാന്‍ നില്‍ക്കാതെ പുഴക്കരയില്‍തന്നെ നന്നായൊരു തടമെടുത്ത് അതീവ ശ്രദ്ധയോടെ വാഴത്തടി അതില്‍ കുഴിച്ചിട്ടു , പിന്നെ മണിക്കൂറുകള്‍ ഇടവിട്ട്‌ വെള്ളമൊഴിച്ചും വളമിട്ടും പരിപാലിക്കാനും തുടങ്ങി. അതിന്നിടയില്‍ ഇടയ്ക്കിടെ പോയി ആമക്കുട്ടന്റെ വീടിന്റെ ചുറ്റുപാടുകള്‍ നിരീക്ഷിക്കാനും മറന്നില്ല.എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും അവിടെയെങ്ങും വാഴകൃഷിയുടെ ലക്ഷണം പോയിട്ട് ഒരു വാഴയിലയുടെ ചീന്ത് പോലും കണ്ടെത്താന്‍ അവനായില്ല. മാത്രവുമല്ല ആമക്കുട്ടനെക്കുറിച്ചും ഒരു വിവരവും കിട്ടിയില്ല.
'മുണ്ടക്കല്‍ രാജേന്ദ്രമങ്കി മോനോടാ അവന്റെ കളി! നാണക്കേട് ഓര്‍ത്തു മുങ്ങിയതായിരിക്കും. '  ഒടുവില്‍ മങ്കിമോന്‍ അങ്ങനെയൊരു നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. പിന്നെ കണ്ടുമുട്ടിയവരോടൊക്കെ ആമക്കുട്ടന് പിണഞ്ഞ അമളിക്കഥ പറഞ്ഞു രാജേന്ദ്രമങ്കിമോന്‍ കാടായ കാടൊക്കെ വിലസിനടന്നു.
വീണ്ടും രണ്ടു നാള്‍ കൂടി കടന്നുപോയി , വളമിടലും നനയുമൊക്കെ മുറക്ക് നടത്തുന്നുണ്ടെങ്കിലും തന്റെ വാഴത്തടി ശോഷിച്ച് ഉണങ്ങാന്‍ തുടങ്ങുന്നത് കണ്ട് മങ്കിമോന് ആകെ അങ്കലാപ്പായി, എത്ര പരിശോധിച്ചിട്ടുംകാരണം കണ്ടെത്താനാവാതെ അവന്‍ നേരെ കൃഷിഭവനിലേക്ക് വെച്ച്പിടിച്ചു കൃഷി വകുപ്പ് ഓഫീസറായ കരടിമുത്തനെ കയ്യോടെ കൂട്ടിക്കൊണ്ടുവന്നു വാഴ പരിശോധിപ്പിച്ചു. ഒറ്റ നോട്ടത്തില്‍ തന്നെ കരടി മുത്തന് കാര്യം മനസ്സിലായി.
"ഒരിക്കല്‍ കുലച്ച വാഴ കുല വെട്ടിയെടുത്തു വീണ്ടും കൃഷിചെയ്യാന്‍ തനിക്കെന്താടോകൂവേ വട്ടുണ്ടോ?" കരടിമുത്തന്റെ ആ ചോദ്യവും പരിഹാസഭാവവും മങ്കിമോനെ ഇളിഭ്യനാക്കിയെങ്കിലും ഉള്ളിലപ്പോള്‍ മുട്ടിതിരിഞ്ഞു വന്നത് മറ്റൊരു സംശയമാണ് , വാഴത്താലപ്പു കൃഷി ചെയ്‌താല്‍ വല്ല ഫലവുമുണ്ടാവുമോ എന്ന ആ സംശയത്തിനു യാതൊരു ഗുണവുമുണ്ടാവില്ല എന്ന ഉത്തരം കരടിമുത്തനില്‍ നിന്നും കിട്ടിയപ്പോഴാണ് മങ്കിമോന് ശ്വാസം നേരെ വീണത്‌. തനിക്ക് അബദ്ധം പിണഞ്ഞെങ്കിലും ആമക്കുട്ടനും അതുതന്നെയാണല്ലോ സംഭവിക്കുക എന്നോര്‍ത്തപ്പോള്‍ അവനു സമാധാനമായി.
എന്നാല്‍ മങ്കിമോന്റെ  ആ താല്‍ക്കാലിക  ആശ്വാസവും സമാധാനവും  കാറ്റില്‍ പറത്തിക്കൊണ്ട് അടുത്തദിവസം പൊണ്ണന്‍ മുതലാ ആന്‍ഡ്‌ സണ്‍സിന്റെ ബോട്ട് സര്‍വീസില്‍ പൂക്കൈതക്കടവത്ത് വന്നിറങ്ങിയ ആമക്കുട്ടനെ കണ്ട് അവിടെ കൂടിനിന്നിരുന്ന കാട്ടുവാസികള്‍ക്കൊപ്പം മങ്കിമോനും വാ പൊളിച്ചു നിന്നുപോയി .
ലേറ്റസ്റ്റ്‌ ഡെനിം ജീന്‍സും, പുമ സ്ലീവ്ലസ്സ് ടീ ഷര്‍ട്ടും അതിനു മീതെ മുന്‍വശം തുറന്ന കറുത്ത കൊട്ടും  , മുഖത്തൊരു  ഹുഗോബോസ്സിന്റെ സണ്‍ഗ്ലാസ്സും ധരിച്ച് വലതുകയ്യില്‍ ബ്ലാക്ക്ബെറി മൊബൈലും ഇടതുകയ്യില്‍ ടിസ്സോറ്റ്‌ വാച്ചിന്റെ പുതിയ സാധനവും കെട്ടി അടിപൊളി സ്റ്റൈലില്‍ നിന്ന ആമക്കുട്ടന്‍ എല്ലാവരെയും ഒന്നിരുത്തി നോക്കിയശേഷം അപാര സ്റ്റൈലില്‍ പറഞ്ഞു.
"സവാരി ഗിരി ഗിരി , വാഴയില , ഉണ്ണിത്തണ്ട് എന്നിവക്കൊക്കെ ഇപ്പോള്‍ മാര്‍ക്കറ്റില്‍ എന്താ വില! വാഴനാരിനുപോലും കിട്ടി പൊന്നുംവില., ശംഭോ  മഹാദേവാ! അതൊക്കെപോട്ടെ , ഇവിടെയോരുത്തന്‍ ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വാഴകൃഷി തുടങ്ങിയത് സിറ്റിയിലൊക്കെ പറഞ്ഞു കേട്ടിരുന്നു..അതിന്റെ കാര്യം എന്തായോ ആവോ?
അത്രയും പറഞ്ഞ് നിറുത്തിയ ആമക്കുട്ടന്‍ തന്റെ ഇടതുവശത്തായി മങ്കിമോന്‍ നിന്നിരുന്ന ഭാഗത്തേക്ക് നോക്കിയപ്പോള്‍ അവന്‍ നിന്നിരുന്നിടത്ത് അവന്റെ പൊടിപോലുമുണ്ടായിരുന്നില്ല കണ്ടു പിടിക്കാന്‍ .
                                                              ( കഥയുടെ ഒറിജിനല്‍ )

LinkWithin

Related Posts Plugin for WordPress, Blogger...