Mar 19, 2013

ചൈനക്കാര്‍ക്കെന്താ ഈ ബ്ലോഗില്‍ കാര്യം..?

 തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കാന്‍ പോലീസുകാര് കേറാൻ  കാരണം ഇന്നച്ചൻ അങ്കിളിന്  നാക്ക് പിഴച്ചതാണെന്നു വെക്കാം പക്ഷേ എന്റെ ഈ ചിപ്പിയില്‍ കഴിഞ്ഞ രണ്ടു മാസമായി നമ്മുടെ ചൈനക്കാരിങ്ങനെ കയറിയിറങ്ങുന്നത് എന്തിനായിരിക്കും എന്നത് തലേംകുത്തിനിന്ന് ആലോചിച്ചിട്ടുപോലും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. 


 

 ഞാന്‍ ഇവിടെ അവസാനം പോസ്റ്റിട്ടത് കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയേഴിനായിരുന്നു ,അതാണെങ്കില്‍ എന്റെ ഈ ബ്ലോഗിലെ ഒരു പ്രാധാന്യവും ഇല്ലാത്ത ഒരെണ്ണമായിരുന്നു എന്നത് മാത്രമല്ല നല്ല പച്ച മലയാളത്തിലായിയിരുന്നുതാനും ഒരു വാക്കുപോലും അതില്‍ ചൈനീസ്‌ ഇല്ലെന്നാണ് എന്റെ ഓര്‍മ്മ ,  ഒരു പോസ്റ്റ് ഒരാള്‍ അടിച്ചു മാറ്റിയ വിവരം അറിയിക്കാനായിരുന്നു അത്, നാലാള് പ്രതികരിച്ചതോടെ ആ മാന്യദേഹം അതവിടെനിന്നു മാറ്റുകയും ചെയ്തു. ആ പോസ്റ്റ് ആകെ കണ്ടിട്ടുള്ളതായി ഗൂഗിളമ്മായി പറയുന്നത് അറുനൂറ്റി മുപ്പതു പേരാണ് , മാത്രവുമല്ല ഈ രണ്ടു മൂന്നു  കൊല്ലത്തെ കാലയളവിനുള്ളിൽ ഈ ബ്ലോഗിൽ ആകെ കയറിയിട്ടുള്ളത്‌ എഴുപത്തിഏഴായിരത്തോളം പേരാണ് അതും മാസത്തിൽ ശരാശരി നാലായിരത്തോളമാണ് ഇവിടെ സ്റ്റാറ്റ്സിൽ കാണുന്നത്   എന്നാൽ പോസ്റ്റൊന്നും ഇല്ലാതെ തന്നെ കഴിഞ്ഞമാസം (ഫെബ്രുവരി) ഇവിടെ ആറായിരത്തി എഴുനൂറ്റി അമ്പത്തി നാലു പേർ കയറിയിറങ്ങിപ്പോയതായി കാണുന്നു (മുകളിലുള്ള സ്ക്രീൻ ഷോട്ടിൽ കാണാം)അതിൽ നാലായിരത്തി എണ്‍പത്തി നാലു പേർ ചൈനയിൽ നിന്നുള്ള മനിതര്‍കളാണെന്നും ഗൂഗിളമമായി കാട്ടിത്തരുന്നു (പടം താഴെ) എന്തായിരുന്നു ഈ ചൈനീസ് മനിതര്‍കളുടെ ഉദ്ദേശം ! ഇക്കാര്യത്തില്‍ എന്ത്  ഊഹിക്കണമന്ന കാര്യത്തില്‍ പോലും എനിക്കൊരു ഊഹം കിട്ടുന്നില്ലെന്റെഗൂഗിളമ്മായ്യ്യെ..


ഇനി ഒരു പക്ഷേ കുറച്ചുകാലം മുമ്പ്  ഫേസ്ബുക്കിലെ ചിപ്പി ഗ്രൂപ്പില്‍ നമ്മുടെ കോട്ടക്കല്‍ കുട്ടിക്ക (ഓര്‍മച്ചെപ്പ്) ചൈനയുടെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചെഴുതിയ കമ്മന്റിനെ വിമര്‍ശിച്ചു കൊണ്ട് ഞാനെഴുതിയ മറുപടി കമ്മന്റ്  (താഴെ കാണാം) ഫോളോ ചെയ്താണോ ചൈനീസ്‌ ചാരന്മാര്‍ എന്റെ ബ്ലോഗില്‍ എത്തിയതെന്നും ഈ അതിക്രമങ്ങള്‍ക്ക് ഒരുങ്ങിയതെന്നും സംശയവും ഇല്ലാതില്ല. ഇനിയും അവര്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കാനാണ് ശ്രമമെങ്കില്‍ നമ്മുടെ നാടിന്റെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രമായ ചീപ് വിപ്പിനെക്കൊണ്ട് നാല് വര്‍ത്താനം പറയിപ്പിക്കുകതന്നെ, ഇത്രയും കിടിലനായി സംസാരിക്കാന്‍ കഴിയുന്ന മറ്റാരുണ്ട് നമ്മുടെ നാട്ടില്‍ !അങ്ങേരുടെ നല്ല നാലെണ്ണം കേട്ടാൽ  ചൈനക്കാരല്ല ചെകുത്താൻ വരെ വാലും ചുരുട്ടി പറ പറക്കും...ഹല്ലപിന്നെ.
 
 
ഇത്രയും വസ്തുനിഷ്ഠവും ഗഹനവുമായ ഈ ഒരു പഠനം  ഞാനിപ്പോൾ നടത്താൻ കാരണം വാർഷിക എക്സാം കഴിഞ്ഞ് ഒരു പണിയുമില്ലാതെ ചുമ്മാ ഇരിക്കേണ്ടി വന്നതുകൊണ്ട് മാത്രമാണ്. രണ്ടുകൊല്ലം മുമ്പ് എഴുതിത്തുടങ്ങി കഴിഞ്ഞ മാസം പൂർത്തിയാക്കിയ എന്റെ മഹത്തായൊരു കഥ ഉപ്പച്ചിയുടെയുടെയും മറ്റു ഒന്നുരണ്ടു തല്‍പരകക്ഷികളുടെയും അഭിപ്രായത്തിനും പ്രസിദ്ധീകരണത്തിനുള്ള അനുവാദത്തിനുമായിസമര്‍പ്പിച്ചിട്ട് രണ്ടാഴ്ചയായി, എന്നാല്‍ അവിടെനിന്നു ഒരു ഒച്ചേം അനക്കോം കാണാനില്ല ,അവരൊക്കെ അതിന്റെ കാര്യം മറന്നെന്നു തോന്നുന്നു . കഥയെന്നു പറഞ്ഞാൽ  എന്റെ നോട്ടത്തിൽ അതൊരു ഒന്നൊന്നര കഥതന്നെയാണ് വെണോങ്കിൽ ഓരോന്നെമുക്കാല് വരെയും പോകാം, ഈനാംപേച്ചിക്കായാലും മരപ്പട്ടിക്കായാലും തൻ കുഞ്ഞു പൊൻ കുഞ്ഞു തന്നെയാണല്ലോ ! ഞാൻ ചുമ്മാ ബഡായി പറയുന്നതല്ല , സ്കൂൾ കലോത്സവത്തിൽ ആ കഥയ്ക്ക്   യു പി തലത്തിൽ ഒന്നാം സ്ഥാനമാണ് കിട്ടിയത് ,കൂടാതെ ഞാനോറ്റക്ക് പാടിയ ഗ്രൂപ്പ്‌ ഗാനത്തിനും ഒന്നാം സ്ഥാനം തന്നെ മോണോ ആക്ടിന് രണ്ടാം സ്ഥാനവും.. ഞാനാണ് പറയുന്നതെന്നതെന്നതുകൊണ്ട് നിങ്ങൾക്ക് ചിലപ്പോള്‍ വിശ്വാസം വന്നില്ലെന്ന് വരാം അതോണ്ട്  താഴെയുള്ള ഫോട്ടോ നോക്കിക്കെ..കണ്ടല്ലോ അല്ലെ! 

 പറഞ്ഞു വന്നാൽ  ഈ രണ്ടുമൂന്നു മാസത്തിന്നിടയിൽ  വേറെയും ചില അവിശ്വസനീയ സംഭവ വികാസങ്ങൾ ഉണ്ടായി, ദുബായിൽ നിന്നും എന്റെ ഈ ബ്ലോഗിനൊരു അവാർഡു കിട്ടി അതും ചുമ്മാ തുക്കട തരികിട അവാര്‍ഡൊന്നുമല്ല കേരള റീഡേര്‍സ് ആന്‍ഡ്‌ റൈറ്റര്‍സ് ഫോറം വക സൌഹൃദയ ന്യൂ മീഡിയ-13 അവാര്‍ഡായി സര്ട്ടിഫിക്കറ്റ് ,പ്രശസ്‌തിപത്രം , പൊന്നാട എന്നിവ അടങ്ങിയ കടു കിടു സംഭവമായിരുന്നു. അവിശ്വാസികൾക്കായി   അതിന്റേം പടം താഴെയുണ്ട് . ഈ അവാര്‍ഡിന് വേണ്ടി എന്റെ ബ്ലോഗ്‌ നിര്‍ദേശിച്ച പ്രിയപ്പെട്ട O.S.A.റഷീദ്ക്കാക്ക് (പറയാനുള്ളത്..) ഒരു കൊട്ട നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ -കൂടെ ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ എനിക്ക് വേണ്ടി തിരക്കഥാകൃത്ത് ടി.എ.റസ്സാഖ് അങ്കിളില്‍ നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങിയ അഷ്‌റഫ്‌ക്കാക്കും (Ashraf Kallil) ഒരു കുടം നന്ദി അറിയിക്കുന്നു .


ഇത്രയോക്കെയാണ് പുതിയ സംഭവ വികാസങ്ങൾ പോരെ പൊടിപൂരം! പിന്നെ എന്‍റെ പുന്നാര അനുജത്തി ചുന്നാസ് ഇപ്പൊ നാലാം തരത്തിലായതിനാല്‍ മലയാളം കൂട്ടിവായിക്കാനൊക്കെ പഠിച്ചുകഴിഞ്ഞു ,അത് കൊണ്ടുതന്നെ അവളെക്കുറിച്ച് പണ്ടത്തെപ്പോലെ എന്തെങ്കിലുമൊക്കെ എഴുതുന്നത്‌ ആരോഗ്യത്തിനു ഹാനികരമായതിനാല്‍ അങ്ങിനെ ഒരു സാഹസത്തിനു ഞാന്‍ ഒരുക്കമല്ല, എന്‍റെ പഴയ ചില പോസ്റ്റുകള്‍ അവള്‍ കാണരുതേ എന്ന പ്രാര്‍ഥനയോട് കൂടിയാണ്  ഇപ്പോള്‍ ദിവസവും  എഴുന്നേൽക്കുന്നത്‌ തന്നെ .

  
ചുന്നാസ് അന്ന് (2009)
 കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ചില പച്ചയായ പരമാര്‍ത്ഥങ്ങള്‍ മറച്ചു വെച്ച് എന്‍റെ പ്രിയ വായനക്കാരെ വഞ്ചിക്കാന്‍മനസ്സനുവദിക്കാത്തതിനാല്‍ ഞാന്‍ചില വസ്തുതകള്‍ വളരെ റിസ്ക്കെടുത്ത് ഇവിടെ കുറിക്കുകയാണ്. ഈയ്യിടെയായി ചുന്നാസിനെക്കുറിച്ച് ചിലരഹസ്യങ്ങള്‍ ഉമ്മച്ചി കണ്ടെത്തുകയും കയ്യോടെ പിടികൂടുകയും ചെയ്തു, സംഭവം എന്തെന്നാല്‍ ഗള്‍ഫില്‍ നിന്നും മറ്റും വരുന്ന കുടുംബക്കാരും ഉപ്പച്ചിയും ഇക്കപ്പയും മാമന്മാരും ഇക്കമാരും മറ്റും കൊടുക്കുന്ന അല്ലെങ്കില്‍ അവള്‍ എടുക്കുന്ന അഥവാ അടിച്ചു മാറ്റുന്ന പേന, പെന്‍സില്‍ , ഷാര്‍പ്പ്‌നര്‍ , റബ്ബര്‍ തുടങ്ങിയവയുടെ വന്‍ ശേഖരം തന്നെ അവളുടെ   കയ്യില്‍ ഉണ്ടായിരുന്നു, എന്നാല്‍ ഈയ്യിടെയായി ആ ശേഖരത്തിന്‍റെ അളവ് ദിനംപ്രതി കുറഞ്ഞു വരുന്നു കാര്യം ഉമ്മച്ചി ശ്രദ്ധിക്കാന്‍ തുടങ്ങി എന്നാല്‍ ഞാനാണ് ഇതിനു പിന്നില്‍ പാരയായി പ്രവര്‍ത്തിച്ചതെന്ന ഒരാരോപണം ചുന്നാസ് പറയുന്നുണ്ട്   അതുകേട്ട് ഞാനങ്ങിനെ ചെയ്യുമോടീ എന്ന ചോദ്യത്തിന് പോടീ കോനത്താത്താ നീ  മാത്രേ  അത് ചെയ്യൂള്ളൂ  എന്ന എടുത്തടിച്ച പോലെയുള്ള മറുപടിയാണ് അവളില്‍ നിന്നും എനിക്ക് കിട്ടിയത് അതോടെ ഞാനാകെ    കുണ്ഠിതയായിരിക്കുകയാണ്, ഏതു നിമിഷവും അവളില്‍ നിന്നുള്ള ഒരു തിരിച്ചടി ഞാന്‍ പ്രതീക്ഷിച്ചിരിക്കുന്നു, അതെന്തായാലും വരുന്നേടത്തു വെച്ച് കാണാം അല്ലെങ്കില്‍ കിട്ടിയേടം കൊണ്ട് തടുക്കാം ,അല്ലാതെന്തുചെയ്യാന്‍ ?
ചുന്നാസ് ഇന്ന്
ഉമ്മ വിവരം ചോദിച്ചപ്പോള്‍ അവള്‍ സത്യം തുറന്നു പറഞ്ഞു , അക്കാര്യത്തിൽ എന്നുവെച്ചാൽ തലപോയാലും സത്യം പറയുന്ന കാര്യത്തിൽ ചുന്നാസ് ഒരു പണത്തൂക്കം മുന്നിലാണ്, ഉമ്മ അവളെ കാണാതെ പാത്തുവെക്കുന്ന ചില്ലറകള്‍ തപ്പിയെടുക്കുമ്പോള്‍ പോലും അവള്‍ അത് വിളിച്ചു പറയും അത് കേട്ട് ഉമ്മ എത്തുമ്പോഴേക്കും സംഭവം ചോക്ക്ലേറ്റ് രൂപത്തില്‍ അവളുടെ വായിലായികഴിഞ്ഞിരിക്കുമെന്നുമാത്രം , ഈ സത്യസന്ധതയുടെ പേരിൽ  അവളെ പലരും പ്രശംസിക്കുമ്പോൾ അക്കാര്യത്തിൽ ഒന്നര പണത്തൂക്കം പിന്നിലായ എനിക്ക് പിന്നെയും കുണ്ഠിതം  തന്നെ ബാക്കി.  പെൻസിലുകളും  പേനകളും മറ്റും അവളുടെ ക്ലാസ്സിലെ ചില കൂട്ടുകാരികള്‍ക്ക് കൊടുത്തതാണത്രേ , അവളുടെ കയ്യിൽ  കണ്ടപ്പോൾ അങ്ങനെയുള്ളത് കിട്ടാൻ കൂട്ടുകാരികൾക്ക് പൂതി , ചുന്നാസ് കൂട്ടുകാരികളുടെ പൂതി തീർത്തതാണ് , ഉമ്മച്ചിക്ക് അത് കേട്ടതോടെ കലിപ്പിളകി., അവരാരെങ്കിലും നിനക്ക് വല്ലതും തരാറു ണ്ടോടീ  എന്ന ചോദ്യത്തിനും  അവൾക്കു മറുചോദ്യം  റെഡിയായിരുന്നു .
"നമ്മൾ  ഒരു ഉപകാരം ചെയ്യുമ്പോൾ ഇങ്ങോട്ടൊന്നും ആഗ്രഹിക്കരുതെന്ന് ഉമ്മച്ചിയും ഉപ്പച്ചിയുമൊക്കെ തന്നെയല്ലേ പറയാറ്?" 
'ഡിം' അത് കേട്ടതോടെ ഉമ്മച്ചി ഫ്ലാറ്റ്. 
'നിനക്ക് ഇങ്ങനെ കൈ നിറച്ച് വാരിക്കോരി  തരുന്നോരെ പറഞ്ഞാമതി.' എന്നൊരു മുറുമുറുപ്പിൽ ഉമ്മച്ചി തൽക്കാലം കലിയടക്കിയെങ്കിലും   അപ്പോൾ അങ്ങോട്ടെത്തിയ  മാഷ്‌ക്കാട്  പരാതിയായി കാര്യം പറഞ്ഞു. 
"അതൊരു നല്ല സ്വഭാവമല്ലേ ശൈലാ ! അത് പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് ?" 
മാഷ്‌ക്കാടെ മറുപടിയും ഉമ്മച്ചിക്ക് തിരിച്ചടിയായി ..അടുത്ത ഊഴം ഉപ്പച്ചി ഫോണ്‍ ചെയ്തപ്പോളായിരുന്നു . ഉപ്പച്ചി ഉമ്മച്ചിയോടു പറഞ്ഞ മറുപടി എന്താണെന്ന് ഞാൻ കേട്ടില്ല , പക്ഷേ ചുന്നാസിനെ വിളിച്ചു അഭിനന്ദിക്കുകയും മോൾക്ക്‌ ഇനിയും എന്ത് വേണേലും കൊടുത്തയക്കാം  നീ ആര്‍ക്ക് വേണേലും കൊടുത്തോ എന്ന് പറയുകകൂടി ചെയ്തതോടെ ചുന്നാസ്  ഇപ്പോൾ ഒന്നരയടി പൊങ്ങിയാണ് നടക്കുന്നത് . 
എന്തായാലും  ഈ സംഭവത്തിൽ നിന്ന് എനിക്കൊരു ഗുണപാഠം കിട്ടി .. 'നല്ല കാര്യങ്ങൾ ചെയ്യുന്നതിന് പാര വെക്കരുത് അഥവാ വെച്ചാല്‍ തന്നെ അത് ബൂമറാംഗ് പോലെ തിരിച്ചുവരും'  അത്രതന്നെ. LinkWithin

Related Posts Plugin for WordPress, Blogger...