Apr 16, 2011

"എന്തിനീജീവിതം? (കവിത)!"

സുനാമികളും ഭൂകമ്പങ്ങളും വരെ കണ്ടും കേട്ടും സഹിച്ചവരല്ലേ നമ്മള്‍, അതിലും വലുതൊന്നുമല്ല ഇതെന്നു സമാധാനിക്കാം, തലക്കെട്ടില്‍ കാണുന്നത് പോലെ  ഇതൊരു കവിതയാണ്, ഞെട്ടിയല്ലേ! ഞെട്ടും എനിക്കറിയാം, ഇവളത്രക്കായോ എന്നല്ലേ ആലോചിക്കുന്നത്, പക്ഷെ., അയ്യോ!അത് കേട്ടപ്പോഴേക്കും പോവ്വാണോ? പ്ലീസ്‌, നില്‍കൂന്നേ,  പറഞ്ഞുവരുമ്പോഴേക്കും സിസ്റ്റം ഓഫ്‌ചെയ്യാനും സൈറ്റ്‌ മാറ്റിപ്പിടിക്കാനുമൊക്കെ പോയാലോ! പേടിക്കണ്ടാ ഇതെന്‍റെ വകയല്ലന്നേയ്, ഇത് എന്‍റെ പ്രിയപ്പെട്ട നസ്മിതാത്താടെ വക ഒരു ഇടിവെട്ട്‌ സാധനമാണ്, കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല, എന്‍റെ നേരെ മൂത്ത ഈ താത്താനെക്കുറിച്ച് മുമ്പൊരു പോസ്റ്റില്‍ ഞാന്‍ എഴുതിയിട്ടുണ്ട്, ആ..  അത് തന്നെ, മൈലാഞ്ചി ഡിസൈനിംഗില്‍ ഡിപ്ലോമ എടുത്തെന്ന ആ ഒരു വിചാരവുമായി നടക്കുന്ന...ആ കക്ഷി തന്നെ, പിടികിട്ടിയല്ലേ! ഇനി കിട്ടിയില്ലെങ്കില്‍ ഇവിടെ ഞെക്കി വായിച്ചോളീം.. 
ഈ വര്‍ഷം പ്ലസ്‌ ടു എക്സാംഎഴുതി വിധി കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ് ഇപ്പോള്‍ .ഇക്കഴിഞ്ഞ  സ്കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ കവിതാ രചനക്ക് സ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനവും ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും കിട്ടിയതാണ്  ഈ ഗിണ്ടാമന്‍ രചന,  ഇതുപോലെ കുറെയെണ്ണം വേറെയും കക്ഷി എഴുതിവെച്ചിട്ടുണ്ട്, അതൊക്കെക്കൂടി വായിച്ചാല്‍ ഉള്ള ബുദ്ധികൂടി ഗോപിയായിപ്പോകുമോ എന്ന സംശയമുള്ളതിനാല്‍ ഈ ഒരെണ്ണം കൊണ്ടുതന്നെ തല്‍ക്കാലം നമുക്ക് സുല്ലിടാം. ഈ മത്സരത്തില്‍ രചനക്ക് സംഘാടകര്‍ കൊടുത്ത വിഷയം "ജീവിതം ഒരു നിലവിളി"എന്നും താത്ത എഴുതിയ കവിതയുടെ തലക്കെട്ട്‌ "എന്തിനീ ജീവിതം"എന്നുമാണ്, രണ്ടു കൂട്ടര്‍ക്കും എന്തൊരു ഭാവന അല്ലെ?                                                                                                                                                   (രണ്ടാം വയസ്സിലെ താത്ത)
ജില്ലാ തലത്തിലൊക്കെ സമ്മാനം കിട്ടിയതല്ലേ ഭയങ്കരമാണ ഒരു കിടിലന്‍ സംഭവമൊക്കെ ആയിരിക്കുമെന്ന് കരുതി അപ്പോഴത്തെ ഒരാവേഷത്തിനു ഇതെന്‍റെ ബ്ലോഗ്ഗില്‍ ചേര്‍ക്കാം എന്ന് ഞാന്‍ പറഞ്ഞും പോയി, അല്ലെങ്കില്‍ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി അതില്‍ ചേര്‍ക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്, രണ്ടാമത് പറഞ്ഞ  പരീക്ഷണത്തിന്‌ ഇട നല്‍കാതിരിക്കുന്നതാണ് ബുദ്ധി  എന്നെനിക്ക് തോന്നിയത് കൊണ്ടാണ് ഈ വഴി തന്നെ ആവാമെന്ന് വെച്ചത്, എന്നാല്‍ അണ്ടിയോടടുത്തപ്പോഴല്ലേ മാങ്ങയുടെ പുളി അറിയുന്നത്! ഇത് വായിച്ചുകഴിഞ്ഞപ്പോള്‍ ഇതിന്‍റെ വിഷയം പോലെ ജീവിതം ഒരു നിലവിളി ആയിപ്പോകുമോയെന്നും, തലക്കെട്ടുപോലെ എന്തിനീ ജീവിതമെന്നും തോന്നിപ്പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളു!,  നിങ്ങള്‍ക്ക് എന്ത് തോന്നുമോ ആവോ? പിന്നെ എന്തായാലും വാക്ക് കൊടുത്തു പോയതല്ലേ, നമ്മുടെ കോഞ്ഞാട്ട നേതാക്കളെപ്പോലെ നാഴികക്ക് നാല്‍പ്പതുവട്ടം വാക്ക് മാറ്റിപ്പറയുന്ന ശീലം ഒരു പാവം സാധാ പൌരിയായ എനിക്ക് ഇല്ലാത്തതിനാല്‍ ആ സാഹസം ചെയ്യാന്‍ തന്നെ തീരുമാനിച്ചു,  ഇതും കൂടി നിങ്ങള്‍ സഹിച്ചേ പറ്റൂ.. ഇനി ആര്‍ക്കും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കാതെ ഞാന്‍ ശ്രദ്ധിച്ചോളാം, ഇത്തവണത്തെക്ക് മാപ്പാക്ക്.
ഈ കവിതാ രചനാ മത്സരത്തിന് ജഡ്ജസ് ആകാനുള്ള യോഗ്യത എന്താണോ ആവോ? ആ.. ആര്‍ക്കറിയാം! എന്തായാലും ഇതോടെ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ആ ഒരു ആവേശം തണുത്തുറഞ്ഞു ഐസ്കട്ട പോലെ ആയിപ്പോയെന്നു പറയാം,  അത്ര തന്നെ.
എന്തുകണ്ടിട്ടാണെന്നു മനസ്സിലാവുന്നില്ല മൂപ്പത്തീടെ ടീചേര്‍സും ഫ്രണ്ട്‌സും പിന്നെ ചില ബന്ധുമിത്രാദികളും ഇതിനെ വല്ലാതെ പൊക്കിപ്പറയുന്നത് കേള്‍ക്കുന്നു, ഉപ്പച്ചിയാവട്ടെ ഈ കവിത വായിച്ച്നോക്കിപറഞ്ഞ അഭിപ്രായം  ഇത്  കണ്ട്രാസത്തില്‍ കുണ്ട്രാസമാണ് മോളെ എന്നാണ് , മാത്രോമല്ല ഇത് ഒരൊന്നൊന്നര കവിതയാണെന്നും നമുക്ക് ചില്ലിട്ടു സൂക്ഷിക്കണം എന്നും കൂടി പറഞ്ഞതോടെ പാവം എന്‍റെ  കടിഞ്ഞൂല്‍ പൊട്ടത്തിതാത്ത അത് വിശ്വസിച്ചു ഒരു മൂന്നുനാലിഞ്ചു പൊക്കം  പെട്ടെന്ന് കൂടിയ പോലെയായി മൂപ്പത്യേര്,  ഉപ്പച്ചി ആരാ മോന്‍!  ആ  കുണ്ട്രാസം കേട്ടാല്‍ അറിയില്ലേ അത് ആളെ ആക്കിയതാണെന്ന്.  നമ്മളിത് എത്ര കേട്ടതാ. അല്ല പിന്നെ.                                                                (താത്ത ഊട്ടിയില്‍ ഉണ്ണിയാര്‍ച്ചയുടെ റോളില്‍)

എന്തായാലും ആ സുനാമി മുഴുവനായും ടൈപ്പ് ചെയ്തു പോസ്റ്റാനൊന്നും എനിക്ക് വയ്യേയ്..ആദ്യത്തെ അഞ്ചെട്ടുവരികള്‍ ഇവിടെയുണ്ട് , ബാക്കിയുള്ളത് സ്കാന്‍ ചെയ്തു കയറ്റിയിട്ടുമുണ്ട്. ഇവിടെ താഴെ കൊടുക്കുന്നു. സമയം പോലെ വായിച്ചു ഒരഭിപ്രായം കുറിച്ചേക്കണെ..പാവമല്ലേ അതെങ്കിലും വായിച്ച് ഒന്ന് ആശ്വസിച്ചോട്ടെ..അല്ലെ!


ഇനിആ  ഇടിവെട്ട് യമണ്ടന്‍ കിടിലന്‍ കവിത വായിച്ചോളൂ...
ജീവിതമെന്ന തോണിയില്‍
കരകാണാതൊഴുകുന്നുഞാന്‍..
ഏതു ദിശയെന്നറിയില്ല..
ഏതു ദിക്കെന്നറിയില്ല..
പങ്കായമില്ലാത്തോരീ തോണിതന്‍
അന്ത്യമെവിടെ..?
ഒരുപാട് ജന്മങ്ങള്‍ ഒരു പാട് വേഷങ്ങള്‍..
മിന്നിമറയുന്നു എന്നുമെന്‍ കണ്മുന്നില്‍..
വേദനകളും നൊമ്പരങ്ങളും
മാത്രം അവശേഷിക്കവേ..
അറിയാതെ ശപിചീടുന്നു..
ഞാനെന്‍ ജന്മത്തെ..
ആരും കൂട്ടിനില്ലാതെ..
അലയുകയാണെന്നും ഞാന്‍..
(ബാക്കി കൂടി വായിണമെന്ന് ശെരിക്കും തോന്നുന്നെങ്കില്‍ താഴെ സ്കാന്‍ ചെയ്ത ഒറിജിനലില്‍ ക്ലിക്കി വലുതാക്കി വായിക്കാം..) LinkWithin

Related Posts Plugin for WordPress, Blogger...