Nov 19, 2010

"ഒരു കൊച്ചു ചിത്രം "

ഞാന്‍ നേനാ സിദ്ധീക്ക്,
എന്നെ അറിയുന്നവരും പ്രിയപ്പെട്ടവരും നേന എന്ന് വിളിക്കും , ഉപ്പച്ചി മോളു എന്നും, ഉമ്മ  നേനാസേ എന്നും  താത്തമാരും മാമിമാരും കടുക്മണിയെന്നും എന്‍റെ ചുന്നമോള്‍  കോനത്താത്ത എന്നും വിളിച്ചു വരുന്നു , ഞമനെങ്കാടു ഐ. സി. എ ഇംഗ്ലീഷ് മീഡിയം  സ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്നു വയസ്സ് പന്ത്രണ്ടു തികയാന്‍ ആറുമാസം കൂടിയുണ്ട് , ഉപ്പ സിദ്ധീക്ക് തൊഴിയൂര്‍ ഒരു ചിന്ന എഴുത്തുകാരനും നിര്‍മ്മാതാവും ഒക്കെ ആയിരുന്നു ,കയ്യിലുള്ളത് പോയി കിട്ടിയപ്പോള്‍ അതൊക്കെ നിറുത്തി ഇപ്പോള്‍ ഖത്തറില്‍ ഒരു കമ്പനിയില്‍ ജോലിയും പിന്നെ ബ്ലോഗെഴുതുമായി കൂടിയിരിക്കുന്നു, മാലപ്പടക്കം ,എന്റെ വീതം, തൊഴിയൂര്‍ എന്നിങ്ങനെ ഒരു മൂന്നുനാലെണ്ണമുണ്ട്.
കൂടുതല്‍ പിന്നീട് വിശദമാക്കാം എന്‍റെ ഉമ്മയും ചെറിയൊരു എഴുത്തുകാരി ആയിരുന്നു ,  ആരാമം, ചന്ദ്രിക വാരിക, മഹിളാ ചന്ദ്രിക, കന്യക , വനിത, പൂങ്കാവനം തുടങ്ങിയ  പ്രസിദ്ധീകണങ്ങളില്‍ "ശൈല അഴിയത്ത്" എന്ന പേരിലും വിവാഹ ശേഷം "ശൈലാ സിദ്ധീഖ്" എന്ന പേരിലും  മുമ്പ് എഴുതിയിരുന്നു ,
ഇത്രയും ആമുഖം , ഇനി കാര്യത്തിലേക്ക് കടക്കാം , കഴിഞ്ഞ  ആറു മാസമായി ഞാന്‍ എന്‍റെ ഉപ്പയോട് പറയുന്നു എനിക്കൊരു ബ്ലോഗ്‌ ഉണ്ടാക്കിത്തരാന്‍ , പക്ഷെ, എന്താണെന്നറിയില്ല ഞാനിത് പറയുമ്പോഴൊക്കെ മൂപ്പര്‍ക്ക് വല്ലാത്ത ജോലിത്തിരക്കും ക്ഷീണവും(വെറും ജാഡയാണെന്ന് എനിക്കറിയാം എന്നാലും ബാപ്പയായിപ്പോയില്ലേ? എന്താ പറയ്വാ)
മാത്രോമല്ല , എന്നോട് ആളെ കൊച്ചാക്കുന്ന ഒരു ചോദ്യവും "ബ്ലോഗുണ്ടാക്കീട്ടു നിനക്കെന്തിനാ പുഴുങ്ങിതിന്നാനോ എന്ന്?"
അതോടെ എനിക്ക് വാശി കയറിയതിനു എന്നെ കുറ്റം പറയാമോ? ഞാനാരാ മോള്‍!  പോത്തും കുട്ടിയെ നീന്താന്‍ പഠിപ്പിക്കണോ!  മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ (  ഞാന്‍ ഓരോന്ന് എഴുതുന്നതും വരക്കുന്നതും കാണുമ്പോള്‍  എന്‍റെ ഉമ്മുമ്മ ഇടക്കിടെ പറയാറുണ്ടായിരുന്ന ഡയലോഗുകളാണ് ഞാന്‍ മേലെ ഉദ്ധരിച്ചത്)  , ഇനി ഒരു ബ്ലോഗുണ്ടാക്കിയിട്ടുതന്നെ കാര്യം എന്ന പിടിവാശിയോടെ രണ്ടു മാസമായി എന്‍റെ ഒരു ആങ്ങള ( മൂത്താപ്പയുടെ മകന്‍) അനസ്‌ ക്കാനെ പിടികൂടി ഒരു ഒഴിയാ ബാധയായി പുറകെ നടക്കാന്‍ തുടങ്ങിയിട്ട്, ഒടുവില്‍ കുറച്ചു ദിവസം മുമ്പ് ഇക്കാന്‍റെ ക്രിക്കറ്റ് ബാറ്റ് ഒളിപ്പിച്ചു വെച്ച് ഗെരാവോ ചെയ്തു  കാര്യം സാധിച്ചെടുത്തു.,.അതില്‍ ആദ്യത്തെ പോസ്റ്റ്‌ ഞാന്‍ പെയിന്റില്‍ വരച്ച ഒരു സീനറിയാണ് ..അത് ഇവിടെ ചേര്‍ക്കുന്നു ,കണ്ടു വിലയിരുതുമേല്ലോ!
എന്നെ ഒരു കുഞ്ഞനിയത്തിയുടെ സ്ഥാനത്തു കണ്ടു പ്രോത്സാഹിപ്പിക്കുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് സ്നേഹാദരങ്ങളോടെ എന്‍റെ കന്നി പോസ്റ്റ്‌ ഇവിടെ സമര്‍പ്പിക്കുന്നു..


LinkWithin

Related Posts Plugin for WordPress, Blogger...