Nov 24, 2010

"ബഹുത്ത് ശുക്ക്രിയ"

ഈ ചിപ്പി ഇവിടെ  തുറക്കുമ്പോള്‍ ഇത്രക്കങ്ങോട്ടു ഞാന്‍ പ്രതീക്ഷിച്ചില്ലാട്ടോ.. ബൂലോകക്കൂട്ടം ഇങ്ങിനെ മനസ്സ് തുറന്നൊരു വരവേല്‍പ്പ് നടത്തുമെന്ന് സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ കരുതിയില്ല , എന്‍റെ ചിപ്പിയില്‍ വന്നെത്തി ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളും നല്‍കിയ പ്രിയപ്പെട്ട നിങ്ങള്‍ക്ക് അവിടെ നന്ദി, അല്ലെങ്കില്‍ സന്തോഷം എന്നൊരു കുറിപ്പെഴുതി 
അവസാനിപ്പിക്കുന്നത് ശെരിയല്ല എന്ന് മനസ്സ് 
പറഞ്ഞു,  ഞാനത് കേട്ടു , അനുസരിക്കുന്നു  അത്രേയുള്ളൂ..മാത്രോമല്ല എന്തിലും ഒരു വ്യത്യസ്ഥതയും  പുതുമയും വേണമെന്ന പക്ഷക്കരിയാണ് ഞാന്‍ ...!
ഇനി കാര്യത്തിലേക്ക് കടക്കാം .. ഈ  ബൂലോകമെന്ന ബാലികേറാ മലയിലേക്ക്  കയറാനും നിങ്ങളെയൊക്കെ പരിചയപ്പെടാനും  എനിക്ക് വഴി ഒരുക്കിത്തന്ന എന്‍റെ പ്രിയപ്പെട്ട ഉപ്പാട് തന്നെ ഞാന്‍ ആദ്യം നന്ദി രേഖപ്പെടുത്തട്ടെ , അതോടൊപ്പം ഒരു ക്ഷമാപണവും കൂടി.. എന്തെന്ന് വെച്ചാല്‍  എന്‍റെ പോസ്റ്റില്‍ ഉപ്പാക്ക് ജാഡയാണെന്നു എഴുതേണ്ടി വന്നതിന് ,ഒന്നാലോചിച്ചാല്‍  അത്  എങ്ങിനെ എഴുതാതിരിക്കും എന്നൊരു മറുചിന്ത ഇത് എഴുതുമ്പോഴും  ഉള്ളില്‍ മുട്ടിതിരിയുന്നു,  അല്ലെങ്കില്‍ നിങ്ങളുതന്നെ പറ വിശന്നുറങ്ങുന്നവനെ വിളിച്ചുണര്‍ത്തി ചോറില്ല എന്ന് പറഞ്ഞപോലെ മോള്‍ക്ക്‌ ഞാനൊരു ബ്ലോഗുണ്ടാക്കിതരാം നീ വരയ്ക്കുന്ന ചിത്രങ്ങളും എഴുതുന്ന കഥകളും  മറ്റും അതില്‍ പോസ്റ്റാം എന്നൊക്കെ പറഞ്ഞു മനുഷ്യനെ മോഹിപ്പിച്ച് അത് നാളെയാകട്ടെ മറ്റന്നാളാകട്ടെ നോമ്പ് കയ്യട്ടെ പെരുന്നാള്‍ കഴിയട്ടെ.. ഓണം വരട്ടെ വിഷു കഴിയട്ടെ...കൂടുതലെന്തിനു പറയുന്നു  അങ്ങിനെ അങ്ങിനെ സംഭവം  നീട്ടിവലിക്കാന്‍ നൂറു നൂറു കാരണളായിരുന്നു മൂപ്പര്‍ക്ക്. ഒടുവില്‍ പറഞ്ഞത് ഹജ്ജു പെരുന്നാളുകൂടി ഒന്നങ്ങോട്ടു കഴിഞ്ഞോട്ടെ എന്നാണു അത് കഴിഞ്ഞിട്ടും ചങ്കരന്‍ തെങ്ങേല്‍ തന്നെ.. .അതോടെ എനിക്ക് ഒരു കാര്യം ബോധ്യമായി ഇനി കോഴിക്ക് മുലവരുന്ന കാലത്തേ ഉപ്പ ഉണ്ടാക്കുന്ന ബ്ലോഗ് കാണാന്‍ യോഗമുണ്ടാവൂ എന്ന് , അതുകൊണ്ടാണ്  അനസ്ക്കാനെ വിരട്ടിയും വഴിതടഞ്ഞും ഈ ബ്ലോഗ് ഈ കോലത്തില്‍ ആക്കി എടുത്തതും  ,  ഇത്തിരി പ്രയാസപ്പെട്ടാണെങ്കിലും  മലയാളം ടൈപ്പുചെയ്യാന്‍ പഠിച്ചതും..അതുകൊണ്ട് അടുത്ത നന്ദി ആ മൂത്താപ്പാടെ മോനിരിക്കട്ടെ..
പിന്നെ  എന്‍റെ ആരോഗ്യപരവും, നിലനില്‍പ്പിന് വളരെ അത്യന്താപെക്ഷിതവുമായൊരു മുന്നറിയിപ്പ്..  ഉപ്പയും ഉമ്മയും സമ്മതിക്കാതെ ഇങ്ങിനെ ഒരു സംരംഭം എനിക്കാവില്ല എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ, അത് കൊണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ തായ്‌ക്കുലങ്ങളെ ഞാന്‍ തള്ളിപ്പറയുന്ന പ്രശ്നമില്ല എന്നത് ഇവിടെ ആവര്‍ത്തിച്ചു പ്രഖ്യാപിച്ച്കൊള്ളുന്നു.. നിങ്ങളും ഒന്നാലോചിച്ചു നോക്ക് ഇലക്കും മുള്ളിനും കേടില്ലാത്തവിധം അവരെ ഒന്ന് സുഖിപ്പിച്ചു നിറുത്തുന്നതല്ലേ എന്ത്കൊണ്ടും നല്ലത്!  പിന്നെ ഉമ്മാടെ വക വാണിംഗ് ഇപ്പോള്‍തന്നെ ഇടയ്ക്കിടെ  കിട്ടുന്നുണ്ട്‌  "നീ ബ്ലോഗും ഫേസ്ബുക്കുമൊക്കെയായി ഉഴപ്പി നടന്നോ.. എക്സാം റിസള്‍ട്ട്‌ വരുമ്പോള്‍ അറിയാം കാക്ക മലര്‍ന്നു പറക്ക്വോ ചെരിഞ്ഞു പറക്ക്വോ എന്നൊക്കെ.. അതിനു നിന്നെ മാത്രം പറഞ്ഞിട്ട് കാര്യമില്ല ഇതിനൊക്കെ വളം വെച്ച് തരുന്ന നിന്‍റെ ബാപ്പാനെ ആദ്യം പറയണം..നീ നിന്‍റെ താത്തമാരെ കണ്ടു പടിക്കെന്‍റെ മോളെ " എന്നതാണ് ആ മുന്നറിയിപ്പ്
ഈ കാക്കയെ കുറിച്ചുള്ള പരാമര്‍ശം  എന്താണെന്ന് വെച്ചാല്‍ കഴിഞ്ഞ പരീക്ഷാ സീസണില്‍ ബാലരമ ചൂടോടെ വായിച്ചുകൊണ്ടിരുന്ന എന്നോടായി എല്ലാ മാതൃകാമാതാക്കളെയും പോലെ എന്‍റെ ഉമ്മയും പറഞ്ഞു " നേനാ..നീയീ ബാലരമ ബൈഹാര്‍ട്ട് ആക്കാനിരിക്കാതെ  പരീക്ഷക്ക് എന്തെങ്കിലും എടുത്തുവെച്ചു പടിക്കാന്‍ നോക്കെടി" എന്ന്, അത് കേട്ടതും എന്തോ എന്‍റെ വിവരക്കേടെന്നു പറയാലോ ഏതോ ഒരു ആവേശത്തിന് ഞാന്‍ പറഞ്ഞു ഈ എക്സാമില്‍ എന്നല്ല ഇനി വരുന്ന എല്ലാ എക്സാമുകളിലും ഞാന്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സയില്ലെങ്കില്‍ നിങ്ങള്‍ക്ക് കാക്ക മലര്‍ന്നു പറക്കുന്നത് കാണാമെന്ന്.. അതോടെ ഞാന്‍ പുലിവാല് പിടിച്ച പോലെയായി ..ഉമ്മയും താത്തമാരും വേണ്ടപ്പെട്ടവരും എന്ന് വേണ്ട എന്‍റെ ഇളയ സഹോദരി ചുന്നക്കുട്ടി വരെ അതില്‍ കേറി പിടിച്ചു നടക്കുകായിപ്പോള്‍, ഈ ബ്ലോഗിലെ ഉപ്പാടെ കമ്മന്റിലും അതിന്‍റെ ഒരു മണം എനിക്ക് കിട്ടി  ..ഏതു ഗ്രഹണം പിടിച്ച നേരത്താവോ എനിക്ക് അങ്ങിനെ പറയാന്‍ തോന്നിയത് , ഇനി ഇപ്പൊ അതോര്‍ത്തു കുന്തിച്ചിരുന്നിട്ടു  കാര്യമില്ലല്ലോ!  എക്സാമിലെങ്ങാനം മുങ്ങിപ്പോയാല്‍ ഉള്ള മാനം കപ്പല് കയറിയത് തന്നെ .. വരാനുള്ളത് വന്ന് കാലില്‍ ചുറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ..ഇനിപ്പോ വരുന്നേടത്തു വെച്ച് കാണാം .അല്ല പിന്നെ...
(ഉപ്പയും,ഉമ്മയും..പണ്ടത്തെ..ഒരു..ഫോട്ടോ)
                        (നസ്മിതാത്ത രണ്ടാം വയസ്സ്)                                                                                                                                                                         
കാക്കയെങ്ങാനും മലര്‍ന്നു പറന്നാല്‍...എന്റെമ്മോ അത് ആലോചിക്കാന്‍ കൂടി എനിക്ക് വയ്യായേ...എങ്കിലും അങ്ങിനെ സംഭവിക്കില്ലെന്നുള്ള ഉറച്ച ആത്മവിശ്വാസം എനിക്കുണ്ട്.. ഇനി വീണ്ടും വിഷയത്തിലേക്ക് വരാം ...അടുത്ത കാര്യപരിപാടി എനിക്ക് കമ്മന്റിയ ഓരോരുത്തര്‍ക്കായുള്ള മറുപടിയും നന്ദി പ്രകാശനവുമാണ്...
അതിനു മുമ്പ് ഒരു ഷോര്‍ട്ട്  ബ്രേക്ക്‌....കാരണം ഇത് ഇങ്ങിനെ       നീട്ടി പ്പരത്തിക്കൊണ്ടു പോയാല്‍ ആര്‍ക്കായാലും ഒക്കാനിക്കാന്‍ വരുമെന്ന് അനുഭവങ്ങളിലൂടെ എനിക്കറിയാം...സൊ, അടുത്ത എപ്പിസോഡില്‍  ഈ ശുക്ക്രിയ തുടരാം...അതുമായി വരും വരെ വിടപറയുന്നു ...നിങ്ങളുടെ സ്വന്തം...
നേനാ സിദ്ധീഖ്.

LinkWithin

Related Posts Plugin for WordPress, Blogger...