Apr 6, 2013

'ഉരുകിയൊലിക്കുന്ന വേനലിലൂടെ..'


ഉമ്മച്ചി ബാത്ത്‌റൂമില്‍ കയറിയ തക്കംനോക്കി  മെല്ലെ അടുക്കളവാതിലിലൂടെ പുറത്തു കടന്ന് കാര്‍ പോര്‍ച്ചിന്റെ തൂണില്‍ ചാരിവെച്ചിരുന്ന സൈക്കിളുമെടുത്തു ഗേറ്റില്‍ എത്തിയതും എവിടെനിന്നോ പൊട്ടിവീണപോലെ ഇക്കപ്പാടെ വീടിന്റെ ഉമ്മറത്ത്‌ അസ്മതാത്ത, എന്റെ പരുങ്ങല്‍ കണ്ടിട്ടാണെന്ന് തോന്നുന്നു കത്തുന്നൊരുനോട്ടവും കുത്തനെ ഒരു ചോദ്യവും..
"എങ്ങോട്ടാടീ പതിവില്ലാതെ ഈ നട്ടുച്ചക്ക്? 
മൂന്നരക്കാണോ മൂപ്പത്തിക്ക് നട്ടുച്ചയെന്ന ചിന്തയോടൊപ്പം കാര്യം  തുറന്നു പറയണോ എന്നൊരു നിമിഷം ശങ്കിച്ചു..അല്ലെങ്കിലിപ്പോ പറഞ്ഞാലെന്താ കുഴപ്പമെന്ന് അടുത്തനിമിഷം തന്നെ മറിച്ചും തോന്നി .

 ദുബായില്‍ നിന്നും നാട്ടിലേക്ക് വരുന്ന കെ.വി .ഉമ്മര്‍ക്കാടെ കയ്യില്‍ അവിടെനിന്ന് എന്റെ ബ്ലോഗിന് കിട്ടിയ അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും കൊടുത്തയക്കുന്നുണ്ടെന്ന് കഴിഞ്ഞ  ആഴ്ച്ചയിലാണ് ഫേസ്ബുക്കില്‍ മുസ്തഫമാമാടെ മെസ്സേജ് കണ്ടത്,ഉമ്മര്‍ക്ക നാട്ടിലെത്തിയിട്ട് നാലഞ്ചു ദിവസമായിരിക്കുന്നു, വിവരം അറിഞ്ഞതുമുതല്‍ അത് പോയി വാങ്ങണമെന്ന്  കരുതുന്നതാണ്, ഉമ്മാടെ സമ്മതത്തോടെ കാര്യം നടക്കില്ലെന്ന ഉറപ്പുള്ളതിനാല്‍ ഉമ്മാടെ കണ്ണൊന്ന് വെട്ടിക്കാമെന്നു കരുതിയതാണ് ഇപ്പൊ ചെകുത്താനും കടലിനും മദ്ധ്യേ എന്ന നിലയിലേക്ക് എത്തിനില്‍ക്കുന്നത് .ചെകുത്താനാര് കടലാര് എന്നൊന്നും ചോദിക്കരുത് കഥയില്‍ ചോദ്യമില്ല എന്നല്ലേ!
അസ്മതാത്താട് കാര്യം പറഞ്ഞു സൈക്കിളുമായി ഗേറ്റ് കടന്ന് വെയിലില്‍ തിളച്ചു മറിയുന്ന റോഡിലേക്ക് കാലെടുത്തു വെച്ചതും പുറത്തെ ചൂട് ദേഹത്തെ മൊത്തം ബാധിച്ചു,റോഡിന്റെ വളവിനപ്പുറം  മീനച്ചൂടില്‍ ഉരുകിയൊലിക്കുന്ന  പാടങ്ങള്‍ ..വറ്റിവരണ്ട പുഴകളും തോടുകളും കുളങ്ങളും.., ജീവതത്തിന്റെ ദുസ്സഹമായ ദിനങ്ങളാണ് പിന്നിടുന്നതെന്ന് ശെരിക്കും തോന്നിപ്പോയി കിളികളുടെ കളകളാരവങ്ങളും കുളിര്‍ക്കാറ്റുമില്ലാത്ത പ്രകൃതി, ചുറ്റുപാടും ചൂടാണ്, പൂതനിറം പൂണ്ട തെങ്ങോലകള്‍ കരിഞ്ഞുണങ്ങി തുടങ്ങിയ കുറ്റിചെടികള്‍, ഭൂമി  തന്നെ  ഒരു ശ്മശാനം പോലെ ചാരനിറമായി തുടങ്ങിയിരിക്കുന്നു.
മാറിമാറിയെത്തുന്ന ഋതുക്കള്‍ ഗ്രീഷ്മവും വര്‍ഷവും  ഹേമന്തവും ശിശിരവും വസന്തവും ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതം തന്നെ എങ്കിലും ഹേമന്തവും വസന്തവും വര്‍ഷവും  നല്‍കുന്ന കുളിരും സ്നിഗ്ദധയും നനുനനുപ്പും നിറഞ്ഞ ആനന്ദം ഗ്രീഷ്മവും ശിശിരവും നല്‍കുന്നില്ല തന്നെ , കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും'ഹോ എന്തൊരു ഒടുക്കത്തെ ചൂട്‌ 'അല്ലെങ്കില്‍  'ഹാവൂ എന്തൊരു  മഴ'എന്ന്  സാന്ദര്‍ഭികമായെങ്കിലും നാം പറഞ്ഞു പോകുന്നു. അത് മനുഷ്യസഹജം.
കൈരളിപ്പാടത്തിനടുത്തുള്ള ട്യുഷന്‍ സെന്ററിലേക്ക് വിദ്യാര്‍ഥി; വിദ്യാര്‍ഥിനികള്‍ സൈക്കിളുകളിലും കാല്‍നടയായും എത്തിത്തുടങ്ങിയിരിക്കുന്നു.
"എങ്ങോട്ടാ മോളൂട്ടി ഈ ചൂട്ടത്ത്.?"
മനക്കലെ പറമ്പിലെ കുഞ്ഞേലിചേച്ചിയാണ്, മുറുക്കാന്‍ കറപിടിച്ച പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ചുകൊണ്ടാണ് ചോദ്യം.
"മാളിയേക്കല്‍പടി വരെയൊന്നു പോണം ചേച്ചീ.. പിന്നെ ചേച്ചിക്കീ ചൂടുംവെയിലുമൊന്നുമില്ലേ? "
എന്റെ ആ ചോദ്യത്തിനുള്ള ഉത്തരമായി കുഞ്ഞേലിചേച്ചി ഹൃദ്യമായും നിഷ്കളങ്കമായും പിന്നെയും ചിരിച്ചു ,കരുവാളിപ്പ് പടര്‍ന്ന കവിളെല്ല് തെളിഞ്ഞുകാണുന്ന മുഖം മനസ്സിനെ എപ്പോഴും ആര്‍ദ്രമാക്കുന്ന ഒന്നാണ് , ഇങ്ങനെ കുറെ ജന്മങ്ങള്‍ തമ്പ്രാക്കന്മാരുടെ പാടങ്ങളിലും പറമ്പുകളിലും വിതച്ചും കൊയ്തും മെതിച്ചും അന്നന്നത്തെ അത്താഴത്തിനു അന്നം കണ്ടെത്തുന്നവര്‍ , ജീവിത ദുരിതങ്ങളുടെ ചൂട് ഉള്ളില്‍ തിളച്ചു പൊങ്ങുമ്പോള്‍ പുറത്തെ ചൂട് അവര്‍ക്ക് അന്യമാവുന്നു.
തെളിഞ്ഞ നീലാകാശത്തിലൂടെ പഞ്ഞിക്കെട്ടുകള്‍ പോലെ ഇടയ്ക്കിടെ ഇഴഞ്ഞെത്തുന്ന വെള്ളി മേഘങ്ങള്‍ മനസ്സിലേക്ക് തുള്ളി തുള്ളിയായി ഇറ്റുവീഴുന്ന  നനുത്ത കുളിരോര്‍മ്മകള്‍ ബാക്കിവെച്ച് മാഞ്ഞുപോകുന്നു .
എല്‍ പി സ്കൂള്‍വളപ്പില്‍ വാനരപ്പടയുടെ ട്വെന്റി ട്വെന്റി മത്സരം പൊടിപൊടിക്കുന്നു, അവരോടൊപ്പം തിമിര്‍ത്താടിനടന്ന നാളുകളെകുറിച്ചോര്‍ത്ത് കുറച്ചു നേരം അതുനോക്കി നിന്നു.
"എങ്ങോട്ടാടീ ചേനെ..? ഒരോവര്‍ എറിഞ്ഞു നോക്കണോ? "
മാക്രി മുത്തുവിന്റെതാണ് ചോദ്യം .
"ഒന്ന് പോടാ ചെക്കാ ..ഞാനീ കളിയൊക്കെ എന്നേവിട്ടു."
അവനു വേണ്ടത് കൊടുത്ത് സൈക്കിള്‍ തിരിക്കുമ്പോള്‍ മറ്റാരുടെയോ കമ്മന്റ് കേട്ടു.
"ഓ ..നീയ്യൊക്കെയിപ്പോ വല്യ ആളായിപ്പോയില്ലേ! നിന്നെ ഞങ്ങള്‍എടുത്തോളാടീ.."
മുമ്പായിരുന്നെങ്കില്‍ അതിനും തക്കതായ എന്തെങ്കിലും മറുപടി ഞാന്‍ പറഞ്ഞേനെ..,പക്ഷെ അപ്പോള്‍.. അത് വേണ്ടെന്നു തോന്നി .
മെയിന്‍ റോഡില്‍ നിന്നും ഉമ്മര്‍ക്കാടെ വീട് സ്ഥിതിചെയ്യുന്ന ഹൈസ്കൂള്‍ റോഡിലേക്ക് കയറുമ്പോള്‍ വളവിലുള്ള മൊയ്തുക്കാടെ വീട്ടുവളപ്പില്‍ രണ്ടു കോഴി വില്ലന്മാര്‍ അങ്കക്കലികൊണ്ട് നില്‍ക്കുന്നു , ആരു ജയിക്കുമെന്നറിയാന്‍ കുറച്ചുനേരം നോക്കിനിന്നെങ്കിലും അവന്മാര്‍ ഇഞ്ചോടിഞ്ച് പൊരിഞ്ഞ പോരാട്ടമാണ്, ആ അങ്കം പെട്ടെന്നൊന്നും  അവസാനിക്കില്ലെന്ന് തോന്നിയതുകൊണ്ടും പരസ്പരം കൊത്തിചാവുന്നത് കാണേണ്ടെന്നു കരുതിയും ഞാനൊരു കല്ലെടുത്ത് അവര്‍ക്കിടയിലേക്ക് എറിഞ്ഞു ,അതോടെ രണ്ടു പേരും രണ്ടു വഴിക്കായി .അങ്ങനെ ഒരു വലിയ കോഴിയങ്കത്തിനു അറുതി വരുത്തിക്കൊണ്ട് സമാധാനത്തോടെ ഞാന്‍ ലക്ഷ്യത്തിലേക്ക് സവാരി തുടര്‍ന്നു.
 
ചേക്കുക്കാടെ വരണ്ടുണങ്ങിയ കണ്ടത്തില്‍ പൊരിവെയില്‍ വകവെക്കാതെ രണ്ടു വികൃതിക്കുട്ടന്മാര്‍ എന്തോ കാര്യമായ കലാ പരിപാടിയിലാണ്, എന്നെപ്പോലെ ഉമ്മമാരുടെ കണ്ണ് വെട്ടിച്ചാവാം അവരും ഈ പണിക്കിറങ്ങിയത് , സൈക്കിള്‍ സൈഡാക്കി കനാലിന് കുറുകെ കെട്ടിയ കലുങ്കില്‍ കാലുകുത്തിനിന്നു അവന്മാരുടെ നേരെയോന്നു തുറിച്ചുനോക്കി എന്താടാ ഇവിടെ എന്നൊന്ന് ചോദിച്ചതെയുള്ളൂ , പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നുപറഞ്ഞപോലെ രണ്ടെണ്ണവും പറപറന്നു. അപ്പൊ നുമ്മള്‍ ആള് വിചാരിച്ച പോലെയല്ല,നമ്മളെ അനുസരിക്കാനും   പേടിക്കാനും  ആളുണ്ട് എന്നൊരു സംതൃപ്തിയും തെല്ലൊരഭിമാനവും തോന്നി , അമ്പട ഞാനേ !
ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തിനോക്കുമ്പോള്‍ ലഗേജില്‍ സ്ഥലമില്ലാതെ കൊണ്ടുവരാൻ  കഴിയാതിരുന്നതിനാൽ ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമേ ഉമ്മര്‍ക്കാടെ കയ്യില്‍ നിന്ന് കിട്ടിയുള്ളൂ , ബാക്കിയുള്ളത് പാര്‍സലില്‍ വരുമെന്ന ആശ്വാസവാക്ക് കേട്ട് അണ്ടികളഞ്ഞ അണ്ണാനെപ്പോലെ അവിടെനിന്നും മടങ്ങി.
വീട്ടിലെക്കെത്തുമ്പോൾ  പ്രതീക്ഷിച്ചപോലെ ഉമ്മച്ചിയും  ചുന്നാസും ഗേറ്റിൽ തന്നെയുണ്ട്‌ , ഉമ്മച്ചിയില്‍ നിന്നും സാധാരണ കേൾക്കാറുള്ളത്  ഇരട്ടിമധുരവും  കടുക്കയും സമം ചേർത്ത് രണ്ടൌന്‍സ്‌ കിട്ടിയത് ഇടതു ചെവിയിലൂടെ കേട്ട് വലതിലൂടെ പുറത്തേക്ക് വിട്ടു ..ഹല്ല പിന്നെ .
എല്ലാം കഴിഞ്ഞൊടുവില്‍ പാതിരാത്രിയുടെ യാമങ്ങളില്‍ പാല് പോലെ പരക്കുന്ന മീനമാസ നിലാവില്‍ പാതിരാ പുള്ളുകളുടെ ഉറക്കുപാട്ടുകള്‍ കേട്ട് എന്തൊക്കെയോ പഴയ കാര്യങ്ങള്‍  ഓര്‍ത്ത്‌ ഉഷ്ണത്തിന്റെ   അസഹനീയതയെ മറികടന്ന് തിരിഞ്ഞും മറിഞ്ഞും അങ്ങിനെ കിടക്കുമ്പോള്‍   എപ്പോഴാണെന്നറിയില്ല  നിദ്രാദേവി തലോടാനെത്തിയത്.

LinkWithin

Related Posts Plugin for WordPress, Blogger...