Mar 21, 2011

ചുന്നക്കുട്ടി V/S മായാവി.

ഒരു മഴയുള്ള ദിവസം രാവിലെയാണ് നനഞ്ഞു കുതിര്‍ന്നു വിറച്ചു വീടിന്‍റെ പിറകിലെ ചവിട്ടുപടിയുടെ ഒരു മൂലയില്‍ പതുങ്ങി ഇരിക്കുകയായിരുന്ന  തൂവെള്ളയില്‍ ചെറിയ കറുത്ത മറുകുകളുള്ള ആ തുടുത്ത കുഞ്ഞു പൂച്ചക്കുട്ടിയെ ചുന്നക്കുട്ടി കണ്ടെത്തിയത്, അതവിടെ എങ്ങിനെ എത്തിപ്പെട്ടു എന്ന കാര്യം ഇന്നും ഞങ്ങള്‍ക്കാര്‍ക്കും  അറിയില്ല എന്നതാണ് സത്യം. എവിടെനിന്നെങ്കിലും ഓടിപ്പോന്നതോ ആരെങ്കിലും കൊണ്ട്വന്നിട്ടതോ ആവാം , കണ്ണ് മിഴിഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അതിനപ്പോള്‍ , എന്തായാലും ചുന്നക്കുട്ടിക്ക് ബഹുത് ഖുഷിയായി , മറ്റുള്ളവര്‍ക്കും അതിന്റെ ഓമനത്വം ഇഷ്ടമായെന്നുതന്നെ പറയാം.   
ബാലരമയിലെ ഉണ്ണിക്കുട്ടന്‍റെ കടുത്ത ഫാനായിരുന്ന ചുന്നാക്ക് അതിനു പേരിടാന്‍ രണ്ടു വട്ടം ആലോചിക്കെണ്ടതില്ലായിരുന്നു.
അന്നൊക്കെ  അതിനെ നിലത്തുവെക്കാതെയാണ് കൊണ്ട് നടന്നിരുന്നത് കക്ഷി, ഉണ്ണിക്കുട്ടന് കിടക്കാന്‍ ബാത്ത്ടവ്വല്‍ വിരിച്ച് തന്‍റെ റൂമില്‍ തന്നെ അവള്‍ ഒരു മെത്തയൊരുക്കി, പുട്ടടിക്കാനായി ഒരു പാത്രം; പാല് കൊടുക്കാന്‍ മറ്റൊന്ന്‌, തട്ടിക്കളിക്കാന്‍ ഒരു പന്ത് അങ്ങിനെ പലതും ,  കുളിപ്പിക്കലും പാല് കൊടുക്കലും കണ്ടാല്‍ അവളുടെ സ്വന്തം അനുജനാണെന്ന് തോന്നിപ്പോകുമായിരുന്നു.
തനിക്ക് തട്ടാന്‍ കിട്ടുന്ന പുട്ട് എന്ത് തന്നെ ആയാലും അതിലൊരു പങ്കു ഉണ്ണിക്കുട്ടന് ഉള്ളതായിരുന്നു, പൂച്ച ചോക്കലേറ്റും ഐസ്ക്രീമും തിന്നാതിരുന്നതിനാല്‍ അവളുടെ പ്രധാനപ്പെട്ട ആ  ഭക്ഷണത്തിന്‍റെ പങ്കു അതിനുകൊടുത്തിരുന്നില്ലെന്നു മാത്രം. എങ്കിലും തന്‍റെ കഴിവിന്‍റെ പരമാവധി അതിനെ ചോക്ലേറ്റും ഐസ്ക്രീമും ഈറ്റിക്കാന്‍ ഓളാര് ട്രൈ ചെയ്തിരുന്നു എന്നത് നേരാണ്, അവളോടൊപ്പം ഉണ്ടും ഉറങ്ങിയും ഉണ്ണിക്കുട്ടനങ്ങനെ സുഖിച്ചു വാഴവേയാണ് അതിന്‍റെ കാലക്കേടിനെന്നോണം മുറ്റത്തെ തെങ്ങില്‍നിന്നും ഒരു അണ്ണാന്‍ കുട്ടിയെ ചുന്നാക്ക് വളര്‍ത്തു പുത്രനായി വീണു കിട്ടിയത്, അതോടെ ഉണ്ണിക്കുട്ടന്‍ എന്ന പേര് അണ്ണാന്‍ കുട്ടിക്കും ആ സമയത്ത് ഒരു തരംഗമായി ആഞ്ഞടിച്ചിരുന്ന വികൃതിക്കുട്ടനായ ടിന്റുമോന്‍റെ പേര് പൂച്ചക്കുട്ടിക്കും മാറ്റപ്പെട്ടു.
ന്യൂ ഉണ്ണിക്കുട്ടന്‍ വന്നതോടെ ഓള്‍ഡ്‌ ഉണ്ണിക്കുട്ടന്‍ അഥവാ ന്യൂ ടിന്റുമോന്‍റെ ഫുഡ്‌ ക്വോട്ട ഷെയര്‍ ചെയ്യപ്പെട്ടുതുടങ്ങി , അണ്ണാന്‍ കുഞ്ഞിനു പാലുകൊടുക്കാന്‍ തന്‍റെ തന്നെ പഴയ ഫീഡിംഗ് ബോട്ടില്‍  അവള്‍ തപ്പിയെടുത്തു, മൂളിപാട്ടൊക്കെ പാടി ഒരു വെള്ള ടവ്വലില്‍ കിടത്തി അതിനു പാല് കൊടുക്കുന്ന ആ കാഴ്ച  ഒരു ഒന്നൊന്നര കാഴ്ച്ചതന്നെയായിരുന്നു. അതിനാണെങ്കില്‍ ജനിച്ചേ പിന്നെ വെള്ളം കണ്ടിട്ടില്ലാത്തത്ര ആര്‍ത്തിയും..
തുടക്കത്തില്‍ ഉണ്ണിക്കുട്ടനും ടിന്റുമോനും തമ്മില്‍ മുട്ടന്‍ വഴക്കായിരുന്നു , ചുന്നാടെ ഫസ്റ്റ് പെറ്റെന്ന സ്ഥാനം നഷടപ്പെട്ടപ്പോള്‍ ഉണ്ടായ കണ്ണുകടിയാണോ അതോ തന്‍റെ പാലിന്‍റെയും പഴത്തിന്‍റെയും പങ്കു പറ്റാന്‍ എവിടെ നിന്നോ വലിഞ്ഞു കേറി വന്നവന്‍ എന്ന രോഷമാണോ ടിന്റുമോനെ ഒരു വഴക്കാളി ആക്കിയതെന്നു അറിയില്ല, കാരണമെന്തായാലും ചുന്നാക്ക് ടിന്റുമോനോടുള്ള അടുപ്പം കുറഞ്ഞെന്നു പറഞ്ഞാല്‍ മതിയല്ലോ!  പിന്നീടിങ്ങോട്ട് ഒരു മനുഷ്യക്കുട്ടിക്കു ഒരു പൂച്ചകുട്ടിയോട് ചെയ്യാന്‍ കഴിയുന്നതിന്‍റെ പരമാവധി ദ്രോഹങ്ങള്‍ ഈ ഒന്നൊന്നര കൊല്ലം കൊണ്ട് ആ മിണ്ടാപ്രാണിയോട് ആ കിടുങ്ങാമണി ചെയ്തുകഴിഞ്ഞിരിക്കുന്നു,  അതിന്‍റെ രണ്ടു കയ്യും പൊക്കിപ്പിടിച്ചു രണ്ടു കാലില്‍ നടത്തുക , പിറകിലൂടെ ചെന്ന് വാലില്‍ പിടിച്ചു വലിക്കുക, അതിന്‍റെ മുന്നില്‍ കണ്ണാടി കാട്ടി പേടിപ്പിക്കുക തുടങ്ങിയ വീര ശൂരപരാക്രമങ്ങളാണ് അവയില്‍ മുഖ്യം.
അതിന്നിടെ രണ്ടു മാസം മുമ്പ് ഒരു ദിവസം അടുക്കളയിലെ അടുപ്പിന്നടുത്തു ചൂട് കൊണ്ട് ഇരിക്കുകയായിരുന്ന ടിന്റുമോന്‍റെ  പുറകിലൂടെ പമ്മിച്ചെന്ന് ചുന്നക്കുട്ടി തന്‍റെ സ്ഥിരം ഹോബിയില്‍ ഒന്നായ വാലില്‍പിടിച്ചുവലി നടത്തിയപ്പോള്‍ തീരെ സഹികെട്ടാണെന്നു തോന്നുന്നു,  അതോ ആളറിയാതെയാണോ എന്നറിയില്ല  അത് തിരിഞ്ഞ് നല്ലൊരു മാന്ത് വെച്ചുകൊടുത്തു,  അന്നത്തോടെ വാലുപിടിപരിപാടി മൂപ്പത്തി അവസാനിപ്പിച്ചെങ്കിലും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും സ്വൈരം ഇല്ലാതായി എന്ന് പറഞ്ഞാല്‍ മതിയല്ലോ! അന്ന് മുതല്‍ വരുന്നോരോടും പോകുന്നോരോടും വഴിയെപോണോരെ വിളിച്ചുവരുത്തിയും  പറയാന്‍  തുടങ്ങിയ ആ പൂച്ച മാന്തിയ കത്തിക്കഥ ഇന്നും ഫുള്‍സ്റ്റോപ്പില്ലാതെ തുടരുന്നു.. ആരെ കണ്ടാലും ചുന്നാടെ ആദ്യത്തെ ചോദ്യം വീട്ടില്‍ പൂച്ചയുണ്ടോ എന്നാണ്, ഉണ്ടെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും പത്തു മിനിട്ടോളം നീളമുള്ള അവളുടെ മാന്തിക്കഥ കുറേ പൊടിപ്പും തൊങ്ങലും വെച്ച് കേട്ട് സഹിച്ചേ പറ്റൂ.. ഒടുവില്‍ ഫ്രീയായി ഒരു ഉപദേശവും കേള്‍വിക്കാരന് കിട്ടും " പൂച്ചയുടെ വാലില്‍ പിടിച്ചു വലിക്കരുത്‌ട്ടോ ..അത് തിരിഞ്ഞു മാന്തും"
ദൂരദര്‍ശിനി  വെച്ച് നോക്കിയാല്‍ ഒരു മങ്ങിയ പെന്‍സില്‍ വര പോലെയുള്ള ഒരു കോറല്‍ അത്രേ ഉള്ളൂ സംഭവം, പറയുന്നത് കേട്ടാല്‍ തോന്നും പൂച്ച ഒന്നുമാന്തിയപ്പോള്‍  തൊലി മുഴുവന്‍  ഉരിഞ്ഞു പോയെന്നു , അതിന്മേല്‍ ഇനി പുരട്ടാത്ത മരുന്ന് വല്ലോം കാണണമെങ്കില്‍ പുതിയത് വല്ലതും കണ്ടു പിടിക്കേണ്ടി വരും !
കുടുംബത്തിലെ സ്വന്തക്കാരും ബന്ധക്കാരു മായിട്ടുള്ള ഒരൊറ്റ എണ്ണത്തിനെ വെറുതെ വിട്ടിട്ടില്ല അവള്‍, കൂടാതെ വീടിന്‍റെ ഒരു പത്തുവീട് ചുറ്റിലുള്ള അയല്‍ വീട്ടുകാരും പിന്നെ സ്കൂളിലെ മുഴുവന്‍ ടീചേര്‍സും കുട്ടികളും ഈ കത്തിക്കഥ ഒരു നൂറാവര്‍ത്തിയെങ്കിലും കേട്ട് മടുത്തതാണ്,  അങ്ങിനെ "ചുന്നക്കുട്ടിയെ പൂച്ച മാന്തിയ പോലെ"  എന്നൊരു പുതിയ ചൊല്ല് ഉരുത്തിരിഞ്ഞു വരുമോ എന്നുപോലും സംശയം ഉണ്ടായിരുന്നു , കഴിഞ്ഞൊരു ദിവസം ഞങ്ങളുടെ വീടുപണിക്ക് പുതുതായി വന്ന ഒരു തമിഴത്തിയോടും തന്‍റെ പൂച്ചക്കഥ പറഞ്ഞു തകര്‍ക്കുന്നത് കേട്ട് നോക്കുമ്പോള്‍ ആ പെണ്ണ് വായും പൊളിച്ചു നില്‍ക്കുന്നത് കണ്ടു.. വായില്‍ മുന്‍പല്ലുകള്‍ രണ്ടെണ്ണം ഇല്ലാത്തതിനാല്‍ ചുന്നാടെ "ഷ" കളെല്ലാം "സ" ആയിപ്പോകുന്ന ആ പുതിയ ഭാഷകേട്ട് അതിനെന്ത് മനസ്സിലായോ ആവോ?
വീട്ടിലേക്കിപ്പോള്‍ ആരെങ്കിലും   ഫോണ്‍ ചെയ്യുമ്പോള്‍ ഫോണെടുക്കുന്നത് ചുന്നയാണെങ്കില്‍ വിളിക്കുന്നവര്‍ ആളറിയിക്കാതെ കോള്‍ കട്ട് ചെയ്യുക പതിവാക്കിയിരിക്കുന്നു.  സഹിക്കുന്നതിന്‍റെ പരമാവധി ഓരോരുത്തരും സഹിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് സാരം.
അടുത്തൊരു ദിവസം ആരോടോ ഫോണിലൂടെ അവള്‍ മാന്തിക്കഥ കത്തിക്കുന്നത് കേട്ട് ഉമ്മച്ചി ചെന്ന് നോക്കുമ്പോള്‍ HDFC  ബേങ്കിന്‍റെ മാനേജര്‍ ഉമ്മച്ചിയോടെന്തോ ചെക്കിന്‍റെ കാര്യം പറയാന്‍ വിളിച്ചതായിരുന്നു, പാവം മൂപ്പര്‍ക്കും കിട്ടി  അവളുടെ സൌജന്യ ഉപദേശം,  മോള് മിടുക്കിയാണല്ലോ എന്ന് അദ്ദേഹം ഉമ്മാട് പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണോ ആവോ!

അന്നത്തെ മാന്ത് സംഭവത്തോടെ അവളുടെ നിഴലനക്കം കണ്ടാല്‍ പിന്നെ ഒളിച്ചു മാറി നടക്കാന്‍ തുടങ്ങി പാവം ടിന്റുമോന്‍, കാരണം എവിടെ വെച്ച് അതിനെ കണ്ടാലും ഫുഡ്ബോള്‍ തട്ടും പോലെയാണ് ഓളാരുടെ തട്ട് അതിനിട്ട്,  ചുന്ന സ്കൂളിലേക്കായി പടിയിറങ്ങും വരെ ടിന്റുമോനെ തിരിയിട്ടു തിരഞ്ഞാല്‍ പരിസരത്തൊന്നും കാണില്ല, കട്ടിലിന്റെയോ മേശയുടെയോ ചുവട്ടിലോ അല്ലെങ്കില്‍ കബോഡിന്‍റെ വിടവിലോ മൂപ്പര്‍ പതുങ്ങിക്കൂടും , അവളുടെ സ്കൂള്‍ ബസ്സ്‌ പോയെന്നു കണ്ടാല്‍ കക്ഷി രംഗത്ത് ഉടനെ ഹാജരാകും, പിന്നെ അണ്ണാറക്കണ്ണനെയും, കോഴിക്കുട്ടികളെയുമൊക്കെയായി അവിടെയൊക്കെ ചുറ്റിപ്പറ്റി നടക്കുകയും നാലരയോടെ ചുന്ന വരുന്ന  സ്കൂള്‍ ബസ്സിന്‍റെ ഹോണ്‍ കേട്ടാലുടനെ എങ്ങോട്ടെങ്കിലും മായുകയും ചെയ്യും അവന്‍ , അവളുടെ മുന്നില്‍ അപൂര്‍വമായി മാത്രം പ്രത്യക്ഷമാകാന്‍ തുടങ്ങിയപ്പോഴാണ് ഇവന് മായാവിയുമായി വല്ല അടുപ്പവുമുണ്ടോ എന്നവള്‍ക്ക് സംശയം തോന്നിതുടങ്ങിയത്, അങ്ങിയാണ് അവനു  മായാവിയെന്ന് പെരുമാറ്റം സംഭവിക്കാന്‍ ഇടയായതും.  
കാര്യങ്ങള്‍ അങ്ങിനെയൊക്കെ ആണെങ്കിലും നേരം ഇരുട്ടിയാല്‍ പിന്നെ മായാവി ചുന്നാടെ കാല്‍കീഴില്‍ ഉണ്ടാവും അവളുടെ കാലില്‍ മുട്ടിയും ഉരുമ്മിയും അങ്ങിനെ വട്ടം ചുറ്റി നില്‍ക്കുന്നത് കാണാം, ഓളാര്‍ക്കും മായാവിയെ കണ്ടില്ലെങ്കില്‍ ഉറക്കം കിട്ടില്ല എന്ന മട്ടാണ്,  രാത്രി രണ്ടുപേരും കൂടി മുട്ടിയുരുമ്മിക്കൊണ്ടുള്ള ആ കിടപ്പ് കണ്ടാല്‍ ഇവര് തമ്മില്‍ പകലുള്ള പതിവ് പിണക്കം വെറുതെ ആളെ മക്കാറാക്കാനല്ലാതെ മറ്റെന്തിന് 
എന്ന് തോന്നുന്നതില്‍ആരെയെങ്കിലും കുറ്റം പറയാനാവുമോ!

LinkWithin

Related Posts Plugin for WordPress, Blogger...