Dec 4, 2010

കസ്തൂരി മാന്‍ ..

ഞാന്‍ വല്ലാത്തൊരു മൂഡോഫില്‍ ആണ് എന്‍റെ പ്രിയപ്പെട്ടവരേ, കാരണം മറ്റൊന്നുമല്ല രണ്ടും നാലും ദിവസം മെനക്കെട്ടു  കുത്തിയിരുന്ന്  തല പുണ്ണാക്കി  ഉമ്മാട് ഭയങ്കര പഠനമാണെന്നൊക്കെ  പറഞ്ഞ് കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കി ടൈപ്പ് ചെയ്തെടുത്ത് ചിപ്പിയില്‍ രണ്ടു പോസ്റ്റിട്ടപ്പോള്‍ അത് എന്‍റെ ഉപ്പാടെ അക്കൌണ്ടിലേക്ക് എഴുതി ചേര്‍ക്കുകയാണ് പലരും,  ഉപ്പയും മാമിയും അനസുക്കായും  താത്തമാരുമൊക്കെയല്ലേ നേനാ നിനക്കുവേണ്ടി എഴുതുന്നതെന്ന് പലരുടെയും ചോദ്യം കേട്ട് എനിക്ക് സത്യമായും സങ്കടോം കരച്ചിലും ഒക്കെവരുന്നുണ്ട്ട്ടോ, ഇവരില്‍ ഉപ്പ മാമി അനസ്ക്ക എന്നിവരുടെ കാര്യം ഞാന്‍ പകുതി സമ്മതിച്ചുതരാമെങ്കിലും  അത് ബ്ലോഗിന്‍റെ സാങ്കേതികമായ കാര്യങ്ങളില്‍ മാത്രമേ ഉള്ളൂ എന്നും  , പോസ്റ്റില്‍ ആരും കൈകടത്താറില്ല എന്നുമുള്ള കാര്യങ്ങള്‍ ഞാന്‍ അസന്നിഗ്ദമായി ഇവിടെ  പ്രഖ്യാപിച്ചു കൊള്ളുന്നു.. പിന്നെ, എനിക്ക് ബുദ്ധിതീരെ ഇല്ലെന്നാണ് പലരും മനസ്സിലാക്കി വെച്ചിരിക്കുന്നതെന്നു തോന്നുന്നു, മൂന്നാം ക്ലാസ്സില്‍ നിന്നും അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ചത് മുതല്‍ കളിക്കുടുക്ക, ബാലരമ, മനോരമ വനിത ആരാമം പൂങ്കാവനം തുടങ്ങിയ കേരളത്തിലെ കുട്ടി ക്ലാസ്സിക്കുകള്‍ വായിച്ചുകൊണ്ടിരിക്കുന്നവളാണ് ഞാന്‍, കൂട്ടത്തില്‍ എന്‍റെ ഉപ്പാടെ ലൈബ്രറി കളക്ഷനില്‍ നിന്നും ബേപ്പൂര്‍ സുല്‍ത്താന്‍ക്ക , എം.ടി.മാമ , മുകുന്ദേട്ടന്‍ തുടങ്ങിയവരുടെ വായിച്ചാല്‍ മനസ്സിലാവുന്നവയും വായനയില്‍ ഉള്‍പ്പെടുത്തിയിരുന്നു ,പിന്നെ ഉമ്മുമ്മയും, പെറ്റയും, വല്യുപ്പയും പറഞ്ഞ് തന്നിരുന്ന കഥകള്‍.. അതൊക്കെ  കേള്‍ക്കുമ്പോഴും വായിക്കുമ്പോളും ഒരു എഴുത്തുകാരി ആകണമെന്ന് എനിക്ക് വല്ലാത്ത മോഹം ഉണ്ടായതിന് എന്നെ കുറ്റം പറയാന്‍ പറ്റുമോ? എന്‍റെ ഉമ്മ ചിലപ്പോ പറയുമായിരിക്കും അതിനു അതിന്റെതായ കാരണവും ഉണ്ട് ,  എന്‍റെ ഉപ്പ അതായത് ഉമ്മാടെ കേട്യോന്‍ കുവൈറ്റില്‍ അഞ്ചാറു കൊല്ലം കഷ്ട്പ്പെട്ടുണ്ടാക്കിയ കാശ് ഏതൊക്കെയോ സീരിയലിന്‍റെയും സിനിമയുടെയും  പുറകെ പോയി കളഞ്ഞു കുളിക്കുകയും, (ഇത് ഞാന്‍ പറയുന്നതല്ല ഉപ്പ തന്നെ പറഞ്ഞിട്ടുള്ളതാണ്, സംശയം ഉള്ളവര്‍ക്ക് ഇവിടെ ക്ലിക്കിയാല്‍ കാണാം) മൂപ്പരുടെ കുവൈറ്റ്‌ വിസ നഷ്ടമാക്കുകയും ചെയ്തതോടെ ഉമ്മാക്ക് എഴുത്തുകാര്‍, സീരിയലുകാര്‍, സംവിധായകര്‍ എന്നൊക്കെ കേള്‍ക്കുന്നത് തന്നെ കലിപ്പായി മാറി,  അക്കഥ അവിടെ നിക്കട്ടെ,  വിശദമായി പിന്നെപ്പറയാം ,ഇപ്പോള്‍  ഞാന്‍ ഇവിടുത്തെ വിഷയം  തുടരാം...
 
പുത്തിയുടെ കാര്യം പറഞ്ഞപ്പോഴാണ് എന്‍റെ ചുന്നക്കുട്ടിയുടെ ഒരു കാര്യം ഓര്‍മ്മവരുന്നത്.. ഇനി അതൂടെ അങ്ങ് പറഞ്ഞ് കളയാം , അവള്‍ എട്ടുവയസ്സുകാരി രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും ആറാം തമ്പുരാനില്‍ ലാലേട്ടന്‍ പറഞ്ഞതിനേക്കാള്‍ കുറച്ചൂടെ മുന്നിലായി  നാക്ക് എല്‍ എല്‍ ബിക്കാണ് പഠിക്കുന്നത്, സംഭവം എന്തെന്ന് വെച്ചാല്‍ ഞാന്‍ പുട്ടടിക്കാന്‍ മടിച്ചിരുന്ന കുട്ടിക്കാലത്ത് പെറ്റമ്മ പറഞ്ഞു തന്ന ഒരു പുത്തിക്കഥ ഞാന്‍ ഈയ്യിടെ അവള്‍ക്ക് പറഞ്ഞു കൊടുത്തു, കഥ നിങ്ങള്‍ക്കറിയാമായിരിക്കും എന്നാലും ഒന്ന് ചുരുക്കി റീ മൈന്‍ഡ്‌ ചെയ്യാം ..  ഒരു കുളത്തില്‍ താമസമാക്കിയിരുന്ന തവള നീര്‍ക്കോലി കണ്ണന്‍ മീന്‍ എന്നിവരുടെ ഒരു കൊച്ചു സംഭവമാണ്, ഇവര്‍ മൂന്നുപേരും സുഹൃത്തുക്കള്‍ പരസ്പരധാരണയോടെ ജീവിച്ചുപോരവേ ഒരു മീന്‍പിടുത്തക്കാരന്‍ വലയുമായി വരുന്നത് തവള കണ്ടു , തന്‍റെ സുഹൃത്തുക്കളെ അപ്പോള്‍ തന്നെ തവള വിവരം അറിയിച്ചെങ്കിലും നീര്‍ക്കോലി അഹങ്കാരത്തോടെ പറഞ്ഞത് ഞാന്‍ ആയിരം പുത്തിക്കാരനാണ് ,അതോണ്ട് ഞാന്‍ കുടുങ്ങില്ല നീ നിന്‍റെ കാര്യം നോക്കിക്കോ എന്നും കണ്ണന്‍ മീന്‍ നൂറു പുത്തിക്കരനാണ് ചണ്ടിക്കിടയില്‍ ഒളിച്ച് രക്ഷപ്പെട്ടോളാമെന്നുമാണ്, അവരോടു തവള പറഞ്ഞ മറുപടി  എനിക്ക് വെറും മുക്കാല്‍ പുത്തിയെ ഉള്ളൂ അതോണ്ട് ഞാന്‍ പൊത്തില്‍ ഒളിച്ചിരിക്കാന്‍ പോവുകയാ എന്നായിരുന്നു, അങ്ങിനെ കുളം പിടുത്തകാരന്‍റെ വലയില്‍ കുടുങ്ങിയ നീര്‍ക്കൊലിയെ അയാള്‍ തല്ലികൊല്ലുകയും കണ്ണന്‍ മീനെ നുറുക്കി കഷണങ്ങളാക്കി കൊണ്ടുപോകുകയും ചെയ്തു ..എല്ലാം പൊത്തില്‍ പാത്തിരുന്നു കണ്ടുകൊണ്ടിരുന്ന തവളചേട്ടന്‍  ഒടുവില്‍ കുളത്തിലേക്ക്‌ ഒരു ചാട്ടം വെച്ചുകൊടുതുകൊണ്ട്‌ ഒരു പാട്ട്  പാടി..

ആയിരം പുത്തിക്ക് തല്ലും കൊല്ലും..
നൂറു പുത്തിക്ക് വെട്ടും കൊട്ടും..
മുക്കാല്‍ പുത്തിക്കന്‍ തിത്തിക്ക തിമൃതെയ്‌..
ഈ കഥ കേട്ട ഉടനെ ചുന്ന മോള്‍ പറഞ്ഞത് കേള്‍ക്കണോ ..ആയിരം പുത്തിയും നൂറു പുത്തിയും നിങ്ങള്‍ താത്തമാര്‍ക്കല്ലേ നല്ലത് അത് നിങ്ങളെടുത്തോ  ..ഈ പാവം നമ്മക്ക് മുക്കാല്‍ പുത്തി തന്നെ മതിയേ പോന്നു ടീച്ചറേ....എന്ന്, മുട്ടേന്നു വിരിഞ്ഞിട്ടില്ല അതിനുമുമ്പ് പെണ്ണിന്‍റെ ഒരു വാചകമടി നോക്കണേ..ഇപ്പൊ നിങ്ങളോര്‍ക്കുന്നത് ഓ! ഇവളാരൊരു മുട്ടേന്നു വിരിഞ്ഞു കഴിഞ്ഞോള്‍...എന്നല്ലേ? എന്നാലും എന്‍റെ മുത്തുകളെ എന്നെക്കാള്‍ മൂന്നുനാല് വയസ്സിനു ഇളയതല്ലേ അവള്‍...!
ഛെ, ഓരോന്ന് പറഞ്ഞ് പറഞ്ഞ് ഈ പോസ്റ്റിനും നീളം കൂടിയല്ലോ പടച്ചോനെ..ഇനി എന്നെ കാണാനും ആശീര്‍വദിക്കാനും വന്നവര്‍ക്ക് ശുക്കിരിയ കൂടി പറഞ്ഞാല്‍ ഇതിന്‍റെ നീളം ഇരട്ടിയാവും, അത് കാണുമ്പോഴേ ഓ ഇവളുടെ ഒരു ഒടുക്കത്തെ പോസ്റ്റെന്നു മനസ്സില്‍ കരുതി നിങ്ങള്‍  ഒഴിവാക്കി പോകുകയും ചെയ്യും അതോണ്ട് ഇത് ഇവിടെ നിറുത്താന്‍ പോവുകയാണ്.. ശുക്രിയ രണ്ടാം ഘന്ഡം അടുത്തതിലാവാം എന്തേ..!..അതിനു മുമ്പ് ഒരു കൊച്ചു കാര്യം കൂടി പറയട്ടെ.., ഇവള് നിറുത്താനുള്ള ഭാവമില്ലല്ലോ എന്നൊന്നും നിനച്ചേക്കല്ലേ എന്‍റെ മുത്ത്‌ മണികളെ ,  ഈ പോസ്റ്റിന്‍റെ തലക്കെട്ടും ഈ പോസ്റ്റും തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ! കാര്യം ഞാന്‍ പറയാം ലോഹിഅങ്കിളിന്‍റെ ഒരു സിനിമയുടെ പേരും കൂടി ആണല്ലോ ഇത്! ഞാന്‍ കഴിഞ്ഞ ആഴ്ചയാണ് ഈ ചിത്രം കണ്ടത് എനിക്ക് വളരെ ഇഷ്ടമായി ആ പടം , പക്ഷേ കസ്തൂരിമാനിനെ കുറിച്ച് എനിക്ക് വല്യ പിടിപാടൊന്നും ഉണ്ടായിരുന്നില്ല താത്തമാരോട് ചോദിച്ചിട്ട് കാര്യമുണ്ടാകുമെന്നെനിക്ക് വിശ്വാസം തീരെ ഇല്ലായിരുന്നു, കാരണം കുച്ചിപ്പുടിയെ കുറിച്ച് ഒരിക്കല്‍ അസ്മ താത്താട് ചോദിച്ചപ്പോള്‍ പറഞ്ഞത് അത് അരിപ്പൊടി ഗോതമ്പ്പൊടി മുളകുപൊടി എന്നൊക്കെ പറയും പോലെ ഒരു പൊടിയാണെന്നാണ്.. അന്ന് വിവരക്കുറവിനാല്‍ പാവം ഞാനത് വിശ്വസിച്ചു , വിശ്വാസം അതാണല്ലോ എല്ലാം..! ഇനിയും അത്തരം വിവരം കൂടിയ ഉത്തരങ്ങള്‍ കിട്ടാന്‍ സാധ്യത ഉള്ളതിനാല്‍ ഈ സംശയം ഞാന്‍  ഉമ്മാട് ചോദിച്ചറിഞ്ഞു , ഉമ്മാടെ വിശദീകരണം കേട്ടപ്പോള്‍ എനിക്ക് തോന്നി ഞാനും ഇപ്പോള്‍ ഒരു കസ്തൂരി മാനാണല്ലോ എന്ന്! ഞാന്‍ ഉരച്ചുരച്ചു ഉണ്ടാക്കുന്ന കസ്തൂരിയെല്ലാം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു..ഏത്‌! എന്ത് പുടികിട്ടി? അത്ര തന്നെ..

LinkWithin

Related Posts Plugin for WordPress, Blogger...