Dec 19, 2010

ഉമ്മുമ്മ പറഞ്ഞത്..
 ചട്ടിയും  കലവും ആവുമ്പോള്‍
തട്ടിയെന്നും  മുട്ടിയെന്നും  വരാം
ചിലപ്പോഴൊന്നു പൊട്ടിയെന്നും.!
എന്നാലെന്നും പൊട്ടിക്കൊണ്ടിരുന്നാല്‍
കെട്യോന്‍റെ പെട്ടിക്കടി ചോരും..
ഒന്നും പൊട്ടാതെ നോക്കിയാലോ..
 അയലത്തെ തട്ടാന് പണി കൂടും
.
*        *         *         *        *        *


ഉമ്മുമ്മാടെ ഇങ്ങിനെയുള്ള വര്‍ത്താനം കേള്‍ക്കാന്‍ എനിക്ക് വല്യ ഇഷ്ടമായിരുന്നു , ഇതുപോലെ ഒരു പത്തിരുപതെണ്ണം ഉമ്മ കുറിച്ച്
വെച്ചിട്ടുണ്ട്, ആവശ്യത്തിന് എടുത്തിവിടെ ഞാന്‍  പോസ്റ്റിക്കോളാം..
 മാമീടെ മക്കള്‍ വിളിക്കുന്നത്‌ കേട്ടാണ് ഉപ്പാടെ ഉമ്മാനെ ഞാനും ഉമ്മുമ്മ എന്ന് വിളിച്ചു ശീലിച്ചത് , സാധാരണ ഉമ്മാടെ ഉമ്മാനെ ഉമ്മുമ്മ അല്ലെങ്കില്‍ പെറ്റമ്മ എന്നും ഉപ്പാടെ ഉമ്മാനെ വല്യുമ്മ  എന്നുമാണ് ഇവിടെ ഞങ്ങളുടെ കുടുംബത്തിലും നാട്ടിലുമൊക്കെ വിളിച്ചു പോരുന്നത്, അതൊക്കെ എന്തെങ്കിലുമാവട്ടെ, ഇവിടുത്തെ പ്രശ്നം അതൊന്നുമല്ല ,  ഇപ്പോഴിങ്ങിനെ ഓരോന്ന് പറഞ്ഞു തരാന്‍ എന്‍റെ ഉമ്മുമ്മ ഇല്ലല്ലോ എന്നോര്‍ത്താണ് എനിക്ക് സങ്കടം ,  നാല് കൊല്ലം മുമ്പ് ഹജ്ജിനു പോയതാണ്  പ്രിയപ്പെട്ട  ഞങ്ങളുടെ ഉമ്മുമ്മ  , അന്ന് എനിക്ക് എട്ടും ചുന്നാക്ക് നാലും വയസ്സായിരുന്നു , ഞങ്ങളെ കെട്ടിപ്പിടിച്ചു ഉമ്മവെച്ച് ഹജ്ജിനു പോകുന്ന ഗ്രൂപ്പിന്‍റെ ബസ്സില്‍ എയര്‍ പോര്‍ട്ടിലേക്ക് കയറിപ്പോയ ഉമ്മുമ്മ അടുത്തുള്ളൊരു വളവു തിരിയും വരെ ബസ്സിലിരുന്നു കൈ വീശുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു , പക്ഷെ , അന്നത് ഉമ്മുമ്മാടെ അവസാന യാത്ര ആകുമെന്ന് ഒരിക്കലും കരുതിയതല്ല, മക്കയിലെത്തി വിളിക്കുമ്പോഴെല്ലാം  എനിക്കും  ചുന്നാക്കും ഉമ്മുമ്മാടെ ചക്കരയുമ്മ ഫോണ്‍ വഴി കിട്ടിയിരുന്നു.
അന്ന്, ജനുവരി ഏഴാം തീയതി എന്ന ആ ദിവസം, വലിയ  പെരുന്നാള്‍ ആഘോഷത്തിന്‍റെ ബഹളങ്ങള്‍ക്കിടയിലേക്ക് ഒരു ഇടിത്തീ പോലെയാണ് ആ ഫോണ്‍ കോള്‍ മക്കയില്‍ നിന്നും എത്തിയത് ,  ഒരു അസുഖവും ഇല്ലാതിരുന്ന ഉമ്മുമ്മ പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചെന്ന്.
വിവരം കേട്ടറിഞ്ഞ നാട്ടുകാരും കുടുംബക്കാരും ബന്ധുക്കളും ഒറ്റക്കും തെറ്റയ്ക്കും വന്നുകൊണ്ടിരുന്നു തോരാതെ കണ്ണീരു തൂകുന്ന മാമിയെയും ഇത്തമ്മാനെയും ഉമ്മാനെയും മറ്റും വന്നവരെല്ലാം ആശ്വാസ വാക്കുകള്‍ പറഞ്ഞു സമാധാനിപ്പിച്ചുകൊണ്ടിരുന്നു, പക്ഷെ  കുട്ടികളായതുകൊണ്ടാണോ എന്തോ ഞങ്ങളോട് ആരും ഒന്നും പറഞ്ഞില്ല..
ഉമ്മുമ്മാടെ ഹജ്ജു യാത്ര പ്രമാണിച്ചു അന്ന് നാട്ടിലുണ്ടായിരുന്ന ഉപ്പ സംഭവ ദിവസം ബേങ്കളൂരില്‍ എന്തോ ആവശ്യത്തിന് പോയതായിരുന്നു , വിവരം അറിഞ്ഞു പിറ്റേന്ന് പുലര്‍ച്ചെ തിരിച്ചെത്തിയ ഉപ്പയെ കെട്ടിപ്പിടിച്ചു കരഞ്ഞ എന്നോട്  മോള് സങ്കടപ്പെടണ്ട പടച്ചോന്‍ വിളിച്ചു  ഉമ്മുമ്മ സ്വര്‍ഗത്തിലേക്ക് നേരിട്ട് പോയതല്ലേ ! എന്നൊരു ആശ്വാസ വാക്ക് തൊണ്ട ഇടറിക്കൊണ്ടാണെങ്കിലും  പറഞ്ഞത് എന്‍റെ ഉപ്പ മാത്രമാണ്.
 അതൊരു പുണ്യ മരണമായതിനാല്‍ മക്കത്തുതന്നെ കബറടക്കം നടത്തുകയായിരുന്നു .
ആ ദിവസങ്ങളിലെ മനോവേദനയും വിഷമവും എങ്ങിനെ പറഞ്ഞറിയിക്കുമെന്നു എനിക്കറിയില്ല , ഉമ്മ തല്ലാന്‍ വരുമ്പോള്‍ ഇടയില്‍ കേറി തടസ്സം നില്‍ക്കാന്‍ , വാശിപിടിക്കുമ്പോള്‍ ഉപദേശങ്ങള്‍ നല്‍കി അത് മാറ്റാന്‍ , കഥകള്‍ പറഞ്ഞു തന്ന് ചോറൂട്ടാന്‍.., നാടന്‍  പാട്ടുകള്‍ പാടി താലോലിച്ച് ഉറക്കാന്‍..ഇനി ഞങ്ങള്‍ക്ക് ഉമ്മുമ്മ ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ..ആ വിഷമം ഇരട്ടിയാവുന്നു .
അന്ന് ഉമ്മുമ്മയോടോപ്പം ഹജ്ജിനു പോയിരുന്ന വല്ലിപ്പയും പെറ്റുമ്മയും (എന്‍റെ ഉമ്മാടെ ഉപ്പയും ഉമ്മയും ) ഹജ്ജു കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ കൊണ്ടുവന്ന പെട്ടിയില്‍  മരിക്കുന്നതിനു മുമ്പ് ഉമ്മുമ്മ ഞങ്ങള്‍ക്കായി അവിടെ വാങ്ങി കരുതിവെച്ചിരുന്ന  വളകളും മാലകളും മോതിരവും കുഞ്ഞു തട്ടങ്ങളും പിന്നെ ഉമ്മുമ്മാടെ മരുന്നും വസ്ത്രങ്ങളും മറ്റും കണ്ടപ്പോള്‍ സങ്കടം സഹിക്കാനാവാതെ  പൊട്ടിക്കരഞ്ഞുപോയി ഞാന്‍, അതുകണ്ട് എന്തിനെന്നറിയാതെചുന്നക്കുട്ടിയും.
ഇപ്പോള്‍ ഓരോ ഹജ്ജു പെരുന്നാള്‍ ദിനവും ഞങ്ങളെ സംബന്ധിച്ച് ഉമ്മുമ്മാടെ ഓര്‍മ്മകള്‍ പുതുക്കുന്ന ദിനമാണ് , അറബു മാസക്കണക്കില്‍ ഈ കൊല്ലം ആ ദിനം കഴിഞ്ഞെങ്കിലും ഇംഗ്ലീഷ് വര്‍ഷ പ്രകാരം അത് ജനുവരി ഏഴിനാണ്.
ഇടക്കൊന്നു എടുത്തു നോക്കാന്‍ ഒരു ഫോട്ടോ പോലും ഉമ്മുമ്മയുടെതായി ഇവിടെ കാണുന്നില്ല, ഫോട്ടോ എടുക്കുന്നതൊന്നും മൂപ്പത്യേര്‍ക്ക് ഇഷ്ട്മായിരുന്നില്ലെന്നാണ് മാമിയുടെ സഹീഹായ റിപ്പോര്‍ട്ട് , ഹജ്ജിനു പോകാന്‍ പാസ്പോര്‍ട്ടും പാസ്പോര്‍ട്ട് എടുക്കാന്‍ ഫോട്ടോയും ആവശ്യമായതുകൊണ്ട് മാത്രം അതിനു വേണ്ടി ഫോട്ടോ എടുത്തിരുന്നു, പക്ഷെ ,പാസ്പോര്‍ട്ട്‌ മക്കയില്‍ പെട്ടതിനാല്‍ ആ വഴി മുട്ടി, അതെടുത്ത സ്റ്റുഡിയോയും പൂട്ടി.
പിന്നെ ഉമ്മുമ്മ അറിയാതെ എങ്ങിനെയോ ഒപ്പിച്ചെടുത്ത ഫോട്ടോകള്‍  കുറച്ചെണ്ണം എന്‍റെ ഇക്കപ്പാടെ കയ്യില്‍  ഉണ്ടത്രേ, മൂപ്പര്‍ അത് അബുദാബിയില്‍ കൊണ്ടു പോയിപൂട്ടി വെച്ചിരിക്കുകയാണ് പോലും.. ഇനി ഇക്കപ്പാനെ സോപ്പിട്ട് അതീന്നു രണ്ടെണ്ണം അടിച്ചു മാറ്റണം ,അങ്ങിനെ കിട്ടിയാല്‍ ഞാനിവിടെ പോസ്റ്റിടാം ,  ഉപ്പയാണെങ്കില്‍ ഫോട്ടോ എന്ന് വേണ്ട ഒരു കളക്ഷനിലും യാതൊരു താല്പര്യവും ഇല്ലാത്ത കൂട്ടത്തിലാണ് , മൂക്ക് മുട്ടെ തിന്നണം  കൂര്‍ക്കോം വലിച്ചു അന്തം വിട്ടുറങ്ങണം എന്ന ചില മഹത്തായ കാര്യങ്ങളില്‍ മാത്രേ മൂപ്പര്‍ക്ക് താല്പര്യം ഉള്ളൂ  ..ഉപ്പ ആയതോണ്ട് പൊക്കി പറയുകയാണെന്ന് കരുതരുത് ഇങ്ങിനെ ഒരു കുഴി മടിയനെ ഞാന്‍ ഈ ഒരു പ്രായതിന്നിടയില്‍ വേറെ  കണ്ടിട്ടില്ല.
പുറം മുട്ടിക്കൊടുക്കാന്‍ ഒരാള്‍  ഉണ്ടെങ്കില്‍ മൂപ്പരങ്ങനെ എത്ര മണിക്കൂറ് വേണേലും സുഖിച്ചു കിടന്നോളും...എന്‍റെ റബ്ബേ, മനുഷ്യര്‍ക്ക്‌ ഇങ്ങനെയും ഉണ്ടോ ഒരു ചൊറിപ്രാന്ത് എന്ന് ഉമ്മ ഇടയ്ക്കിടെ പിറുപിറുക്കുന്നത് കേള്‍ക്കാറുണ്ട് , പുറത്ത് കൊത്തിക്കിളച്ചു കൃഷി ഇറക്കിയാലും മൂപ്പര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാവുമെന്ന് തോന്നുന്നില്ല.. മോളെ അവിടെ മുട്ടടി ഇവിടെ ചൊറിയെടി എന്നൊക്കെ വായ്താരിയും പറഞ്ഞ് ഇഷ്ടനങ്ങിനെ പോത്തുപോലെ കിടക്കും , അതിന്നിടയില്‍ സിനിമ , ചോക്കലറ്റ്‌, ഐസ്ക്രീം തുടങ്ങിയ ഓഫറുകള്‍ പലതും ഉണ്ടാകുമെങ്കിലും ഒന്നുറങ്ങി എണീറ്റാല്‍ പിന്നെ മൂപ്പരീ വീട്ടുകാരനോ നാട്ടുകാരാനോ അല്ലാതാവുന്നതാണ് പതിവ്, അതിനെ കുറിച്ച് ചോദിച്ചാലോ ഞാനോ എപ്പോ പറഞ്ഞു എന്നൊരു മറു ചോദ്യമാണ് ഉണ്ടാവുക , ഈ ജന്മത്തില്‍ അങ്ങിനെ ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നുള്ള മട്ടാണ്..
ഉപ്പാടെ ഈ ഒരു അസുഖം കാരണം മൂപ്പന്‍ കിടക്കുകയാണെങ്കില്‍ ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും വെച്ചു മാറി നടക്കുകയെ ഉള്ളൂ.. എന്നാലും കൊല്ലത്തില്‍ ഒന്നോ രണ്ടോ മാസമല്ലേ ഉപ്പാനെ കാണാനും ആ തരികിടകള്‍ അനുഭവിക്കാനും കഴിയൂ എന്ന ആ വല്ലാത്ത ഓര്‍മ്മയില്‍ മനസ്സില്‍ തോന്നുന്ന എല്ലാ കുന്നായ്മകളും മഞ്ഞു പോലെ ഉരുകിപ്പോവും, പിന്നെ സിനിമയും വേണ്ട ചോക്കലേറ്റും വേണ്ടെന്ന മട്ടില്‍ ഞങ്ങള്‍ ആ പുറത്തു കയറി കുത്തിമറിഞ്ഞു മേയാറാണ്  പതിവ്..                                                                                                                   (ഉപ്പയും ഉമ്മയുമായി ഒരു പഴയ ഫോട്ടോ)
    
ഇത്തവണ ഉമ്മുമ്മയുടെ വിശേഷങ്ങളുമായി തുടങ്ങിയതിനാല്‍ ശുക്ക്രിയ രണ്ടാം എപ്പിസോഡ് ബാക്കിയായിതന്നെ കിടക്കുന്നു , അതുകൊണ്ട് കുറച്ചു പേര്‍ക്കെങ്കിലുംഇത്തവണ  ശുക്രിയ പറഞ്ഞില്ലെങ്കില്‍ ഇങ്ങോട്ടാരും തിരിഞ്ഞു നോക്കിയില്ലെന്ന് വരും , ഇപ്പോള്‍ തന്നെ എന്‍റെ ബ്ലോഗില്‍ കാഴ്ചക്കാരും അഭിപ്രായവും കുറയുന്നത് കണ്ടു താത്തമാര്‍ പരസ്യമായും, ഉപ്പ രഹസ്യമായും സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം..നേര് പറയണമെല്ലോ അക്കാര്യത്തില്‍ ഒരല്‍പം മനസ്സാക്ഷിയും വിഷമവും  ഉള്ളത് അനസ്‌ക്കാക്ക് മാത്രമാണ് .
എന്‍റെ പ്രിയ മുത്തുകളെ , പഠിപ്പിന്നിടയില്‍ എനിക്ക് നെറ്റില്‍ കയറാന്‍ ഉമ്മ അനുവദിച്ചു തന്നിട്ടുള്ളത് ഡെയിലി അര മണിക്കൂറും പിന്നെ ശനിയും ഞായറും മറ്റു എക്സ്ട്രാ അവധി ദിനങ്ങളിലും രണ്ടോ മൂന്നോ മണിക്കൂറും വീതമാണ് , ഇതില്‍ നിന്നും ഒരു നീക്കു പോക്കിനും എന്‍റെ ഉമ്മ തയ്യാറല്ല , അനുവദിച്ച സമയത്തില്‍ നിന്നും ഒരു മിനുട്ട് കൂടുതല്‍ എടുത്താല്‍ അത് നോക്കി റിപ്പോര്‍ട്ട് ചെയ്യാനായി  കയ്യിലൊരു എടുത്താല്‍ പൊന്താത്ത വാച്ചും കെട്ടി സി ഐ ഡി മൂസ്സിയെപോലെ ചുന്നക്കുട്ടി ഇവിടെത്തന്നെ ചുറ്റിപറ്റി ഉണ്ടാവും ,അതിനു അവള്‍ക്കു ഉമ്മ ഓഫര്‍ ചെയ്തിരിക്കുന്ന ഐസ്ക്രീമിലും മെച്ചപ്പെട്ട ഒരു ഓഫര്‍ കൊടുക്കാന്‍ ഒരു മൊട്ടുസൂചി വാങ്ങാന്‍ പോലും ഉമ്മയെ ആശ്രയിക്കേണ്ടി വരാറുള്ള  എനിക്കാവില്ലെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ ! എങ്കിലും എനിക്ക് കിട്ടുന്ന ചോക്കളേറ്റും മറ്റു അല്ലറ ചില്ലറ സാധനങ്ങളും കൊടുത്തും , പിന്നെ യാര്‍ഡ്‌ലി സോപ്പ് തന്നെ പതപ്പിച്ചും അഞ്ചു പത്തു മിനിട്ടുകളൊക്കെ അഡ്ജസ്റ്റ് ചെയ്യിക്കാറുണ്ടെന്ന് മാത്രം. പക്ഷെ ,വല്യൊരു ഔദാര്യം ചെയ്തു തരുന്ന മട്ടിലുള്ള അപ്പോഴത്തെ ഓളാരുടെ  ഒടുക്കത്തെ ഒരു ഭാവം , എന്റുമ്മോ അതാണ്‌  തീരെ സഹിക്കാന്‍ പറ്റാത്തത് , പിന്നെ ആവശ്യം നമ്മുടേതായി പോയില്ലേ ! സഹിക്കുക തന്ന.. ഇന്നത്തെ ഡിമാണ്ട് ഈ പോസ്റ്റില്‍ ഓളാരുടെ ഒരു ഫോട്ടോ ചെര്‍ക്കണമെന്നതാണ് , അതുംസഹിച്ചു  , അല്ലാതെന്തു ചെയ്യാന്‍ !


ഇനി ശുക്ക്രിയയിലേക്ക് കാലെടുത്തു വെക്കട്ടെ..
എന്‍റെ ആദ്യ പോസ്റ്റില്‍ ആദ്യ കമ്മന്റ് ഇട്ട മിസ്‌രിയ നിസാര്‍ ഇപ്പോള്‍ ഇടയ്ക്കിടെ ആ അവകാശവാദവുമായി വന്നു ശുക്രിയ ചോദിച്ചു തുടങ്ങിയിട്ട് കുറച്ചു നാളായി , ആ അവകാശം നിഷേധിക്കാനും  പൊളിച്ചെഴുതാനും പറ്റാത്തത് ആയതിനാല്‍ ഒരു പതിനായിരം ശുക്രിയ അങ്ങോട്ടു കൊടുക്കുന്നു ...ഇതില്‍ ആയിരം ആ കമന്റിനു വരവ് വെച്ച് ബാക്കി ഇനി എഴുതാന്‍ പോകുന്നതിലേക്കുള്ള അഡ്വാന്‍സായി വെക്കുക .
കമന്റില്‍ രണ്ടാമന്‍  ശ്രീ അങ്കിള്‍ ആയിരുന്നു ,അടുത്തത് റാംജി അങ്കിളും ഞാന്‍ ഏതൊക്കെ ബ്ലോഗില്‍ കയറിയിട്ടുണ്ടോ അവിടെയൊക്കെ നിറസാനിധ്യമായി രണ്ടുപേരെയും കണ്ട് വരുന്നുണ്ട് , അതുകൊണ്ട് ഈ അങ്കിള്മാര്‍ക്കുള്ളത് കുറച്ചു കഴിഞ്ഞു ഒന്നിച്ചു തരാം ..
പിന്നെ മദീനയില്‍ നിന്നും ഫൈസുക്ക,നിശാസുരഭി ,സുഫ്സിക്കാ , അനൂപ്ക്ക ,ഹൈനക്കുട്ടി, വില്ലേജ് മെന്‍ ,  ഡോക്ട്ടര്‍ ആര്‍ കെ തിരൂര്‍ , ജിക്കുചേട്ടന്‍, പള്ളിക്കര അങ്കിള്‍ ,ഹരിയണ്ണന്‍, യാത്രികന്‍,നിഴല്‍ , റോസാപൂക്കള്‍ ,സ്വപ്നസഖി, രാജേട്ടന്‍,ജാസ്മിക്കുട്ടി,കാര്‍ന്നോര്‍, രാമൊഴി ,മാണിക്യം, തലയംബലത്ത്, വേണുഗോപാല്‍ ,നിഷാംക്ക, രാധിക നായര്‍ ,കിരണ്‍ ,അജിത്‌ അങ്കിള്‍ ,അനീസ ആന്റി , ജുവൈരിയത്ത, പഥികന്‍, കച്ചരക്കോടന്‍, മുനീര്‍ക്കാ ,മത്താപ്പ്, ജയരാജ്‌ അങ്കിള്‍ , ലച്ചു ചേച്ചി ,ഉണ്ണിചെട്ടന്‍, മൈ ഡ്രീംസ്‌ ,മഹേഷ്‌ അങ്കിള്‍ ,റഷീദ്‌ക്കാ ,സുരേഷ് പുഞ്ചയില്‍ അങ്കിള്‍ ,ഏവൂര്‍ ജയേട്ടന്‍, കൈതമുള്ള്, എന്‍റെ ഹബിക്ക , അന്‍സാരിക്ക , സുധീര്‍ അങ്കിള്‍ ,ഉമേഷ്‌ ചേട്ടന്‍ ,മൊയ്തീന്‍ക്ക ,സുനില്‍ അങ്കിള്‍ , സമീര്‍ക്ക , മനോജ്‌ ചേട്ടന്‍ ,സുലേഖ ,അഞ്ജു ആന്റി, എക്സ് പ്രവാസി  , തബാറക്ക്ക്ക, ജുനൈത്ക്ക ,സലാംക്ക ,പ്രണവം രവി അങ്കിള്‍ ,ഭായ് ,മുസ്തുക്ക ,അഫ്സല്‍ക്ക, ജീവിചേട്ടന്‍, ജൈസണ്‍ അങ്കിള്‍ , മുഹമ്മദ്‌ കുഞ്ഞിക്ക ,ബഷീര്‍ക്ക , അബ്ദുല്‍ കാദര്‍ക്ക , വല്യമ്മായി ,ഭൂതത്താന്‍ ,അശോക്‌ അങ്കിള്‍ ,പ്രദീപ്‌ അങ്കിള്‍ ..തുടങ്ങിയ എനിക്ക്  ആശംസകളും ആശീര്‍വാദങ്ങളും നേര്‍ന്ന നൂറുകണക്കിന് പേര്‍..എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഇവിടെ കുറിക്കട്ടെ ..
എന്‍റെ എല്ലാ പോസ്റ്റുകളിലും വന്നു വളരെ വിശദമായ അഭിപ്രായങ്ങള്‍ പറഞ്ഞ് എനിക്ക് സ്നേഹവും ധൈര്യവും  പകര്‍ന്നുതന്നു കൊണ്ടിരിക്കുന്ന സൌദിയിലെ ഹംസക്കാക്കും , മലപ്പുറത്തെ മുഹമ്മദ്‌ കുട്ടിക്കാക്കും , ജിഷാദ്ക്കാക്കും , കുസുമാന്റിക്കും ,റിയാസിക്കാക്കും , പാവപ്പെട്ട അങ്കിളിനും ,കണ്ണൂരാനിക്കാക്കും അസീസ്ക്കാക്കും ബഷീര്‍ കുഞ്ഞിപ്പാക്കും,മുസ്തഫക്കാകും,  മുരളീമുകുന്ദന്‍അങ്കിള്‍, തെച്ചിക്കോടന്‍അങ്കിള്‍, ഒഴാക്കാന്‍,  സാദിക്കിക്ക, സുജിത്അങ്കിള്‍, ബിന്ദുആന്റി, മിനിചേച്ചി സാബിത്താത്ത, എച്ചുമുആന്റി, കുഞ്ഞൂസ്ആന്റി, സലാഹിക്ക, ടോംസ്അങ്കിള്‍ ,ഉമ്മു അമ്മാര്‍ ,സുല്‍ഫിക്കാ, കൊലുസ്ത്താ, നസീഫുക്കാ ,വീ കെ , മുക്താര്‍ക്ക, ഹാപ്പി ബാച്ചിലെര്‍സ്, അടൂര്‍ രമേശ്‌ അങ്കിള്‍ ,നാമൂസ്ക്കാ , അക്ബര്‍ക്ക , ചെറുവാടി അങ്കിള്‍ ,ഇസ്മായില്‍ക്കമാര്‍ (തണല്‍, ചെമ്മാട് ) എന്നിവര്‍ക്കും പ്രത്യേക ശുക്രിയ പറയട്ടെ ..
കൂടാതെ പ്രത്യേകമായി വന്നു ആശംസിച്ചു പോയ പോയ നിരക്ഷരന്‍, ഫാസില്‍ക്ക, ജിക്കുമോന്‍ ,കുമാരേട്ടന്‍, ബഷീര്‍ക്ക വള്ളിക്കുന്ന് തുടങ്ങിയവര്‍ക്ക് സ്പെഷല്‍ ശുക്രിയ കൂടി പറയട്ടെ...ഇനി ഇതില്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ എനിക്ക് പൊറുത്തു തരണം ..അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും പ്രത്യേക ശുക്ക്രിയ ഔദ്യോകികമായി രേഖപ്പെടുത്തി കൊണ്ട്..ഈ എപ്പിസോടുകള്‍ക്ക് ഇവിടെ വിരാമമിടുന്നു ..വീണ്ടും സന്ധിപ്പും വരെ നെര്‍ഹള്ക്ക്  നന്ദ്രി..

LinkWithin

Related Posts Plugin for WordPress, Blogger...