Jul 27, 2012

ദാ വന്നു..ദേ പോയി..

  
മഴയുടെ കാര്യമാണ് ,  ദേ വന്നെന്ന് പറയും മുമ്പേ ആകാശത്തു അതുവരെ  വിങ്ങി മങ്ങി നിന്നിരുന്ന വെയില്‍ നാളങ്ങളെ മേഘതിരശ്ശീലയിട്ടു മറച്ച് വയലേലകളിലൂടെ ചൂളമടിച്ചെത്തിയ ചുളുചുളുപ്പന്‍ കാറ്റിന്റെ അകമ്പടിയോടും  ആരവത്തോടും  കൂടി  മൊത്തത്തില്‍ ഇരുണ്ടു കേറി വന്നെത്തി മദയാനക്കൂട്ടങ്ങളെ പ്പോലെ കരിമേഘക്കൂറ്റന്മാര്‍ .. പിന്നെ,  മെല്ലെയൊന്നു  തൊട്ടു തഴുകി ശേഷം മുറുകെ  വാരിപ്പുണര്‍ന്ന് മഴയെത്തുമ്പോള്‍ നമ്മളെല്ലാം മറക്കും ചരല്‍ കല്ലുകള്‍ വാരിയെരിയും പോലെ കനത്ത മഴത്തുള്ളികള്‍ മുറ്റത്തെക്ക് വീണു പളുങ്കുമണികളായി  ചിന്നിച്ചിതറുമ്പോള്‍ വെള്ളിനാരുകളായി വിണ്ണില്‍ നിന്നും  ഉതിര്‍ന്നു വീഴുന്ന  ആ കുളിര്‍ മഴയിലേക്കിറങ്ങി ആനന്ദ നൃത്തമാടാന്‍ ഉള്ളം തുടികൊട്ടിയുണരും ...മഴാന്നു പറയുമ്പോഴേക്കും പെരുമഴ തന്നെ..., ചരലുവിരിച്ച  ചെങ്കല്‍ റോഡിന്നപ്പുറം കുത്തിയൊലിക്കാന്‍ തുടങ്ങിയ ചാലിയാര്‍ പുഴയിലേക്ക് മഴനൂലുകള്‍ പെയ്തിറങ്ങുന്നതിന്റെഭംഗി വര്‍ണ്ണനാതീതംതന്നെ..


 മഴയെ തന്റെ മാറിലേക്ക്‌ ഏറ്റുവാങ്ങിയ ഭൂമിയുടെ  തണുത്ത ഗന്ധം മൂക്കിലേക്ക് അരിച്ചുകയറുന്നു  ആ മണത്തെ മൂക്കിലേക്ക് ആഞ്ഞുവലിച്ചപ്പോള്‍ ശരീരത്തിനും മനസ്സിനും പറഞ്ഞരിയിക്കാനാവാത്ത നിര്‍വൃതി . റോഡിന്നപ്പുറം പുഴയോരത്തൂടെ കുടകള്‍ വട്ടം കറക്കി ആര്‍പ്പുവിളികളോടെ  പുഴയിലെ കലക്കവെള്ളത്തില്‍ നീണ്ട ചൂണ്ടയില്‍ മണ്ണിര കോര്‍ത്ത് മീന്‍ പിടിക്കാനെത്തുന്ന കുട്ടിപ്പട്ടാളം ഒരു വശത്ത് ..


മറുവശത്ത്  ചന്നം പിന്നം പെയ്യുന്ന മഴ നനച്ചു കുതിര്‍ത്തിട്ട പാട വരമ്പിലൂടെ മഴവെള്ളം തെറിപ്പിച്ചും ചേമ്പിലകള്‍ കുടയാക്കിയും   ചില വികൃതിപിള്ളേര്‍ നനഞ്ഞും കളിച്ചും കുസൃതികള്‍ കാണിച്ചും ഓടിച്ചാടി പ്പോവുന്നു .


തുമ്പിക്കൈ  വണ്ണത്തില്‍ തുള്ളിക്കൊരു കുടം പോലെ  മഴ തിമിര്‍ത്താടി പെയ്യുമ്പോഴും  സ്കൂളിലേക്കുള്ള  യാത്ര ആനന്ദകരം തന്നെ ..കനത്ത ബാഗുകളും തൂക്കി ഉല്ലാസത്തോടെ മഴവെള്ളം തെറിപ്പിച്ച് അങ്ങിനെ നടക്കാന്‍ എന്തൊരു രസം !


  സുഖമുള്ള നേര്‍ത്ത കുളിരില്‍ കൈകള്‍ മാറില്‍ പിണച്ചുകെട്ടി  ജനാലയ്ക്കരികില്‍  ചടഞ്ഞിരുന്ന്  പുറത്ത്  ആരവത്തോടെ മഴ നൂലുകള്‍ പെയ്തിറങ്ങി മുറ്റത്ത്‌ കുഴിയാന ക്കുഴികള്‍ തീര്‍ക്കുന്നത് നോക്കിരസിച്ച് ...


 തൊടിയിലെ  തെങ്ങും കവുങ്ങും പ്ലാവും മാവും നെല്ലിയും ചെമ്പകവും  മഴയുടെ താളത്തിനൊത്ത് തലയാട്ടി ആടി  ഉല്ലസിക്കുന്ന കാഴ്ചകള്‍ കണ്ട് അങ്ങിനെ സ്വയം മറന്നിരിക്കുമ്പോള്‍ ..


 കുസൃതിയിലേക്കുള്ള ക്ഷണമായി ജനല്‍പാളികളില്‍ തട്ടി മഴ വിളിക്കുന്നു , വേണ്ട, ഉമ്മ വഴക്കു പറയുമെന്നു പറഞ്ഞ് ജനല്‍ പാളികള്‍ വലിച്ച്  അടക്കാന്‍ ശ്രമിക്കുമ്പോള്‍  തുളുമ്പിപ്പോകുന്ന സ്നേഹത്തിന്റെ മിന്നല്‍പ്രഭയായി മിന്നിച്ചിരിക്കാനും നിനയ്ക്കാത്ത നേരത്ത് വാത്സല്യമായി അണച്ചുപിടിക്കാനും വീണ്ടും വരാമെന്ന് പറഞ്ഞ് മഴ ദേ പോവുന്നു ..ദൂരെ നിറഞ്ഞു കവിയാനോരുങ്ങുന്ന കുട്ടാടന്‍ പാടത്തെ പകുത്തു കൊണ്ടുള്ള  കോണ്‍ക്രീറ്റ് ഒഴുക്ക് ചാലിന്റെ രണ്ടു തിട്ടകളിലൂടെയും  ആരൊക്കെയോ എങ്ങോട്ടൊക്കെയോ കുടയും ചൂടി  നടന്നു നീങ്ങുന്ന കാഴ്ച നായനാനന്ദകരം  തന്നേ, സര്‍വ്വേശന്റെ  കരവിരുതില്‍ വിടര്‍ന്ന ആ  നിശ്ചല ദൃശ്യം എത്ര കണ്ടിട്ടും മാതിവരാത്ത പോലെ ..


മഞ്ഞും  മഴയും വെയിലും കാറ്റും കുളിരും രാമേട്ടന് ഒരേപോലെയാണ് .. വൈകീട്ട് അന്നന്നത്തെ അന്നത്തിനായി ചന്തയില്‍ പോകാതെ വയ്യ .. ഇന്ന് തൊടിയില്‍ നിന്ന് കിട്ടിയത് ഒരു കായക്കുല മാത്രം ..അതുമായി പതിവുപോലെ ..


മഴതോര്‍ന്ന്  മരം പെയ്യുന്ന സായന്ദനങ്ങളില്‍ ഉല്ലാസത്തോടെയുള്ള  ഈ മടക്കയാത്രക്കിടയില്‍ വണ്ണാത്തിക്കിളിയുടെ കൂട് മഴയത്ത് താഴെവീണോ ! കാട്ടുചെമ്പകം പൂത്തോ ? മലവെള്ളമെങ്ങാനും പൊങ്ങിയോ എന്നുതുടങ്ങിയ കുതൂഹലതകള്‍ ... നിറഞ്ഞു കവിഞ്ഞു കിടക്കുന്ന പാടത്തെ തൈ തെങ്ങുകളിലൂടെ  ഒഴുകിയിറങ്ങുന്ന മഴയുടെ നൈര്‍മല്യം ..ഗ്രാമങ്ങള്‍ക്ക്  മാത്രം സ്വന്തമായ ചേതോഹരങ്ങളായ  കാഴ്ചകളിലേക്ക് വഴുക്കലുള്ള പാടവരമ്പിലൂടെ ..


ഇന്ന് കഥകളിലും കവിതകളിലും മാത്രം വായിച്ചറിയാനാവുന്ന എന്നോ എവിടേയോ വേരറ്റ് പോയ  വഞ്ചിപ്പാട്ടുകള്‍ക്ക്  കാതോര്‍ത്ത് കാത്തിരിക്കുമ്പോള്‍ കാലത്തിനപ്പുറത്തു നിന്നും നേര്‍ത്ത തണുപ്പ് തന്ത്രികളില്‍ മീട്ടി  മൂളക്കം പാടുന്നു ..എലേലോ .എലേലോ.എലെലമ്മാ ..ഏലേലോ.....
*ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍ & ഫേസ്ബുക്ക് .

LinkWithin

Related Posts Plugin for WordPress, Blogger...