Sep 26, 2012

ആച്ചിയമ്മയും മക്കളും.

കഴിഞ്ഞ മാസാവാസാനത്തിലാണ് അതിദാരുണമായ ആ സംഭവം നടന്നത്, എന്റെ ഓര്‍മ്മ ശെരിയാണെങ്കില്‍ അന്നൊരു തിങ്കളാഴ്‌ചയായിരുന്നു, എന്നത്തേയും പോലെ അന്നും  ഞാന്‍  സ്കൂളില്‍ പോവുകയും വരികയും ചെയ്തു , സ്കൂളിലായിരുന്നെങ്കില്‍ അന്ന് പതിവിലും കൂടുതല്‍ ബോറായിരുന്നു കാര്യങ്ങള്‍ , ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ സക്കീനമിസ്സ്‌  അവധിയായിരുന്നത് കൊണ്ട് മാത്രമല്ല മൂന്നു പിരീഡ് നീണ്ടു നിന്ന മാത്സ് ക്ലാസ്സ്  കുറച്ചു കടന്ന കയ്യായിപ്പോയില്ലേന്നൊരു സംശയം !പക്ഷേ ഫഹദ് സാറിനോട് അക്കാര്യം പറഞ്ഞാല്‍ ചെവി പൊന്നായത് തന്നെ
 എന്നറിയാമായിരുന്നത്കൊണ്ട്  സംഭവം  അങ്ങോട്ട്‌  സഹിച്ചിരുന്നു ,  അല്ലെങ്കിലേ  സാറ് എപ്പോഴും പറയാറുള്ളതാണ് കണക്കിന്റെ കാര്യത്തില്‍ നീ  വെറും കണക്കാണെന്ന് , ഈ ജോമെട്രിയും ആള്ജിബ്രയും പ്രോബ്ലോം തീര്‍ക്കലും റൂട്ട് കാണലുമൊക്കെ വെറുതെ മനുഷനെ മിനക്കെടുത്താനായി ഇതില്‍ ഉണ്ടാക്കിവെച്ചിരിക്കുന്നത്  എന്തിനാണാവോ ! ശെരിക്കും പറഞ്ഞാല്‍ പ്ലസ്സും മൈനസും കൊണ്ട് തീര്‍ക്കാവുന്ന കാര്യങ്ങളേയുള്ളൂ ഈ കണക്കില്‍ .. ഇനി വേണോങ്കില്‍ മള്‍ട്ടിപ്ലയും ഡിവിടെന്റും കൂടി ആയിക്കോട്ടെ , ഇവ കൂടാതെയുള്ള സകലമാന ഏടാകൂടങ്ങളും മാത്സില്‍ നിന്നും ഒഴിവാക്കണമെന്നാണ് എന്റെ അതിശക്തമായ അഭിപ്രായം . ഇക്കാര്യം ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണെങ്കിലും ഒരിക്കല്‍ കൂടി ഊന്നിപ്പറയുവാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.
 ഞാന്‍ പഠിക്കുന്ന സ്കൂളിലേക്ക്  വീട്ടില്‍ നിന്നും മൂന്നു മൂന്നര  കിലോമീറ്റര്‍  ദൂരമുണ്ട്  അതുകൊണ്ട്  പോക്കും വരവുമെല്ലാം സ്കൂള്‍ ബസ്സിലാണ്, രാവിലെ എട്ടുമണിയോടെ പോയി വൈകീട്ട് നാലരയോടെ  തിരിച്ചെത്തുകയുമാണ്‌ പതിവ്, എന്നാല്‍ എന്റെ അനിയത്തി പ്പാറുക്കുട്ടിയായ ചുന്നാസിന്റെ  സ്കൂള്‍ അരകിലോമീറ്ററിലും  കുറഞ്ഞ ദൂരത്തായതിനാല്‍ അവള്‍ സൈക്കിളിലാണ്‌ യാത്രകള്‍ , അതുകൊണ്ട് എന്നേക്കാള്‍ വൈകി പോവുകയും നേരത്തെ എത്തുകയും ചെയ്യും ,സ്കൂളില്‍ നിന്നും എത്തിയ ഉടനെ അവളാര്‍ക്ക്  ബിസ്ക്കറ്റ്, കേക്ക്, നേന്ത്രപ്പഴം, നൂഡില്‍സ് തുടങ്ങിയ ഏതെങ്കിലും ഒരു കടിയോട് കൂടിയ ചായ നിര്‍ബന്ധമാണ്, ഞാന്‍ സ്കൂളില്‍ നിന്നും എത്തുമ്പോഴേക്കും  കടിയുടെ തൊണ്ണൂറു ശതമാനവും മൂപ്പത്തി അകത്താക്കിയിരിക്കും, ബാക്കി  പത്തു ശതമാനം കൊണ്ട് തൃപ്തിപ്പെടുകയല്ലാതെ  മറ്റു മാര്‍ഗ്ഗമൊന്നും  പാവപ്പെട്ട  എന്റെ  മുന്നിലില്ല ,അതെചോല്ലി എന്തെങ്കിലും ഒടക്കുണ്ടാക്കിയാല്‍ അടുത്ത ദിവസം പത്തു ശതമാനമെന്നത് അഞ്ചോ അതില്‍ കുറവോ ആവുമെന്നതിനാല്‍ അങ്ങനെയുള്ള സാഹസത്തിനൊന്നും  ഞാന്‍ മുതിരാറില്ല ,മാത്രവുമല്ല ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങളില്‍ നിന്നും എപ്പോഴും ഒഴിഞ്ഞു നില്ക്കുന്നതാണല്ലോ ബുദ്ധി ! ഏത് ?
അതൊക്കെ അങ്ങനെ കിടക്കട്ടെ നമുക്ക് കാര്യത്തിലേക്ക് കടക്കാം.. അന്ന്, അതായത് ആ അതിദാരുണമായ  സംഭവം നടന്ന ദിവസം രാവിലെ ഞാന്‍ സ്കൂളിലേക്ക്  പോകുമ്പോഴുള്ള അന്തരീക്ഷമായിരുന്നില്ല തിരിച്ചെത്തിയപ്പോള്‍  വീട്ടില്‍ കണ്ടത്, ചുന്നാസ് ശോകമൂകയായി സോഫയുടെ ഒരു മൂലയില്‍ ആടിക്ക് കയ്യുംകൊടുത്ത് വളഞ്ഞുകുത്തി ഇരിക്കുന്നു,യൂണിഫോം പോലും  മാറ്റിയിട്ടില്ലായിരുന്നു , സ്കൂള്‍ ബേഗ്  ലഞ്ച്കിറ്റ്   വാട്ടര്‍ ബോട്ടില്‍  തുടങ്ങിയവ സോഫയില്‍ അങ്ങിങ്ങായി   കിടക്കുന്നു, അവളുടെ മുന്നിലുള്ള ടീപ്പോയില്‍ ചായയും കടികളും യാതൊരു കേടുപാടുകൂടാതെയും ഇരിപ്പുണ്ട്, ടീപ്പോയിയുടെ ഒരു  സൈഡിലായി ചുന്നാസിനെയും അവളുടെ മുന്നിലിരിക്കുന്ന കടികളിലെക്കും മാറി മാറി  നോക്കിക്കൊണ്ട്‌  ടിന്റുമോനും ഇരിപ്പുണ്ട്, അവന്റെ മുഖത്തും അല്‍പ്പം ശോകഭാവമുണ്ട്  ചുന്നാടെ  കയ്യില്‍നിന്നും  കടിയുടെ വീതം  കിട്ടാത്തതാണ്  ആ ശോകത്തിന് കാരണമെന്ന്  പിടികിട്ടിയെങ്കിലും  ചുന്നാസിന്റെ ആ  ഒന്നൊന്നര ഇരിപ്പിനെ കുറിച്ച് ഒരു ഊഹവും കിട്ടിയില്ല, ടിന്റുമോനെന്ന് പറഞ്ഞാല്‍ ചുന്നാസിന്റെ പ്രിയ പൂച്ചക്കുട്ടന്‍, (ഉണ്ണിക്കുട്ടനെന്ന മായാവിയായ ടിന്റുമോനെക്കുറിച്ച്  പറയുകയാണെങ്കില്‍ ഇക്കഥ ഇവിടെയൊന്നും നിക്കില്ല, ചുരുക്കിപ്പറയുകയെന്നതും എളുപ്പമുള്ളകാര്യമല്ല  അതുകൊണ്ട്  കൂടുതലറിയണമെന്നുള്ളവര്‍ക്ക്   ഇവിടെ  ക്ലിക്കി വായിക്കാം)
 "എന്ത് പറ്റിയെടീ..നിന്റെ കപ്പല് മുങ്ങിയോ? ചുന്നാസിനെ പതിവായി ചൂടാക്കാറുള്ള ആ ചോദ്യം കേട്ടിട്ടോന്നും അവള്‍ക്ക് ഒരു അനക്കവും കണ്ടില്ല, എന്ത്പറ്റി ഇവള്‍ക്ക്! ഏതെങ്കിലും ടീച്ചറുമായോ  കുട്ടികളുമായോ ഉടക്കിയിരിക്കും.പക്ഷേ ,അതൊക്കെ പതിവ് പരിപാടികളാണല്ലോ ,അക്കാരണത്താല്‍ ചായ കുടിക്കാതിരിക്കാനുള്ള യാതൊരു  വകുപ്പും കാണുന്നില്ല.. പിന്നെ എന്താവും ഇവളുടെ ഈ മൂഡോഫിന് പുറകില്‍  !ജിജ്ഞാസ കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ എന്ന അവസ്ഥയിലായിപ്പോയി ഞാന്‍  , ഈ നിരാഹാര മൌന ശോകമൂകഭാവത്തിന്റെ കാരണം ഒന്നന്വേഷിക്കാന്‍  ഉമ്മച്ചിയെയും അവിടെ ചുറ്റുപാടിലൊന്നും കണ്ടതുമില്ല,  ഞാന്‍ ആലോചനയോടെതന്നെ വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു , അവിടെ എത്തിയപ്പോഴാണ്  പറമ്പിന്റെ ഒഴിഞ്ഞ  ഒരു മൂലയിലായി ഉമ്മച്ചിയും ഇത്തമ്മയും തെക്കേലെ ശാന്തേച്ചിയും  പിന്നെ അണ്ണാച്ചി കുമാരുവും നില്‍ക്കുന്നത് കണ്ടത് , കുമാരു കൈക്കോട്ടു കൊണ്ട് ഒരു കുഴിയെടുത്തു കൊണ്ടിരിക്കുകയാണ് , അങ്ങോട്ട്‌ തിടുക്കത്തില്‍ നടക്കുമ്പോഴാണ്   എന്നെ അതികഠിനമായി ഞെട്ടിച്ച അതിദാരുണമായ ആ കാഴ്ച ഞാന്‍ കണ്ടത്! അന്ന് രാവിലെ പോലും കൊ കൊ കൊ കി കി കി എന്ന്  താളത്തില്‍ കൊക്കി   മുറ്റത്തും പറമ്പിലും ചിക്കിച്ചികഞ്ഞു  കൊത്തി പെറുക്കി നടന്നിരുന്ന ചുന്നാസിന്റെ  ആച്ചിയമ്മയും കുറേ  മക്കളും ചതഞ്ഞരഞ്ഞ്‌  ജീവനറ്റ് ഒരു വള്ളിക്കൊട്ടക്കുള്ളില്‍ കിടക്കുന്നു , കുറച്ചു കുഞ്ഞുങ്ങള്‍ പീകോ പീകോ എന്ന് ദീനദീനം കരഞ്ഞ് കൊട്ടക്ക്  ചുറ്റിലും നില്‍പ്പുണ്ട് , ആ ആ കാഴ്ച കൂടുതല്‍ നേരം കണ്ടു നില്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല , അതോടെ ആരോടും ചോദിച്ചറിയാതെ തന്നെ  ചുന്നാടെ ദുഖത്തിന്റെ കാരണം എനിക്ക് മനസ്സിലായി , ഒന്നൊന്നര കൊല്ലമായി ചുന്നാടെ പ്രിയപ്പെട്ടവളായിരുന്നു ആച്ചിയമ്മ , അവളുടെ പ്രിയ ആഹാരങ്ങളായ  കേക്കും ബിസ്ക്കറ്റും ജിലേബിയും ചോക്ക്ലേറ്റും  വരെ കൊടുത്താണ് ആച്ചിയമ്മയെ ചുന്ന വളര്‍ത്തിക്കൊണ്ട് വന്നത് , കാലില്‍ തന്റെ പൊട്ടിയ കൊലുസിന്റെ കഷ്ണവും വിരലുകളില്‍ ക്യുട്ടക്സും  തന്റെ പ്രിയപ്പെട്ട ആച്ചിയമ്മക്ക്‌ അവള്‍ ഇട്ടുകൊടുത്തിരുന്നു , ഒന്നര മാസം മുമ്പാണ് ആച്ചിയമ്മയെ മുട്ട വിരിയിക്കാന്‍ അട വെച്ചത് , തുടക്കത്തില്‍ പതിനഞ്ച് മുട്ടകളാണ് വെച്ചിരുന്നത്, ഒരഞ്ചാറു ദിവസം കഴിഞ്ഞുനോക്കുമ്പോള്‍ മുട്ടയുടെ എണ്ണം ഇരട്ടിയായത് കണ്ട്  ഉമ്മച്ചി കാരണം തിരക്കിയപ്പോഴാണ്‌  മറ്റു കോഴികള്‍ ഇടുന്ന മുട്ടകള്‍ അടിച്ചു മാറ്റി ചുന്ന കൊണ്ടുവന്നുവെച്ചതാണെന്ന് മനസ്സിലായത്‌ , അവള്‍ക്കു കഴിക്കാന്‍ കൊടുത്ത നാല് പുഴുങ്ങിയ മുട്ടകളും അക്കൂട്ടത്തില്‍ ഉമ്മച്ചി കണ്ടെത്തിയിരുന്നു . അങ്ങനെ നീണ്ട ഒരുമാസത്തെ കണ്ണിലെണ്ണ ഒഴിച്ചുള്ള കാത്തിരിപ്പിന്നൊടുവില്‍ ഒന്നൊന്നര ആഴ്ച മുമ്പാണ് എന്തോ മഹാത്ഭുതം പോലെ ചുന്ന വെച്ച മുട്ടകള്‍ ഉള്‍പ്പെടെ ഇരുപത് കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത് . ഓരോ കുട്ടിക്കും ഓരോ പേര് അതിനകം ചുന്ന കണ്ടെത്തിക്കഴിഞ്ഞിരുന്നു , ചക്കി ,ചക്കന്‍ , ടിങ്കന്‍, ടിങ്കി ,ടിങ്കു, ചങ്കരന്‍ ,ചങ്കരി തുടങ്ങിയവ അതില്‍ ചിലത് മാത്രം, ദിവസവും മൂന്നും നാലും നേരം ഉമ്മാടെ കണ്ണുവെട്ടിച്ച് എത്ര അരിയാണ് ചുന്ന അവക്ക് ഇട്ടു കൊടുത്തിരുന്നതെന്ന്  പറയാന്‍ വയ്യ, പത്തിരുപതു കുഞ്ഞുങ്ങളുമായി ആച്ചിയമ്മ അങ്ങനെ കൊക്കിച്ചിക്കി നടക്കുന്നത് കാണാന്‍ എന്തൊരു ചേലായിരുന്നു..ഇനിയിപ്പോ എന്ത് പറഞ്ഞിട്ടെന്ത്! എല്ലാം കഴിഞ്ഞില്ലേ .. ?
മൂന്നു മണിയോടെയാണത്രേ സംഭവം നടന്നത് , കുഞ്ഞഹമ്മദ്ക്കാടെ കടയുടെ മുന്നില്‍ വെച്ച് ടിപ്പര്‍ ലോറിയുടെ അടിയില്‍ പെട്ട ആച്ചിയമ്മയുടെ ജീവന്‍ തല്‍ക്ഷണം നഷ്ടപ്പെട്ടെന്നും, കുഞ്ഞുങ്ങളില്‍ ചിലതിന് കുറച്ചു നേരം ജീവനുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികളായ അബുക്കായും വാസുണ്ണിയേട്ടനും പറയുന്നു. കുഞ്ഞുങ്ങളില്‍ ഏഴെണ്ണമാണ് രക്ഷപ്പെട്ടിട്ടുള്ളത് , അതില്‍ മൂന്നെണ്ണത്തിന് ചില്ലറ പരിക്കുകള്‍ പറ്റിയിട്ടുണ്ട് ,എനിക്ക് ഓര്‍മ്മ വെച്ചശേഷം ഈ അഞ്ചെട്ട് കൊല്ലങ്ങള്‍ക്കിടയില്‍ എത്രയെത്ര കോഴികളും പൂച്ചകളും മറ്റും ഇങ്ങനെ ദുരന്തങ്ങള്‍ക്ക് ഇരയായിരിക്കുന്നു, പക്ഷേ ഇത് കുറച്ചു കടുത്ത അത്യാഹിതമായിപ്പോയി ..എന്ത് ചെയ്യാം ,എല്ലാം വിധി..അങ്ങനെ സമാധാനിക്കാം.
 അപ്പോഴും അമ്മയെ കാണാതെ വല്യവായില്‍ കരഞ്ഞു കൊണ്ടിരുന്ന ഒരു കുഞ്ഞിനെ ഞാന്‍ മെല്ലെ കയ്യിലെടുത്തു നോക്കി, മിനുസമുള്ള അതിന്റെ തൂവലുകളിലൂടെ വിരലോടിച്ചപ്പോള്‍ ദയനീയതയോടെ എന്റെ മുഖത്തേക്ക് നോക്കി ആ ഓമനക്കുഞ്ഞ് പീകോ പീകോ എന്ന് ചുണ്ട് പിളര്‍ത്തി പിന്നെയും കരഞ്ഞു ..അത് നോക്കി നിന്നപ്പോള്‍ കണ്ണില്‍ ഒരു നീര്‍തുള്ളി കിനിഞ്ഞിറങ്ങുന്നത് ഞാന്‍ ഹൃദയത്തില്‍  അറിഞ്ഞു.
നേരം  ഇരുട്ടിയിട്ടും ചുന്നാസിന്‍റെ വിഷമത്തിന് യാതൊരു കുറവും കാണാതെ വന്നപ്പോള്‍ ഉമ്മച്ചിയും ഇത്തമ്മയും അസ്മതാത്തയും മറ്റും പലതും പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, "മോളെ പോയത് പോയില്ലേ! ഇനിയിപ്പോ അതിനിങ്ങനെ വിഷമിച്ചിരുന്നിട്ടെന്താ കാര്യം?..നീ എണീറ്റ്‌ വല്ലതും കഴിക്കെടീ..നമുക്ക്  നാളെത്തന്നെ ഹഫ്സമാമീടെ അവിടുന്ന് രണ്ടോ മൂന്നോ കോഴികളെ ഇങ്ങോട്ട് കൊണ്ടുവരാം..പോരെ?" ഉമ്മച്ചി അത് പറഞ്ഞപ്പോള്‍ അവള്‍ മെല്ലെ തല തിരിച്ചു ഉമ്മച്ചിയെ ഒന്ന് നോക്കി " പിന്നെ അവളുടെ വായില്‍ നിന്നും വന്നത് ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു " ഞാനങ്ങോട്ടു പെട്ടെന്ന്  മരിച്ചു പോയാല്‍ ഉമ്മച്ചിക്ക്  മറ്റാരെയെങ്കിലും പകരമായി കിട്ടിയാല്‍ മതിയോ ?
അതിനെന്തു  മറുപടി പറയണമെന്ന് അറിയാതെയാണെന്ന് തോന്നുന്നു ഉമ്മച്ചി പെട്ടെന്ന് അകത്തേക്ക് പോയി. തൊട്ടുപുറകെ ഇത്തമ്മയും രംഗം വിട്ടു.
ചുന്നാസിന്റെ  ദുഃഖം കണ്ടിട്ടാവാം  പ്രകൃതിയുടെ കണ്ണീരുപോലെ അപ്പോള്‍ മെല്ലെ ഒരു മഴ ചാറാന്‍ തുടങ്ങിയിരുന്നു.


LinkWithin

Related Posts Plugin for WordPress, Blogger...