Aug 19, 2012

രണ്ട് പെരുന്നാളുകള്‍ക്കിടയില്‍ സംഭവിച്ചത് !

പെരുന്നാള്‍രാവല്ലേ എല്ലാ വര്‍ഷത്തേയും പോലെ കുറച്ചു മൈലാഞ്ചിയരച്ചു കയ്യിലിട്ടേക്കാമെന്നുകരുതി ചുന്നക്കുട്ടിയെയും പടിഞ്ഞാറേ വീട്ടിലെ ആച്ചിമോളേയും കൂട്ടി പുറത്തെക്കൊന്നിറങ്ങിയതെയുള്ളൂ..അത് കാത്തിരുന്നത് പോലെ  ഉടനെ വന്നു ഉമ്മച്ചിയുടെ പിന്‍വിളി..

"എടി നീയിപ്പോ ചെറിയ കുട്ടിയൊന്നുമല്ല...പഴയപോലെ മൈലാഞ്ചി പൊട്ടിക്കാനെന്നും പറഞ്ഞ് നാട് മുഴുവന്‍ തെണ്ടലൊന്നും ഇനി ശെരിയാവില്ല..അടങ്ങിയൊതുങ്ങി ഒരു ഭാഗത്തിരുന്നെ.."
അത് കേട്ടതോടെ അതുവരെ മനസ്സില്‍ കത്തിനിന്നിരുന്ന സര്‍വ്വ ഉത്സാഹങ്ങളും കെട്ടടങ്ങിയെങ്കിലും ആ ആത്ഞ്ഞ കേട്ട് അങ്ങനെ മിണ്ടാതിരിക്കാന്‍ നുമ്മടെ  സ്വഭാവം  വെച്ച് നമ്മക്കാവില്ലല്ലോ!
അപ്പൊ ചുന്നയും ആച്ചിയും ഫൌസിയും മറ്റും പോകുന്നതോ? ഒരു മറു ചോദ്യം കൊണ്ട് ഉമ്മച്ചിയെയൊന്നു മലര്‍ത്തിയടിക്കാന്‍ ശ്രമിച്ചുനോക്കിയതാണ് പക്ഷേ, പിടിച്ചതിലും വലുതായിരുന്നു മാളത്തിലെന്നു അതിനു കിട്ടിയ ഉമ്മച്ചീടെ റിപ്ലെയില്‍ നിന്ന് മനസ്സിലായി.
"നീ അവരെപ്പോലെ കുട്ടിയാണെന്നാ ഇപ്പോഴും വിചാരം? മര്യാദക്ക് ഞാന്‍ പറഞ്ഞത് അനുസരിച്ച് ആ ചൂലെടുത്ത്  അടുക്കളയും വാരാന്തയുമൊക്കെ ഒന്നടിച്ച്‌വാരിയിട് ..അത് കഴിഞ്ഞ് ആ പച്ചക്കറിയൊക്കെ ഒന്നരിഞ്ഞു വെക്ക്.. നിന്‍റെയൊരു മൈലാഞ്ചിയും  ഫേസ്ബുക്കും ഒലക്കേലെ ഒരു ബ്ലോഗും നീ കണ്ടോ എല്ലാം ഞാന്‍ അവസാനിപ്പിക്കുന്നുണ്ട്.."
ഇത്തരം ആത്ഞ്ഞകളും  ഭീഷണികളും  കേള്‍ക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ അഞ്ചെട്ടു മാസമായി ,കഴിഞ്ഞ പെരുന്നാള് വരെ ഈ വക യാതൊരു കുഴപ്പവും ഇല്ലായിരുന്നു. തള്ളേ ..കലിപ്പുകള് തീരണില്ല കേട്ടാ .
കഴിഞ്ഞകൊല്ലം വരെയുള്ള പെരുന്നാളുകള്‍ എനിക്ക്  ആഹ്ലാദത്തിന്റെയും ഉത്സാഹത്തിന്റെയും നാളുകളായിരുന്നു. പെരുന്നാളുകള്‍മാത്രമല്ല ഓണവും വിഷുവും കൃസ്തുമസ്സും നബിദിനവും കുടുംബക്കാരുടെയും ബന്ധുക്കാരുടെയും കല്യാണങ്ങളും വിരുന്നുകളും ജന്മദിനങ്ങളും, പൂരങ്ങളും ചന്ദനക്കുടങ്ങളും എന്തിനേറെപറയുന്നു ഹര്‍ത്താലുകളും മറ്റു പൊതു അവധിദിനങ്ങള്‍പോലും ആഘോഷങ്ങളുടെ പൊടിപൂരമായിരുന്നു.
പെരുന്നാള്‍  പോലുള്ള പ്രധാന ആഘോഷങ്ങളിലെ പ്രധാനകാര്യപരിപാടി എന്നത് കുടുംബത്തിലെ എളുപ്പം മനസ്സലിയുന്ന ആരെയെങ്കിലും നന്നായി സോപ്പടിച്ച് ലേറ്റസ്റ്റ്‌ ഡ്രസ്സ്‌ ഒരെണ്ണം സംഘടിപ്പിക്കുക എന്നതാണ്, അതിന് മിക്കവാറും ഇരയാകാറുള്ളത് എന്റെ പ്രിയപ്പെട്ട മാമന്മാരോ  മാമിമാരോആണ് . ആ ഉദ്ദേശം ലക്ഷം കണ്ടാല്‍ അടുത്ത കലാപരിപാടി ആഘോഷത്തിന്റെ  തലേന്നത്തെ രാത്രി മൈലാഞ്ചി രാവാക്കലാണ്.  അതിന്നായി  ചുറ്റുപാടുകളില്‍  നിന്നുള്ള  മിക്കവാറും വീടുകളില്‍ നിന്നും  മൈലാഞ്ചി സംഘടിപ്പിക്കലും അത് അരച്ചെടുക്കലും പിന്നെതാത്തമാരോടും ഉണ്ണികളോടും കൂട്ടുകാരികളോടും കൂടി വട്ടം കൂടിയിരുന്ന് കൈവെള്ളകളില്‍ പല  പല ഡിസൈനുകളില്‍ അത് തേച്ച് പിടിപ്പിക്കലുമാണ് ,അതോടൊപ്പം  പൂത്തിരി ,കമ്പിത്തിരി  മത്താപ്പ്, വാണം, അമിട്ട് , മേശപ്പൂ  മാലപ്പടക്കം തുടങ്ങിയവയോട് കൂടിയ ചിന്ന  വെടിക്കെട്ടും കൂടിയാവുമ്പോള്‍  സംഭവം  ബഹുജോറായി , ആഘോഷദിനത്തില്‍ എന്തായാലും   സ്കൂള്‍ ഉണ്ടാവില്ല എന്നതിനാല്‍ തലേന്നത്തെ രാത്രികള്‍ മിക്കവാറും ശിവരാത്രികള്‍ ആകാറാണ്  പതിവ്. പകല്  സുഖമായി കിടന്നുറങ്ങാല്ലോ ! പിന്നെ അയല്‍ വീടുകളിലൊക്കെ പോയി എല്ലാവരെയും കണ്ടു വിശേഷങ്ങളൊക്കെ അന്യോന്യം കൈമാറി അങ്ങനെ ആര്‍ത്തുല്ലസിച്ചു നടക്കുന്ന സുഖമാണ്  ഇപ്പോള്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നത്.
കഴിഞ്ഞ മാസത്തിലും  ഇതുപോലെ എന്നെ കിടുകിടെ ഞെട്ടിച്ച ഒരു സംഭവമുണ്ടായി, അവധി ദിവസങ്ങളില്‍ വീട്ടിലിരുന്നു ബോറടിക്കുമ്പോള്‍ വീടിനടുത്തുള്ള പാടവരമ്പിലൂടെ ഒരു കറക്കം പതിവുണ്ടായിരുന്നു. അവിടെ നടക്കുന്ന കൊയ്തോ ഞാറുനടീലോ കന്നുപൂട്ടോ മറ്റോ കണ്ട് നീണ്ടു പരന്നുകിടക്കുന്ന; കണ്ടാലും കണ്ടാലും മതിവരാത്ത പച്ചപ്പ് നിറഞ്ഞ വയലിന്റെ ഭംഗി ആസ്വദിച്ചു  നടക്കാന്‍ നല്ല രസമായിരുന്നു.കുറച്ചു ദിവസം മുമ്പ് അങ്ങനെ ഒന്ന് നടക്കാനിറങ്ങിയപ്പോഴാണ് ഞങ്ങടെ അയല്‍വീട്ടുകാരായ അയമുക്കായും കുഞ്ഞുക്കായും എന്നെ വഴക്ക് പറഞ്ഞു അവിടെനിന്നും ഓടിച്ചത്
"എന്താപ്പോ  ഇത് കഥ! നീ വല്യ പെണ്ണായില്ലേടീ..ഇനിപ്പോ ഒറ്റക്കും തെറ്റയ്ക്കും ഇങ്ങനെയൊന്നും ഇറങ്ങി നടക്കരുത് ..ഈ കാലം വല്ലാത്തൊരു കാലാണ് പെണ്ണേ..പോ ..പോ. വീട്ടീ പോടീ ..ഇനീ ഈ വഴിക്കൊന്നും കണ്ടു പോകരുത്.."
അവര് പറഞ്ഞ ആ വര്‍ത്താനം കേട്ട് ഞാന്‍ ശെരിക്കും ചമ്മി നാശകോശമായിപ്പോയി അത് കണ്ടും കേട്ടും  ചിരിക്കാന്‍ പാടത്തെ പണിക്കാരി പെണ്ണുങ്ങളും കൂടി കൂടിയപ്പോള്‍ നാണക്കേടിന്റെ കട്ടി പത്തിരട്ടിയായെന്ന് പറഞ്ഞാ മതിയല്ലോ.
അങ്ങനെ അത്തരം പരിപാടികള്‍ അതോടെ നിറുത്തി , വേണ്ടപ്പെട്ടവരുടെ വാക്ക് കേള്‍ക്കാത്തവളെന്ന പേര് കേള്‍പ്പിക്കരുതെല്ലോ! അദ്ദാണ്.
അപ്പൊ ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് , രണ്ട് പെരുന്നാളുകള്‍ക്കിടയില്‍ സംഭവിച്ചത് ഇതൊക്കെയാണ്, അതുകൊണ്ട് ഇനിയിപ്പോ കാര്യമായി ഞമ്മള്‍ പുറത്തോട്ടുള്ള കറക്കമൊന്നും ഉണ്ടാവില്ല , ഇനിയങ്ങോട്ടുള്ള ആഘോഷങ്ങള്‍ക്കൊന്നും പഴയ ആ ഒരു സുഖവും ഉല്ലാസവും ആര്‍മ്മാദവും  ഉണ്ടാവില്ല എന്നൊരു തോന്നല്‍ , അതൊക്കെ ആലോചിക്കുമ്പോള്‍ മനസ്സില്‍ എന്തിനെന്നറിയാത്തൊരു നൊമ്പരം ഉറഞ്ഞുകൂടുന്നു. എന്നെന്നും ആ എട്ടും പന്ത്രണ്ടും വയസ്സിന്നിടയിലങ്ങനെ സ്റ്റക്കായി നിന്നാമതിയാരുന്നു , എവിടെയും എപ്പോഴും  പോകാനും എന്ത് ചെയ്യാനും സ്വാതന്ത്രമുള്ള  കുട്ടിക്കാലം ,അതുതന്നെയായിരുന്നു നല്ലത് , ഇപ്പോഴാണെങ്കില്‍എന്തിനും ഏതിനും വിലക്കാണ്,  അത് ചെയ്യരുത്, ഇത് പറയരുത്, അങ്ങോട്ട്‌ പോവരുത് ,ഇങ്ങോട്ട് നോക്കരുത് അങ്ങനെ അങ്ങനെ തൊട്ടതിനും പിടിച്ചതിനുമെല്ലാം നൂറുകണക്കിനാണ് ബ്ലോക്കുകള്‍ ,അക്കാര്യത്തിലാണെങ്കില്‍ എല്ലാ വേണ്ടപ്പെട്ടവരും ഒറ്റക്കെട്ടാണ് താനും,തമ്മില്‍ ഭേദം  തൊമ്മന്‍  എന്ന് പറഞ്ഞപോലെ  ഉപ്പച്ചി മാത്രമാണ്  അതില്‍ നിന്നും അല്‍പ്പം വേറിട്ട്‌ നില്‍ക്കുന്നത് , വിവരമില്ലാത്തോര്  എന്താണെന്ന് വെച്ചാ  പറഞ്ഞോട്ടെ  നീ മൈന്‍ഡ്  ചെയ്യണ്ട  എന്നാണ്  മൂപ്പരുടെ പക്ഷം, പക്ഷേ  അത് ഇനി ദൂരെ ഇരുന്നോണ്ട്  ചീത്ത പറയണ്ട  എന്ന വിചാരം കൊണ്ടാണോ ആവോ!  നാട്ടിലെത്തിയാല്‍ അറിയാം ശെരിക്കുള്ള കോലം ,  എന്റെ ഇപ്പോഴത്തെ  ടെന്‍ഷന്‍  അതല്ല  ഇനി ഉമ്മച്ചി പറഞ്ഞപോലെ ബ്ലോഗും ഫേസ്ബുക്കും കൂടി ഉപരോധത്തിന്‍റെ പട്ടികയില്‍ പെടുത്തിയാല്‍പിന്നെ എന്തുചെയ്യുമെന്ന മുടിഞ്ഞ ചിന്തയാണ്  മുഴുവന്‍ സമയവും , ആ..! നോക്കട്ടെ  ..നുമ്മടെ  ബുദ്ധിയില്‍ എന്തെങ്കിലും തെളിയാതിരിക്കില്ല ..ഹല്ല പിന്നെ .
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും  എങ്ങനെയൊക്കെ ബ്ലോക്കിയാലും  ഒരു വരവും കൂടി നുമ്മ വരേണ്ടി വരും ..കാരണം സൈനുവിന്റെ  കഥ ഏകദേശം പൂര്‍ത്തിയായിരിക്കുന്നു .അടുത്ത വരവ് അതുമായിട്ടു തന്നെ ..
എന്റെ  എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹം നിറഞ്ഞ  പെരുന്നാള്‍ ആശംസകളോടെ ഇതിവിടെ തല്‍ക്കാലം നിറുത്തുന്നു ..വീണ്ടും സന്ദിപ്പും വരെ  നന്ദ്രി , നമസ്ക്കാരം..എന്ന് നിങ്ങളുടെ സ്വന്തം നേന.

LinkWithin

Related Posts Plugin for WordPress, Blogger...