May 10, 2011

"ഓ!അബ്സാര്‍,എന്‍റെ പ്രിയപ്പെട്ട അബ്സാര്‍ "

പ്രിയപ്പെട്ടവരേ , ഇത് വരെ ഞാനീ ബ്ലോഗില്‍ പറഞ്ഞിരുന്നതെല്ലാം നര്‍മ്മരസമുള്ള   കൊച്ചു കൊച്ചു  വര്‍ത്തമാനങ്ങളായിരുന്നു എന്നാല്‍ ഇത് കുറച്ചു കാര്യഗൗരവമുള്ള ഒരു പോസ്റ്റാണ്, എന്‍റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി വായിച്ച ഒരു പോസ്റ്റിനെ കുറിച്ചാണ്, എന്‍റെ കുഞ്ഞിപ്പ ബഷീര്‍ വെള്ളറക്കാടിന്‍റെ "ബഷീറിയന്‍ നുറുങ്ങുകള്‍" എന്ന ബ്ലോഗില്‍ 2008 ആഗസ്റ്റില്‍ പോസ്റ്റിയ "അബ്‌സാര്‍ എന്ന നക്ഷത്രം" എന്‍റെ ഉപ്പച്ചി കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ തൊഴിയൂര്‍.കോം എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലേക്ക് റീ പോസ്റ്റ്‌ ചെയ്തപ്പോള്‍  ലിങ്ക്  അയച്ചുതന്നാണ് ഞാന്‍ വായിച്ചത്, അതുവഴി എനിക്ക് പ്രിയങ്കരനായി മാറിയ അബ്സാറിന്‍റെ രചനകളും ആ പ്രതിഭയെക്കുറിച്ചുള്ള അവലോകനങ്ങളും കൂടി  വായിച്ചതോടെ പൊലിഞ്ഞുപോയ ആ അപൂര്‍വ്വ നക്ഷത്രത്തെ ഓര്‍ത്ത് എന്‍റെ മനസ്സ് കുറെയേറെ നൊമ്പരപ്പെട്ടു, ഈ കൊച്ചു പ്രതിഭയെക്കുറിച്ച് ബൂലോകത്തെ തൊണ്ണൂറു ശതമാനം പേരും വായിച്ചിരിക്കും എന്നറിയാം എന്നാലും ലക്ഷങ്ങളില്‍ ഒരാളായി അത്ഭുതത്തോടെ മാത്രം നോക്കിക്കണാവുന്ന പ്രിയപ്പെട്ട അബ്സാറിനെക്കുറിച്ച് എനിക്ക് പറയാനുള്ളതും കൂടി ഇവിടെ കുറിക്കണമെന്ന് തോന്നി, ഇന്നും ആ മഹത്പ്രതിഭയെകുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളിലെ വിങ്ങലിനു കനം കൂടുന്നതായി അനുഭവപ്പെടുന്നുവെങ്കില്‍ ആ കൊച്ചു ദാര്‍ശനികനെ പതിമൂന്നു വയസ്സുവരെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളുടെ ദുഃഖം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
                                 (അബ്സാറിന്റെ മണിദീപം എന്ന കൃതിയുടെ പ്രകാശന ചടങ്ങ്)
തൃശൂര്‍ ജില്ലയില്‍ ഗുരുവയൂരിന്നടുത്തു മുല്ലശ്ശേരിയില്‍ മഞ്ഞിയില്‍ അബ്ദുല്‍ അസീസ്ക്ക സുബൈറത്ത ദമ്പതികളുടെ മകനായി ജനിച്ച അബ്സാര്‍ ചെറുപ്പം മുതലേ ദാര്‍ശനിക ചിന്തകളുടെ ലോകത്തിലൂടെയാണ് വിഹരിച്ചിരുന്നത്.പൂക്കളേയും പുഴകളേയും സ്നേഹിച്ച പ്രകൃതിയെക്കുറിച്ച്‌ അഗാധമായി ചിന്തിച്ച പതിമൂന്നിന്റെ ചെറുപ്പം അപ്രസക്തമാക്കുന്ന രചനാവൈഭവം പ്രകടിപ്പിച്ച കുരുന്ന്‌ പ്രതിഭ,പക്ഷെ നേരത്തെ തന്നെ എഴുത്ത്‌ നിര്‍ത്തി അവനോളം സ്നേഹിച്ച പുഴയുടെ കുത്തൊഴുക്കില്‍ 2003 ജൂണ്‍ 26ന്‌ നിശബ്ദമായി ലയിച്ചു തീരുകയായിരുന്നു.

'നക്ഷത്രങ്ങളോട്‌ മനുഷ്യനെ ഉപമിക്കാറുണ്ട്‌,പക്ഷെ മനുഷ്യനോടു നക്ഷത്രത്തെ ഉപമിക്കാറില്ല'
പതിമൂന്നാം വയസ്സില്‍ പൊലിഞ്ഞുപോയ ആകുഞ്ഞു മഹാന്‍റെ മഹത് വചനങ്ങളില്‍ ഒന്ന് മാത്രമാണിത്. അബ്‌സാര്‍ എന്ന പദത്തിന്റെ അര്‍ഥം തന്നെ ദാര്‍ശനികന്‍എന്നാണല്ലോ!.

എന്റെ ദുഖം കൊണ്ടീമേഘങ്ങളൊക്കെ കറുത്തു
എന്റെ വേദനകൊണ്ടീ പൂക്കളൊക്കെ ചോന്നു,
എന്റെ നെടുവീര്‍പ്പു പോലെയിക്കാറ്റ്
കണ്ണീര്‍ പോലെയി ത്തേന്‍ മഴ
പുഞ്ചിരിപോലെ നിലാവ്.
........................................
"മരണം" എന്ന കവിതയിലെ ചില വരികള്‍ ..
പൂര്‍ണ്ണമായി  വായിക്കാന്‍ ഇവിടെ  ക്ലിക്കാം

അബ്‌സാര്‍ ഈ ലോകത്ത് നിന്ന്‌ വിടപറഞ്ഞത്‌ 26 ജൂണ്‍ 2003 ലാണ്‌, പതിമൂന്ന്‌ വയസ്സ് കാരനായ ഈ പ്രതിഭ ജൂണ്‍ 26 ന്‌ കാലത്ത്‌ സ്‌കൂള്‍ അസംബ്‌ളിയില്‍ വെച്ച്‌ 'അടുത്ത നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തെ കുറിച്ച്‌ 'പ്രഭാഷണം നടത്തിയിരുന്നു,( ഇവിടെ ക്ലിക്കിയാല്‍ വായിക്കാം) അത്‌ റെക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല, പക്ഷെ വിടപറയുന്നതിന്റെ 40 ദിവസം മുമ്പ്‌ മദ്രസ്സയില്‍ വെച്ച് നടത്തിയ പ്രഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ ഇവിടെ ക്ലിക്കിയാല്‍ കേള്‍ക്കാനാവും.
കൂടാതെ വളരെ വിചിത്രമായി തോന്നിയേക്കാവുന്ന അബ്‌സാറിന്റെ ഒരുവിലയിരുത്തല്‍ വായിക്കുമ്പോള്‍ (ദൈവത്തിനുചരിത്രമോ ഇവിടെ വായിക്കാം) ഇതൊരു പതിമൂന്നുകാരന്‍ പറഞ്ഞു വെച്ചതോ എന്ന് അത്ഭുതം തോന്നുന്നതിന് ആരെയും കുറ്റപ്പെടുത്താനാവില്ല.
2003 ജൂണ്‍ 26 ന്‌ അബ്‌സാറിന്റെ ഊഴമായിരുന്നു, മാസങ്ങളോളം തന്‍റെ ഉള്ളത്തിലിട്ടു വെട്ടിത്തിരുത്തി ആറ്റിക്കുറുക്കി യെടുത്ത ആ  പ്രഭാഷണം അന്ന്‌കാലത്ത്‌ തന്റെ വിദ്യാലയത്തേയും അധ്യാപകരേയും സഹപാഠികളേയും സാക്ഷിയാക്കി സ്‌കൂള്‍ അസംബ്ലിയില്‍ അബ്‌സാര്‍ അവതരിപ്പിച്ചത്രേ. ലോകത്തോട്‌ തനിക്ക്‌ പറയാനുള്ള വസ്വിയത്ത്‌ നിര്‍വഹിച്ചു ആ കൊച്ചു മഹാന്‍ ഈ ലോകത്തുനിന്നും വിടപറഞ്ഞു പോയി,  ഈ ഒരു പ്രഭാഷണം നടത്താന്‍ മാത്രമായിരുന്നുവോ അബ്സാര്‍ എന്ന നക്ഷത്രത്തെ ഉടയോന്‍ ഈഭൂമിയിലേക്ക്‌ അയച്ചത്?

ഓ! അബ്സാര്‍ എന്‍റെ പ്രിയപ്പെട്ട അബ്സാര്‍ ..
നിന്നെ ഓര്‍ക്കുമ്പോള്‍ , നിന്നെക്കുറിച്ചു ഒരുവാക്ക് കേള്‍ക്കുമ്പോള്‍, അര വാക്ക് കുറിക്കുമ്പോള്‍ മനസ്സില്‍ വിങ്ങലുകളും കണ്‍കോണുകളില്‍ നീര്‍ കണങ്ങളും അടക്കാന്‍ കഴിയുന്നില്ലെന്‍റെ കുഞ്ഞു സോദരാ..
നീ ഇവിടെ ഉപേക്ഷിച്ചുപോയ പൂക്കള്‍ വിടരാന്‍ മടിക്കുന്നതും അവക്ക് മണം നനഷ്ടമായതും ഞാനറിയുന്നു....
നിന്റെ കൂട്ടുകാരായി പാറിപ്പറന്നു കലപില കൂട്ടിയിരുന്ന കിളികള്‍ ഇപ്പോള്‍ ചിലക്കാതെ ഒറ്റക്കൊമ്പില്‍ മൌനമായിരിക്കുന്നത് ഞാന്‍ കാണുന്നു .. ,
കളകളാരവം പൊഴിച്ചിരുന്ന പുഴപോലും ഇന്ന് നിശ്ശബ്ദമായാണ് ഒഴുകുന്നതെന്നെനിക്ക് തോന്നിപ്പോവുന്നു..
ഏഴാം സ്വര്‍ഗത്തിന്‍റെ പൂന്തോപ്പിലിരുന്നു ഒരു  കൊച്ചു കിളിവാതിലിലൂടെ നീ എല്ലാം നോക്കി കാണുന്നുണ്ടാവാം..എങ്കിലും നിന്‍റെ വേര്‍പ്പാട് സൃഷ്ടിച്ച ഏകാന്തതയുടെ ആഴം,  നിന്നെ സ്നേഹിച്ചവരുടെ, നിന്‍റെ പ്രിയപ്പെട്ടവരുടെ സങ്കടം..അതിന്നും നികത്താനാവാത്ത ഒന്നായി ഇവിടെബാക്കി കിടക്കുന്നു അബ്സാര്‍..നിന്‍റെ നനുത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍  കരളില്‍ നിന്നും പറിച്ചെടുത്ത ഒരു കൊച്ചു പനിനീര്‍ പൂ ചേര്‍ത്തുവെച്ചുകൊണ്ട്  ഈ വരികള്‍ അര്‍പ്പിക്കട്ടെ..
         ഒരു പതിമൂന്ന് വയസുകാരന്‍ ഈ ലോകത്തെ നോക്കി കാണുന്നതിന്റെ മിഴിവാര്‍ന്ന ചിത്രം
How injust is this world,
How ungrateful is the human race,
Lest they knew themselves
They would recognize the lord
And then be purified at hearts. "
ഈ ലോകത്തിന്റെ കാപട്യത്തില്‍ മനം നൊന്ത്‌ ആ കുഞ്ഞു പ്രതിഭ കുറിച്ച വരികള്‍ കാണുക ..
"അത്ഭുതങ്ങളുടെ ലോകമാണുമ്മാ..
ദൈവത്തിന്റെ അധികാരങ്ങള്‍ അത്ഭുതങ്ങള്‍ക്ക്‌
പങ്കുവെയ്‌ക്കുന്ന കാലമാണ്‌വരുന്നത്‌
ഇളം മനസ്സുള്ളവര്‍
മരിച്ച്‌ പോകുന്നതാണുമ്മാ നല്ലത്‌"
 അബ്സാറെന്ന ഒരു മഹത്‌ പ്രതിഭക്ക് ജന്മം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച ആ മാതാപിതാക്കളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.
അബ്സാറിന്റെ  പിതാവ് അസീസ്‌ക്ക തന്റെ മഞ്ഞിയില്‍ എന്ന ബ്ലോഗില്‍ ചേര്‍ത്ത ഒരു  രചനകാണുക ..
പൂമരം ആദ്യം കായ്‌ചതും കനിയായി നിന്നതും
മധുരമുള്ള ഓര്‍മ്മയാണ്‌.
പിന്നെയും പൂത്തു
പിന്നെയും കായ്‌ചു
ആദ്യത്തെ കനി പാകം വന്നു
പരിമളം പരത്തി


പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ..

മകന്റെ  കബര്‍ സന്ദര്‍ശിച്ചപിതാവിനുണ്ടായ അനുഭവം താഴെ 

"തുരുമ്പെടുത്ത ശ്‌മശാനവാതില്‍ മെല്ലെ തള്ളിത്തുറന്നു.
'നിങ്ങള്‍ക്ക്‌ സമാധാനം അടുത്ത നാളില്‍ എന്റെ ഊഴം'
കൊച്ചുപ്രായത്തില്‍ പഠിച്ച വാചകം ഉരുവിട്ടു.
വെണ്ണക്കല്‍ ഫലകത്തില്‍ അവന്റെ പൂര്‍ണ്ണ നാമം
അഥവ പേരിന്റെ വാല്‍‌ കഷ്‌ണമായി എന്റെ പേരും
കണ്ണുകള്‍ തറച്ചു നിന്നത് അവിടെയാണ്‌."
അസീസ്ക്ക ബഷീര്‍ കുഞ്ഞിപ്പാടെ ബ്ലോഗില്‍ "അബ്സാര്‍ എന്ന നക്ഷത്രം" എന്ന പോസ്റ്റിനു എഴുതിയ ഒരു കമ്മന്റ് താഴെ ..
Manjiyil said...
അബ്‌സാര്‍ ഈ ലോകത്ത്‌ നിന്ന്‌ വിടവാങ്ങിയെന്നത്‌ സത്യമാണ്‌.പക്ഷെ പിതാവും പുത്രനും ഇപ്പോഴും സംഗമിക്കുകയും സംവദിക്കുകയും ചെയ്‌ത്‌ കൊണ്ടേയിരിക്കുന്നു എന്നതും സത്യമാണ്‌..
06 AUGUST, 2008
ഈ  പോസ്റ്റു പ്രസിദ്ധീകരിക്കാന്‍ അനുമതിതേടിയപ്പോള്‍  അസ്സീസ്ക്ക അയച്ച മറുപടി താഴെ വായിക്കാം 
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..
ഇമെയില്‍ സന്ദേശം കിട്ടി.സന്തോഷം .
അബ്‌സാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരുവട്ടം കൂടെ പച്ചപിടിപ്പിച്ചു എന്നെഴുതാന്‍ കഴിയുകയില്ല. കാരണം അതെന്നും പച്ചപിടിച്ച് കിടക്കുകയാണ്‌.
അബ്‌സാറിന്റെ വേര്‍പാടില്‍ എത്രമാത്രം വേദനിക്കുന്നുണ്ടാകാം .
എന്നത് കാല്‍പനികതമാത്രമാണ്‌.
അബ്‌സാറിന്റെ വേര്‍പാടിന്റെ മൂന്നാം നാള്‍ സംഘടിപ്പിക്കപ്പെട്ട അനുസ്‌മരണ ചടങ്ങില്‍ സൂചിപ്പിച്ചത് ആവര്‍ത്തിക്കട്ടെ.
നമ്മുടെ ഗ്രാമത്തിന്റെ നാലുപേര്‍ അപകടത്തില്‍ പെട്ടങ്കിലും മൂന്ന്‌ പേര്‍ രക്ഷപ്പെട്ടു.ഒരാള്‍ മാത്രം രക്ഷപ്പെട്ടില്ല.എന്ന് പറയുമ്പോള്‍ ഇവിടെ ദുരന്തം ഒന്നും നടന്നിട്ടില്ല. അവരുടെ മക്കള്‍ രക്ഷപ്പെട്ടു എന്റെ മോന്‍ രക്ഷപ്പെട്ടില്ല.എന്ന് പറയുന്നതാണ്‌ മഹാ ദുരന്തം .
ഞങ്ങളുടെ വീട് ഉയര്‍ന്ന പ്രദേശത്താണ്‌ മുല്ലശ്ശേരി കുന്ന് എന്നാണ്‌ സ്ഥലത്തിന്റെ കൃത്യമായ പേര്‍ .ഏകദേശം അര കിലോമീറ്റര്‍ ദൂരത്ത്‌ ഒരു കുന്നിന്‍ പുറത്താണ്‌ പറമ്പന്‍ തളി ശിവ ക്ഷേത്രം .ഒരു ദിവസം അബ്‌സാര്‍ പറയുന്നു.
ഉപ്പാ ഞാനും ആ കാണുന്നകുന്നും ഒരേ ഉയരത്താണ്‌. എന്താ 'ആച്ചീ' നീ പറയുന്നത് അത് എത്ര ഉയരത്താണെന്ന് നിനക്കറിയോ.നീ ഇവിടെ ഒരുപാട്‌ ദൂരെ നില്‍ക്കുന്നത് കൊണ്ട് ഒരു വലിയ ഉയരം നിനക്കൊപ്പമായി തോന്നുകയാണ്‌. "യെസ് ഇതു തന്നെയാണുപ്പാ ഞാന്‍ പറയാന്‍ പോകുന്നതും .ഒരു വസ്‌തുവില്‍ നിന്നും അകലും തോറും അതിന്റെ വലിപ്പം ചെറുതായി തോന്നുകയും അടുക്കും തോറും അതിന്റെ യഥാര്‍ഥ വലിപ്പവും ആകാരവും ബോധ്യപ്പെടുകയും ചെയ്യും" .
ചുരുക്കത്തില്‍ ദൈവത്തില്‍ നിന്ന് അകലുന്നവരാണ്‌ അഹങ്കാരികള്‍ കാരണം മേല്‍ പറഞ്ഞ സൂത്രവാക്യം തന്നെ.
ഗള്‍ഫ് ടൈംസ്‌ സഹ പത്രാധിപര്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു.സര്‍ അബ്‌സാര്‍ എന്ന പദത്തിന്റെ അര്‍ഥം എന്താണ്‌.ദാര്‍ശനികന്‍ എന്നാണെന്ന് മറുപടി കൊടുത്തപ്പോള്‍ അത്ഭുതം കൂറിയ നിശബ്‌ദത ഒരുമിനിറ്റോളം നീണ്ടു നിന്നു.
വലിയ താല്‍പര്യത്തോടെയുള്ള അന്വേഷണം വായിച്ചപ്പോള്‍ ചിലത് കുറിച്ചു.ചുരുക്കട്ടെ ഭാവുകങ്ങള്‍ ...
സ്നേഹത്തോടെ പ്രാര്‍ഥനയോടെ
അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍.
അബ്സാറിനെ കുറിച്ച് കൂടുതല്‍  അറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്കിയാല്‍ മതി .
കടപ്പാട് :ഈ പോസ്റ്റിലെ പല ഭാഗങ്ങളും മണിദീപം തെളിയുന്നു എന്ന ബ്ലോഗില്‍ നിന്നും എടുത്തു ചേര്‍ത്തിട്ടുള്ളതാണ്.
കൂടാതെ  ഈ പോസ്റ്റിന്റെ സാങ്കേതിക കാര്യങ്ങളില്‍ എന്റെ മാമിമാരും ഉപ്പയും താത്തയും കുറെ സഹായങ്ങള്‍ ചെയ്തുതന്നിട്ടുണ്ട് ,അവര്‍ക്കും നന്ദി .

LinkWithin

Related Posts Plugin for WordPress, Blogger...