Sep 26, 2012

ആച്ചിയമ്മയും മക്കളും.

കഴിഞ്ഞ മാസാവാസാനത്തിലാണ് അതിദാരുണമായ ആ സംഭവം നടന്നത്, എന്റെ ഓര്‍മ്മ ശെരിയാണെങ്കില്‍ അന്നൊരു തിങ്കളാഴ്‌ചയായിരുന്നു, എന്നത്തേയും പോലെ അന്നും  ഞാന്‍  സ്കൂളില്‍ പോവുകയും വരികയും ചെയ്തു , സ്കൂളിലായിരുന്നെങ്കില്‍ അന്ന് പതിവിലും കൂടുതല്‍ ബോറായിരുന്നു കാര്യങ്ങള്‍ , ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ സക്കീനമിസ്സ്‌  അവധിയായിരുന്നത് കൊണ്ട് മാത്രമല്ല മൂന്നു പിരീഡ് നീണ്ടു നിന്ന മാത്സ് ക്ലാസ്സ്  കുറച്ചു കടന്ന കയ്യായിപ്പോയില്ലേന്നൊരു സംശയം !പക്ഷേ ഫഹദ് സാറിനോട് അക്കാര്യം പറഞ്ഞാല്‍ ചെവി പൊന്നായത് തന്നെ
 എന്നറിയാമായിരുന്നത്കൊണ്ട്  സംഭവം  അങ്ങോട്ട്‌  സഹിച്ചിരുന്നു ,  അല്ലെങ്കിലേ  സാറ് എപ്പോഴും പറയാറുള്ളതാണ് കണക്കിന്റെ കാര്യത്തില്‍ നീ  വെറും കണക്കാണെന്ന് , ഈ ജോമെട്രിയും ആള്ജിബ്രയും പ്രോബ്ലോം തീര്‍ക്കലും റൂട്ട് കാണലുമൊക്കെ വെറുതെ മനുഷനെ മിനക്കെടുത്താനായി ഇതില്‍ ഉണ്ടാക്കിവെച്ചിരിക്കുന്നത്  എന്തിനാണാവോ ! ശെരിക്കും പറഞ്ഞാല്‍ പ്ലസ്സും മൈനസും കൊണ്ട് തീര്‍ക്കാവുന്ന കാര്യങ്ങളേയുള്ളൂ ഈ കണക്കില്‍ .. ഇനി വേണോങ്കില്‍ മള്‍ട്ടിപ്ലയും ഡിവിടെന്റും കൂടി ആയിക്കോട്ടെ , ഇവ കൂടാതെയുള്ള സകലമാന ഏടാകൂടങ്ങളും മാത്സില്‍ നിന്നും ഒഴിവാക്കണമെന്നാണ് എന്റെ അതിശക്തമായ അഭിപ്രായം . ഇക്കാര്യം ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണെങ്കിലും ഒരിക്കല്‍ കൂടി ഊന്നിപ്പറയുവാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.
 ഞാന്‍ പഠിക്കുന്ന സ്കൂളിലേക്ക്  വീട്ടില്‍ നിന്നും മൂന്നു മൂന്നര  കിലോമീറ്റര്‍  ദൂരമുണ്ട്  അതുകൊണ്ട്  പോക്കും വരവുമെല്ലാം സ്കൂള്‍ ബസ്സിലാണ്, രാവിലെ എട്ടുമണിയോടെ പോയി വൈകീട്ട് നാലരയോടെ  തിരിച്ചെത്തുകയുമാണ്‌ പതിവ്, എന്നാല്‍ എന്റെ അനിയത്തി പ്പാറുക്കുട്ടിയായ ചുന്നാസിന്റെ  സ്കൂള്‍ അരകിലോമീറ്ററിലും  കുറഞ്ഞ ദൂരത്തായതിനാല്‍ അവള്‍ സൈക്കിളിലാണ്‌ യാത്രകള്‍ , അതുകൊണ്ട് എന്നേക്കാള്‍ വൈകി പോവുകയും നേരത്തെ എത്തുകയും ചെയ്യും ,സ്കൂളില്‍ നിന്നും എത്തിയ ഉടനെ അവളാര്‍ക്ക്  ബിസ്ക്കറ്റ്, കേക്ക്, നേന്ത്രപ്പഴം, നൂഡില്‍സ് തുടങ്ങിയ ഏതെങ്കിലും ഒരു കടിയോട് കൂടിയ ചായ നിര്‍ബന്ധമാണ്, ഞാന്‍ സ്കൂളില്‍ നിന്നും എത്തുമ്പോഴേക്കും  കടിയുടെ തൊണ്ണൂറു ശതമാനവും മൂപ്പത്തി അകത്താക്കിയിരിക്കും, ബാക്കി  പത്തു ശതമാനം കൊണ്ട് തൃപ്തിപ്പെടുകയല്ലാതെ  മറ്റു മാര്‍ഗ്ഗമൊന്നും  പാവപ്പെട്ട  എന്റെ  മുന്നിലില്ല ,അതെചോല്ലി എന്തെങ്കിലും ഒടക്കുണ്ടാക്കിയാല്‍ അടുത്ത ദിവസം പത്തു ശതമാനമെന്നത് അഞ്ചോ അതില്‍ കുറവോ ആവുമെന്നതിനാല്‍ അങ്ങനെയുള്ള സാഹസത്തിനൊന്നും  ഞാന്‍ മുതിരാറില്ല ,മാത്രവുമല്ല ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങളില്‍ നിന്നും എപ്പോഴും ഒഴിഞ്ഞു നില്ക്കുന്നതാണല്ലോ ബുദ്ധി ! ഏത് ?
അതൊക്കെ അങ്ങനെ കിടക്കട്ടെ നമുക്ക് കാര്യത്തിലേക്ക് കടക്കാം.. അന്ന്, അതായത് ആ അതിദാരുണമായ  സംഭവം നടന്ന ദിവസം രാവിലെ ഞാന്‍ സ്കൂളിലേക്ക്  പോകുമ്പോഴുള്ള അന്തരീക്ഷമായിരുന്നില്ല തിരിച്ചെത്തിയപ്പോള്‍  വീട്ടില്‍ കണ്ടത്, ചുന്നാസ് ശോകമൂകയായി സോഫയുടെ ഒരു മൂലയില്‍ ആടിക്ക് കയ്യുംകൊടുത്ത് വളഞ്ഞുകുത്തി ഇരിക്കുന്നു,യൂണിഫോം പോലും  മാറ്റിയിട്ടില്ലായിരുന്നു , സ്കൂള്‍ ബേഗ്  ലഞ്ച്കിറ്റ്   വാട്ടര്‍ ബോട്ടില്‍  തുടങ്ങിയവ സോഫയില്‍ അങ്ങിങ്ങായി   കിടക്കുന്നു, അവളുടെ മുന്നിലുള്ള ടീപ്പോയില്‍ ചായയും കടികളും യാതൊരു കേടുപാടുകൂടാതെയും ഇരിപ്പുണ്ട്, ടീപ്പോയിയുടെ ഒരു  സൈഡിലായി ചുന്നാസിനെയും അവളുടെ മുന്നിലിരിക്കുന്ന കടികളിലെക്കും മാറി മാറി  നോക്കിക്കൊണ്ട്‌  ടിന്റുമോനും ഇരിപ്പുണ്ട്, അവന്റെ മുഖത്തും അല്‍പ്പം ശോകഭാവമുണ്ട്  ചുന്നാടെ  കയ്യില്‍നിന്നും  കടിയുടെ വീതം  കിട്ടാത്തതാണ്  ആ ശോകത്തിന് കാരണമെന്ന്  പിടികിട്ടിയെങ്കിലും  ചുന്നാസിന്റെ ആ  ഒന്നൊന്നര ഇരിപ്പിനെ കുറിച്ച് ഒരു ഊഹവും കിട്ടിയില്ല, ടിന്റുമോനെന്ന് പറഞ്ഞാല്‍ ചുന്നാസിന്റെ പ്രിയ പൂച്ചക്കുട്ടന്‍, (ഉണ്ണിക്കുട്ടനെന്ന മായാവിയായ ടിന്റുമോനെക്കുറിച്ച്  പറയുകയാണെങ്കില്‍ ഇക്കഥ ഇവിടെയൊന്നും നിക്കില്ല, ചുരുക്കിപ്പറയുകയെന്നതും എളുപ്പമുള്ളകാര്യമല്ല  അതുകൊണ്ട്  കൂടുതലറിയണമെന്നുള്ളവര്‍ക്ക്   ഇവിടെ  ക്ലിക്കി വായിക്കാം)
 "എന്ത് പറ്റിയെടീ..നിന്റെ കപ്പല് മുങ്ങിയോ? ചുന്നാസിനെ പതിവായി ചൂടാക്കാറുള്ള ആ ചോദ്യം കേട്ടിട്ടോന്നും അവള്‍ക്ക് ഒരു അനക്കവും കണ്ടില്ല, എന്ത്പറ്റി ഇവള്‍ക്ക്! ഏതെങ്കിലും ടീച്ചറുമായോ  കുട്ടികളുമായോ ഉടക്കിയിരിക്കും.പക്ഷേ ,അതൊക്കെ പതിവ് പരിപാടികളാണല്ലോ ,അക്കാരണത്താല്‍ ചായ കുടിക്കാതിരിക്കാനുള്ള യാതൊരു  വകുപ്പും കാണുന്നില്ല.. പിന്നെ എന്താവും ഇവളുടെ ഈ മൂഡോഫിന് പുറകില്‍  !ജിജ്ഞാസ കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ എന്ന അവസ്ഥയിലായിപ്പോയി ഞാന്‍  , ഈ നിരാഹാര മൌന ശോകമൂകഭാവത്തിന്റെ കാരണം ഒന്നന്വേഷിക്കാന്‍  ഉമ്മച്ചിയെയും അവിടെ ചുറ്റുപാടിലൊന്നും കണ്ടതുമില്ല,  ഞാന്‍ ആലോചനയോടെതന്നെ വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു , അവിടെ എത്തിയപ്പോഴാണ്  പറമ്പിന്റെ ഒഴിഞ്ഞ  ഒരു മൂലയിലായി ഉമ്മച്ചിയും ഇത്തമ്മയും തെക്കേലെ ശാന്തേച്ചിയും  പിന്നെ അണ്ണാച്ചി കുമാരുവും നില്‍ക്കുന്നത് കണ്ടത് , കുമാരു കൈക്കോട്ടു കൊണ്ട് ഒരു കുഴിയെടുത്തു കൊണ്ടിരിക്കുകയാണ് , അങ്ങോട്ട്‌ തിടുക്കത്തില്‍ നടക്കുമ്പോഴാണ്   എന്നെ അതികഠിനമായി ഞെട്ടിച്ച അതിദാരുണമായ ആ കാഴ്ച ഞാന്‍ കണ്ടത്! അന്ന് രാവിലെ പോലും കൊ കൊ കൊ കി കി കി എന്ന്  താളത്തില്‍ കൊക്കി   മുറ്റത്തും പറമ്പിലും ചിക്കിച്ചികഞ്ഞു  കൊത്തി പെറുക്കി നടന്നിരുന്ന ചുന്നാസിന്റെ  ആച്ചിയമ്മയും കുറേ  മക്കളും ചതഞ്ഞരഞ്ഞ്‌  ജീവനറ്റ് ഒരു വള്ളിക്കൊട്ടക്കുള്ളില്‍ കിടക്കുന്നു , കുറച്ചു കുഞ്ഞുങ്ങള്‍ പീകോ പീകോ എന്ന് ദീനദീനം കരഞ്ഞ് കൊട്ടക്ക്  ചുറ്റിലും നില്‍പ്പുണ്ട് , ആ ആ കാഴ്ച കൂടുതല്‍ നേരം കണ്ടു നില്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല , അതോടെ ആരോടും ചോദിച്ചറിയാതെ തന്നെ  ചുന്നാടെ ദുഖത്തിന്റെ കാരണം എനിക്ക് മനസ്സിലായി , ഒന്നൊന്നര കൊല്ലമായി ചുന്നാടെ പ്രിയപ്പെട്ടവളായിരുന്നു ആച്ചിയമ്മ , അവളുടെ പ്രിയ ആഹാരങ്ങളായ  കേക്കും ബിസ്ക്കറ്റും ജിലേബിയും ചോക്ക്ലേറ്റും  വരെ കൊടുത്താണ് ആച്ചിയമ്മയെ ചുന്ന വളര്‍ത്തിക്കൊണ്ട് വന്നത് , കാലില്‍ തന്റെ പൊട്ടിയ കൊലുസിന്റെ കഷ്ണവും വിരലുകളില്‍ ക്യുട്ടക്സും  തന്റെ പ്രിയപ്പെട്ട ആച്ചിയമ്മക്ക്‌ അവള്‍ ഇട്ടുകൊടുത്തിരുന്നു , ഒന്നര മാസം മുമ്പാണ് ആച്ചിയമ്മയെ മുട്ട വിരിയിക്കാന്‍ അട വെച്ചത് , തുടക്കത്തില്‍ പതിനഞ്ച് മുട്ടകളാണ് വെച്ചിരുന്നത്, ഒരഞ്ചാറു ദിവസം കഴിഞ്ഞുനോക്കുമ്പോള്‍ മുട്ടയുടെ എണ്ണം ഇരട്ടിയായത് കണ്ട്  ഉമ്മച്ചി കാരണം തിരക്കിയപ്പോഴാണ്‌  മറ്റു കോഴികള്‍ ഇടുന്ന മുട്ടകള്‍ അടിച്ചു മാറ്റി ചുന്ന കൊണ്ടുവന്നുവെച്ചതാണെന്ന് മനസ്സിലായത്‌ , അവള്‍ക്കു കഴിക്കാന്‍ കൊടുത്ത നാല് പുഴുങ്ങിയ മുട്ടകളും അക്കൂട്ടത്തില്‍ ഉമ്മച്ചി കണ്ടെത്തിയിരുന്നു . അങ്ങനെ നീണ്ട ഒരുമാസത്തെ കണ്ണിലെണ്ണ ഒഴിച്ചുള്ള കാത്തിരിപ്പിന്നൊടുവില്‍ ഒന്നൊന്നര ആഴ്ച മുമ്പാണ് എന്തോ മഹാത്ഭുതം പോലെ ചുന്ന വെച്ച മുട്ടകള്‍ ഉള്‍പ്പെടെ ഇരുപത് കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത് . ഓരോ കുട്ടിക്കും ഓരോ പേര് അതിനകം ചുന്ന കണ്ടെത്തിക്കഴിഞ്ഞിരുന്നു , ചക്കി ,ചക്കന്‍ , ടിങ്കന്‍, ടിങ്കി ,ടിങ്കു, ചങ്കരന്‍ ,ചങ്കരി തുടങ്ങിയവ അതില്‍ ചിലത് മാത്രം, ദിവസവും മൂന്നും നാലും നേരം ഉമ്മാടെ കണ്ണുവെട്ടിച്ച് എത്ര അരിയാണ് ചുന്ന അവക്ക് ഇട്ടു കൊടുത്തിരുന്നതെന്ന്  പറയാന്‍ വയ്യ, പത്തിരുപതു കുഞ്ഞുങ്ങളുമായി ആച്ചിയമ്മ അങ്ങനെ കൊക്കിച്ചിക്കി നടക്കുന്നത് കാണാന്‍ എന്തൊരു ചേലായിരുന്നു..ഇനിയിപ്പോ എന്ത് പറഞ്ഞിട്ടെന്ത്! എല്ലാം കഴിഞ്ഞില്ലേ .. ?
മൂന്നു മണിയോടെയാണത്രേ സംഭവം നടന്നത് , കുഞ്ഞഹമ്മദ്ക്കാടെ കടയുടെ മുന്നില്‍ വെച്ച് ടിപ്പര്‍ ലോറിയുടെ അടിയില്‍ പെട്ട ആച്ചിയമ്മയുടെ ജീവന്‍ തല്‍ക്ഷണം നഷ്ടപ്പെട്ടെന്നും, കുഞ്ഞുങ്ങളില്‍ ചിലതിന് കുറച്ചു നേരം ജീവനുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികളായ അബുക്കായും വാസുണ്ണിയേട്ടനും പറയുന്നു. കുഞ്ഞുങ്ങളില്‍ ഏഴെണ്ണമാണ് രക്ഷപ്പെട്ടിട്ടുള്ളത് , അതില്‍ മൂന്നെണ്ണത്തിന് ചില്ലറ പരിക്കുകള്‍ പറ്റിയിട്ടുണ്ട് ,എനിക്ക് ഓര്‍മ്മ വെച്ചശേഷം ഈ അഞ്ചെട്ട് കൊല്ലങ്ങള്‍ക്കിടയില്‍ എത്രയെത്ര കോഴികളും പൂച്ചകളും മറ്റും ഇങ്ങനെ ദുരന്തങ്ങള്‍ക്ക് ഇരയായിരിക്കുന്നു, പക്ഷേ ഇത് കുറച്ചു കടുത്ത അത്യാഹിതമായിപ്പോയി ..എന്ത് ചെയ്യാം ,എല്ലാം വിധി..അങ്ങനെ സമാധാനിക്കാം.
 അപ്പോഴും അമ്മയെ കാണാതെ വല്യവായില്‍ കരഞ്ഞു കൊണ്ടിരുന്ന ഒരു കുഞ്ഞിനെ ഞാന്‍ മെല്ലെ കയ്യിലെടുത്തു നോക്കി, മിനുസമുള്ള അതിന്റെ തൂവലുകളിലൂടെ വിരലോടിച്ചപ്പോള്‍ ദയനീയതയോടെ എന്റെ മുഖത്തേക്ക് നോക്കി ആ ഓമനക്കുഞ്ഞ് പീകോ പീകോ എന്ന് ചുണ്ട് പിളര്‍ത്തി പിന്നെയും കരഞ്ഞു ..അത് നോക്കി നിന്നപ്പോള്‍ കണ്ണില്‍ ഒരു നീര്‍തുള്ളി കിനിഞ്ഞിറങ്ങുന്നത് ഞാന്‍ ഹൃദയത്തില്‍  അറിഞ്ഞു.
നേരം  ഇരുട്ടിയിട്ടും ചുന്നാസിന്‍റെ വിഷമത്തിന് യാതൊരു കുറവും കാണാതെ വന്നപ്പോള്‍ ഉമ്മച്ചിയും ഇത്തമ്മയും അസ്മതാത്തയും മറ്റും പലതും പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, "മോളെ പോയത് പോയില്ലേ! ഇനിയിപ്പോ അതിനിങ്ങനെ വിഷമിച്ചിരുന്നിട്ടെന്താ കാര്യം?..നീ എണീറ്റ്‌ വല്ലതും കഴിക്കെടീ..നമുക്ക്  നാളെത്തന്നെ ഹഫ്സമാമീടെ അവിടുന്ന് രണ്ടോ മൂന്നോ കോഴികളെ ഇങ്ങോട്ട് കൊണ്ടുവരാം..പോരെ?" ഉമ്മച്ചി അത് പറഞ്ഞപ്പോള്‍ അവള്‍ മെല്ലെ തല തിരിച്ചു ഉമ്മച്ചിയെ ഒന്ന് നോക്കി " പിന്നെ അവളുടെ വായില്‍ നിന്നും വന്നത് ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു " ഞാനങ്ങോട്ടു പെട്ടെന്ന്  മരിച്ചു പോയാല്‍ ഉമ്മച്ചിക്ക്  മറ്റാരെയെങ്കിലും പകരമായി കിട്ടിയാല്‍ മതിയോ ?
അതിനെന്തു  മറുപടി പറയണമെന്ന് അറിയാതെയാണെന്ന് തോന്നുന്നു ഉമ്മച്ചി പെട്ടെന്ന് അകത്തേക്ക് പോയി. തൊട്ടുപുറകെ ഇത്തമ്മയും രംഗം വിട്ടു.
ചുന്നാസിന്റെ  ദുഃഖം കണ്ടിട്ടാവാം  പ്രകൃതിയുടെ കണ്ണീരുപോലെ അപ്പോള്‍ മെല്ലെ ഒരു മഴ ചാറാന്‍ തുടങ്ങിയിരുന്നു.






53 comments:

  1. "എന്ത് പറ്റിയെടീ..നിന്റെ കപ്പല് മുങ്ങിയോ? ചുന്നാസിനെ പതിവായി ചൂടാക്കാറുള്ള ആ ചോദ്യം കേട്ടിട്ടോന്നും അവള്‍ക്ക് ഒരു അനക്കവും കണ്ടില്ല.

    ReplyDelete
  2. Chunnaasinte vishamathil panku chearunnu....:(

    ReplyDelete
  3. Chunnaasinte vishamathil panku chearunnu....:(

    ReplyDelete
  4. എന്റെ കിളിക്കുഞ്ഞുങ്ങളെ കൊന്ന പൂച്ചയെ തല്ലിക്കൊല്ലാന്‍ നടന്നിരുന്നു കുറേ ഞാന്‍.....
    പിന്നെ എല്ലാം മറന്നു.......

    മറവി ഒരനുഗ്രഹം തന്നെയാണ്...

    ReplyDelete
  5. നെനാ ,നന്നായിട്ടുണ്ട്, ചുനസിനോട് വിഷ്മികേണ്ട എന്ന് പറയണം കേട്ടോ :) ആശംസകള്‍ !!!

    ReplyDelete
  6. Chunnasinte vishamam okke mariyo nenakutty enthayalum aachiyammayude athmavinu namukkum nithyashanthi neram.................

    ReplyDelete
  7. ഹം .. ഞാനും ദു:ഖത്തിൽ പങ്കു ചേരുന്നു..

    എഴുത്ത് സൂപ്പർ, ക്യൂട്ടക്സ് ഇട്ട പടോം സൂപ്പർ, ചുനാസിന്റെ ചോദ്യോം സൂപ്പർ..

    ReplyDelete
  8. ചുന്നാസാണ് താരം. എഴുത്ത് നന്നായി നന്നായി വരുന്നു. കളി വിട്ടു പക്വത കൈവരിക്കുന്ന ലക്ഷണങ്ങള്‍ വരികളില്‍ നിഴലിക്കുന്നു. വീട്ടില്‍ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങള്‍ക്ക് ഭാവന കൊണ്ട് നിറം ചാര്‍ത്തുന്ന നേനക്കും അതിലെ കഥാപാത്രമായി വിലസുന്ന ചുന്നാസിനും ഒരായിരം ആശംസകള്‍.

    ReplyDelete
  9. പോസ്റ്റ് മൊത്തം വായിച്ചത് ഒരു ചിരിയോടെ ആണ് പക്ഷെ അവസാനത്തെ ആ ചോദ്യം ചിരിയതന്നെ ഇല്ലാതാക്കി

    ReplyDelete
  10. I too wept when I read your lovely narration...you are a promise of Malayalam Literature; you have a great future to conquer. Look forward to reading many more wonderful writings from you. Best wishes - Paul uncle

    ReplyDelete
  11. അവസാനം ഇങ്ങനെയൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് പ്രതീക്ഷിച്ചില്ല. എന്റെ കുട്ടിക്കാലത്ത് കോഴികളെ ഓമനിച്ച് വളർത്തുമ്പോൾ പലപ്പോഴും ഇതുപോലെ ദുഃഖിക്കേണ്ടി വന്നിട്ടുണ്ട്. (കാലൻ കുറുക്കന്റെ രൂപത്തിലായിരിക്കും വരിക, ഇപ്പോൾ കുറുക്കനില്ലാത്തതുകൊണ്ട് ടിപ്പർ കാലനായി വന്നു) അനുഭവം നന്നായി എഴുതി.

    ReplyDelete
  12. നല്ല എഴുത്ത്, അനുഭവമാല്ലാതെ തരമില്ല, അഭിനന്ദനങ്ങള്‍!

    ReplyDelete
  13. അവസാനത്തെ ചോദ്യം ഒരൊന്നൊന്നര ചോദ്യം ആയിപോയി. ചിനൂസിനോട് വിഷമിക്കേണ്ട എന്ന് പറയണേ.

    നല്ല രസമുള്ള എഴുത്ത്.

    ReplyDelete
  14. പാവം ചുന്നാസ്,
    ആ ചോദ്യം ഒരു രണ്ട് രണ്ടര ചോദ്യം ആയിപ്പോയി .......

    ReplyDelete
  15. അങ്ങനെ കോഴി ചത്തതും പോസ്റ്റാക്കിയല്ലേടീ ..ഇനിയെന്തൊക്കെ കാണേണ്ടി വരുമോ ആവോ !

    ReplyDelete
  16. ആദ്യമൊക്കെ വളരെ രസകരമായി വായിച്ചു വന്നെങ്കിലും അവസാനമെത്തിയപ്പോല്‍ കരച്ചില്‍ വന്നു. ഈയിടെയാണ് ഞാന്‍ വളര്‍ത്തിയിരുന്ന 15 കോഴികളില്‍ 14 ഉം മരണപ്പെട്ടത്. കോഴി വസന്ത വന്നതായിരുന്നു. അക്കൂട്ടത്തില്‍ അട വെച്ച കോഴികളുമുണ്ടായിരുന്നു. ദിവസേന കുഴികള്‍ കുത്തി അവയെ (ദിവസം 3ഉം 4ഉം) അടക്കം ചെയ്ത അനുഭവം മറക്കാറായിട്ടില്ല. രക്ഷപ്പെട്ട കോഴി കുറെ ദിവസം തോടുറപ്പില്ലാത്ത മുട്ടകളിട്ട് ഈയിടെ മരണപ്പെട്ടു. അവള്‍ക്കു വേണ്ടി ഞാന്‍ വാങ്ങിയ പൂവന്മാര്‍ ഇവീടെ അലഞ്ഞു തിരിയുന്നു. ചുന്നാസിന്റെ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു.

    ReplyDelete
  17. കളിയും കാര്യവുമൊക്കെയായി നല്ല എഴുത്ത്.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. "അവള്‍ക്കു കഴിക്കാന്‍ കൊടുത്ത നാല് പുഴുങ്ങിയ മുട്ടകളും അക്കൂട്ടത്തില്‍ ഉമ്മച്ചി കണ്ടെത്തിയിരുന്നു"
    ഇത് നീ എന്നെ ഒരുപാട് ഒറ്റക്കിരുത്തി ചിരിപ്പിച്ചു. പക്ഷെ നെഞ്ചത്തൊരു കുത്ത് കുതിയിട്ടാണ് നീ ഇത് അവസാനിപ്പിച്ചത്.
    ഈ നല്ല എഴുത്തിനു എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ലോകം അറിയപ്പെടുന്ന ഒരെഴുത്തുകാരിയാവട്ടെ ഭാവിയില്‍ ഈ നേനാസ് എന്നാശംസിക്കുകയും ചെയ്യുന്നു.

    ReplyDelete
  20. വായിച്ചു വന്നത് തമാശക്ക് ആണെങ്കിലും സംഭവം കാര്യം
    ആയപ്പോള്‍ ശരിക്കും ഒരു വിഷമം...

    സ്നേഹത്തോടെ നാം വളര്‍ത്തുന്ന ജീവികള്‍ക്ക് ആപത്തു വരുമ്പോള്‍
    അനുഭവിക്കുന്ന വിഷമം ഞാന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്...
    മോന്‍ വളര്‍ത്തിയ hamsters ഇല്ലാതായപ്പോള്‍ അവന്‍ അമ്മയോട്
    ചുന്നാസ്‌ ചോദിച്ചത് പോലെ ചോദിച്ചില്ലെങ്കിലും അമ്മയുടെ ശ്രദ്ധ ഇല്ലായ്മയെ
    നിശിതമായി ചോദ്യം ചെയ്തു..(വേനലിന്റെ ദുഃഖം എന്ന പോസ്റ്റ്‌ ആയി ഞാന്‍
    അത് ബ്ലോഗില്‍ ഇട്ടിട്ടുണ്ട്)...ഈ പോസ്റ്റ്‌ എന്നെ സത്യത്തില്‍ വേദനിപ്പിച്ചു നെന..
    ചിലര്‍ക്ക് ഇതൊരു തമാശ ആയി തോന്നാം...അപ്പോഴും ചുന്നാസിന്റെ ചോദ്യം
    ഹൃദയം ഉള്ളവരെ വേദനിപ്പിക്കും ....

    ReplyDelete
  21. നല്ല കാമ്പുള്ള എഴുത്ത്‌ .ചില മഹത്തായ സത്യങ്ങള്‍ ഓര്‍ക്കാന്‍ അല്ലങ്കില്‍ ഓര്‍മിപ്പി ക്കാന്‍ ആചിയമ്മയും മക്കളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.....തുടരുക

    ReplyDelete
  22. കഷ്ടം. ചുന്നക്കുട്ടിയോടു വിഷമിക്കണ്ടാന്നു പറയണം..... അകലെയുള്ള സദ്ദാം ഹുസൈന്‍റെ മരണത്തിനെക്കാളും നമ്മെ വേദനിപ്പിക്കുന്നത് നമുക്ക് വളരെ അടുത്ത പൂച്ചക്കുഞ്ഞിന്‍റെയോ കോഴിക്കുഞ്ഞിന്റെയോ മരണമാണ്......
    its not about specious , its about the relation.

    ReplyDelete
  23. ജാന്‍സര്‍ ജഹാംഗീര്‍ : കണ്ടതില്‍ സന്തോഷം ഇക്കാ
    മെഹദ്‌ മഖ്‌ബൂല്‍ : ഛെ എന്നിട്ടാ പൂച്ച ഇപ്പോഴും ജീവിച്ചിരിക്കുന്നോ മക്ബൂല്‍ക്കാ !
    Jomon Joseph : അവളെ തീര്‍ച്ചയായും അറിയിക്കാം അഭിപ്രായത്തില്‍ സന്തോഷം.

    ReplyDelete
  24. dinil : മറവി ഒരനുഗ്രഹമാണല്ലോ! സന്തോഷം കണ്ടതില്‍
    sumesh vasu : വളരെ വളരെ സന്തോഷം വാസുവേട്ടാ.
    ഒരു നാടോടി : ചുന്നാസിന്റെ ഒരു ദിവസത്തെ പ്രവര്‍ത്തികളില്‍ നിന്നും തന്നെ ഒരു പത്തു പോസ്റ്റിനുള്ള വകുപ്പ് കിട്ടും - വളരെ സന്തോഷം നാടോടി അണ്ണാ.

    ReplyDelete
  25. എന്നിട്ട് ഇപോ രണ്ടു പേരുടീം സങ്കടം കുറഞ്ഞോ..?

    ReplyDelete
  26. അറിയോ.. പുഴുങ്ങിയ മുട്ട വിരിയിക്കാന്‍ വെച്ചാല്‍ വിരിയുമ്പോള്‍ ബ്രോസ്റ്റ് ചിക്കന്‍ ലഭിക്കും.

    ReplyDelete
  27. തുടക്കം മുതൽ ഒടുക്കം വരെ മനോഹരമായ വിവരണം...

    കൊച്ചു വിഷയങ്ങളെടുത്ത് വായന സുഖം നൽകുന്ന നേനയുടെ രചന ശൈലി ഇഷ്ടപ്പെട്ടു.

    ചത്ത കോഴിക്ക് പ്രണാമം :((

    ReplyDelete
  28. വായിക്കാന്‍ നല്ല സുഖമുള്ള പോസ്റ്റ്‌. ആദ്യാവസാനം വരെ നല്ല രസമായി തന്നെ കഥപറഞ്ഞു. അഭിനന്ദനങ്ങള്‍ നേനക്കുട്ടി.
    ചുന്നക്കുട്ടിയുടെ വിഷമം മാറിയെന്നു കരുതട്ടെ..

    ReplyDelete
  29. അനിയത്തിയുടെ വിഷമം മാറിയിട്ടുണ്ടാകും എന്ന് കരുതുന്നു. നന്നായി എഴുതി നേനാ...

    ReplyDelete
  30. ന്റെ നെനൂസേ ആദ്യം വായിച്ചു നമ്മള്‍ രണ്ടും പ്രധാനമന്ത്രിയും , പ്രസിഡന്റും ആകുമ്പോള്‍ കണക്ക് നമ്മുടെ ഇഷ്ടത്തിനു കൊണ്ട് വരാമെന്നു സന്തോഷിച്ചിരിക്കുകയായിരുന്നു ...ബാക്കി വായിച്ചപ്പോള്‍ ഉള്ള സന്തോഷം പോയല്ലോ മോളെ ...:(
    ചുന്നാസിന്റെ ദുഖത്തില്‍ ഞാനും പങ്കു ചേര്‍ന്നു എന്ന് ചുന്നാസിനോട് പ്രത്യേകം പറഞ്ഞേക്കൂ ട്ടോ ..

    ReplyDelete
  31. നമുക്ക് പ്രിയപ്പെട്ടവ പെട്ടെന്ന് നഷ്ടമാകുമ്പോൾ വല്ലാത്ത ദു:ഖം തോന്നുക പതിവാണ് ..ആ ദു:ഖത്തിൽ നിന്നും ചുന്നാസ് വേഗം മുക്തിനേടട്ടെ...ऽ?’

    ReplyDelete
  32. കൊമ്പന്‍ക്കാ : പ്രിയപ്പെട്ട ആര്‍ക്കായാലും എന്ത് പറ്റിയാലും സങ്കടം തന്നെ.
    പോള്‍ അങ്കിള്‍ : കണ്ടതില്‍ വളരെ സന്തോഷം.
    മിനിയാന്റി : കാലന്മാര്‍ ഏതെന്കിലും ഒരു രൂപത്തില്‍ സമയമാവുമ്പോള്‍ എത്തുമെല്ലോ!സന്തോഷം ടീച്ചര്‍ആന്റി

    ReplyDelete
  33. deeputtan : അനുഭവങ്ങള്‍ എഴുതാനാണ് എനിക്കിഷ്ടം ,കുറച്ചു പൊടിപ്പും തൊങ്ങലും വെക്കുമെന്ന് മാത്രം.
    SREEJITH NP : സന്തോഷം ശ്രീജിതെട്ടാ. അവളെ അറിയിക്കാം.
    ഷാജു അത്താണിക്കല്‍ : സന്തോഷം തന്നെ.എന്നാപിന്നെ ഒരു മൂന്നു മൂന്നര ആക്കിയാലോ!
    അത് വെറുമൊരു കൊഴിയല്ല ഉപ്പച്ചീ ..ചുന്നാസിന്റെ ഒരു കൂടപ്പിറപ്പ് പോലെയായിരുന്നു

    ReplyDelete
  34. കുട്ടിക്കാ: കോഴിവസന്ത വന്നാല്‍ പിന്നെ രക്ഷപ്പെടുന്നത് ചുരുക്കാ .പിന്നെ ഈ റോഡ്‌ സൈഡില്‍ കോഴിയെ വളര്‍ത്താതിരിക്കുകയാണ് നല്ലത്.
    അനിലേട്ടാ : കണ്ടതില്‍ വളരെ സന്തോഷം ചേട്ടാ
    അഷറഫ്‌ക്കാ : ഇക്കാ നമ്മള്‍ അടുത്ത നാട്ടുകാരല്ലേ വരുമ്പോ ഒന്ന് കണ്ടൂടെ? ഇവിടെ കണ്ടതില്‍ വളരെ വളരെ സന്തോഷം.

    ReplyDelete
  35. കൊച്ചു സന്തോഷങ്ങള്‍ ..കൊച്ചു സങ്കടങ്ങള്‍ ..
    കുട്ടിമനസ്സിലെ വലിയ സങ്കടങ്ങള്‍ കൊച്ചുവിരലുകളില്‍ നിന്ന് വലിയ വാക്കുകളായി പുറത്തു വരുമ്പോള്‍ അതിലും വലിയ സന്തോഷം.
    ആശംസകളോടെ..

    ReplyDelete
  36. നേനാസേ.... വായിച്ചു ട്ടാ നന്നായിരിക്കുന്നു ,,,,,,,

    ReplyDelete
  37. എല്ലാം വിധിയാണെന്ന് ആശ്വസിക്കാന്‍ പറ ചുന്നാസിനോട് ! ഇതുപോലെ എന്റെ ഒരു മുയല്‍ ചത്തു പോയപ്പോള്‍ ഞാനും ചെറുപ്പത്തില്‍ രണ്ടു ദിവസം ഫുഡ്‌ കഴിക്കാതെ ഇരുന്നിരുന്നു...

    ReplyDelete
  38. hai super aayittund avasaanam ummayod chodhicha chodhyam ath adipoli

    ReplyDelete
  39. നേനക്കുട്ടീ...
    കുറേ നാളായി എന്നെ ഓര്‍ത്തല്ലാതെ മനസ്സിന് ഒരു വിങ്ങലുണ്ടായിട്ടു...ഇത് വായിച്ചപ്പോള്‍ ആച്ചിയമ്മയുടെ അപകടം ചുന്നയുടെയും തന്റെയും ദുഖമായ പോലെ എന്റെം ഒരു സങ്കടായി....അങ്ങനെ മനസ്സിന് വീണ്ടും ഒരു "കനം" കിട്ടി...
    നന്നായിരിക്കുന്നു.....നന്ദി....

    ReplyDelete
  40. U r blessed kid Nena mol... Touchin writin..

    ReplyDelete
  41. കോഴിയും കുഞ്ഞും മരിച്ചാലും ദുഖമാണ് വിശിഷ്യാ നമ്മൾ താലോലിച്ച് വൾർത്തുന്ന അരുമകൾ മരിച്ചാൽ...ചുന്നാസിന്റെ ദുഃഖം കണ്ടിട്ടാവാം പ്രകൃതിയുടെ കണ്ണീരുപോലെ അപ്പോള്‍ മെല്ലെ ഒരു മഴ ചാറാന്‍ തുടങ്ങിയിരുന്നു.
    ചുന്നാസിനോട് വിഷമിക്കണ്ടാന്ന് പറയുക....പിന്നെ മോളുടെ വിഷമവും വരികൾക്കിടയിലൂടെ അങ്കിൾ വായിച്ചൂ കേട്ടോ...( ആടിക്ക് എന്നത് തിരുത്തി താടിക്ക് എന്നാക്കുക...പിന്നെ മാത് സ് എന്നതാശരി(മാത്തമെറ്റിക്സ് എന്നാക്കിയാലും മതി-മാത്സ് എന്നത് ശരിയല്ലാ)നേനാസിന് ഈ അങ്കിളിന്റെ എല്ലാ ഭാവുകങ്ങളും....

    ReplyDelete
  42. എന്റെ ലോകേട്ടാ ; ശെരിക്കും അങ്ങിനെ ചുന്നാസില്‍ നിന്നൊരു ചോദ്യം ആരും പ്രതീക്ഷിച്ചതല്ല , കണ്ടതില്‍ വളരെ സന്തോഷം.
    ഫൈസല്‍ക്കാ : തീര്‍ച്ചയായും തുടരും ,നന്ദി
    സനീഷേട്ടാ : its not about specious , its about the relation.
    അത് വളരെ ശെരിയാണ് .സന്തോഷം.

    ReplyDelete
  43. റോസാപ്പൂചേച്ചീ : അതിന്റെ ഒരു മൂടോഫ്‌ ഒരാഴ്ചയോളം ഉണ്ടായിരുന്നു ,കണ്ടതില്‍ വളരെ സന്തോഷം.
    സംഗീതെട്ടാ: പുഴുങ്ങിയ മുട്ട വിരിയിക്കാന്‍ വെച്ചാല്‍ വിരിയുമ്പോള്‍ ബ്രോസ്റ്റ് ചിക്കന്‍ ലഭിക്കും...ഇതൊരു പുതിയ അറിവാണ് -ഞാനൊന്ന് നോക്കട്ടെ
    മുട്ട ചീത്തയായാല്‍ ചേട്ടന്റെ പേരില്‍ ഞാന്‍ കേസ് കൊടുക്കുംട്ടോ .
    മൊഹിക്കാ : ഇത്രയൊക്കെയേ ഞമ്മാലെക്കൊണ്ട് കൂടൂ ഇക്കാ -സന്തോഷം

    ReplyDelete
  44. ജെഫുക്കാ : ചുന്നാക്ക് മൂടോഫ്‌ ഒരാഴ്ചയോളം ഉണ്ടായിരുന്നു പിന്നെ അത് മറന്നു .സന്തോഷം കണ്ടതില്‍
    റസിയത്താ : പെരുത്ത്‌ സന്തോഷം.
    മുബിക്കാ : ഇപ്പോള്‍ ഓക്കേ നന്ദിട്ടോ

    ReplyDelete
  45. കൊച്ചുമോള്‍താത്താ : ഞാനും അതാണ്‌ കരുതിയിരിക്കുന്നതു..വളരെ സന്തോഷം ട്ടോ
    ഷിബുവേട്ടാ : ബഹുത് ശുക്രിയാ -അവള്‍ ഒകെയാണ്‌
    ആറങ്ങോട്ടുകര മുഹമ്മദ്‌ക്കാ : വളരെ സന്തോഷം കണ്ടതിലും അഭിപ്രായത്തിലും.
    സുരേഷേട്ടാ : വളരെ നന്ദി ,സന്തോഷം.

    ReplyDelete
  46. ദിനെശേട്ടാ : വളരെ സന്തോഷം .
    മേന്‍ ഓഫ് ദി വാക്ക്‌ : സന്തോഷം തന്നെ.
    ദുബായിക്കാരന്‍ഇക്കാ : അങ്ങനെതന്നെ കരുതാം -അഭിപ്രായത്തില്‍ സന്തോഷം.

    ReplyDelete
  47. നവാസ്‌ക്കാ : വളരെ സന്തോഷം.
    ടോല്‍ : അപ്പൊ മനസ്സില്‍ ഇപ്പോഴും ഒരു സങ്കടം ഉണ്ടെങ്കിലെ കനം ഉണ്ടാവൂ അല്ലെ ? പുതിയ അറിവാണ് -ശുക്രിയാ
    അനൂപേട്ടാ : വളരെ സന്തോഷം

    ReplyDelete
  48. ചന്തുഅങ്കിള്‍ : മാത്സ് എന്നുതന്നെ ഇപ്പോഴും വരുന്നു അങ്കിള്‍ , സങ്കടങ്ങളൊക്കെ ഒരുവിധം മാറി.കണ്ടതില്‍ വളരെ സന്തോഷം.

    ReplyDelete
  49. കളിയും കാര്യവുമായി ചിന്തിക്കാന്‍ വീണ്ടും....

    നെന മോളൂ...മനോഹരമായ എഴുത്ത്....

    ചെറുപ്പത്തില്‍ എനിക്കും ഇതു പോലെ കുറെ വിഷമങ്ങള്‍ തോന്നിയിട്ടുണ്ട്.

    ഒരിക്കല്‍ എന്റെ വീട്ടില്‍ കുറച്ചു കോഴി കുഞ്ഞുങ്ങളെ വാങ്ങിച്ചു. രാത്രി ആയപ്പോള്‍ അടുക്കളയിലെ അവിടുത്തെ ഗ്രില്ലിട്ട ഉമ്മറത്ത്‌ കുട്ട കൊണ്ട് അവയെ ഉമ്മ മൂടി വച്ച്. പിറ്റേ ദിവസം കാലത്ത് ഉമ്മ വന്നു കുട്ട തുറന്നപ്പോള്‍ പന്ത്രണ്ട് കോഴി കുഞ്ഞുങ്ങളില്‍ ഒന്ന് മാത്രം
    ജീവനോടെയുണ്ട്. ബാക്കി എല്ലാം ചത്ത്‌ കിടക്കുന്നു. എന്ത് ജീവിയാണ് കോഴി കുഞ്ഞുങ്ങളെ കൊന്നത് എന്ന് അറിയില്ലായിരുന്നു.
    ജീവനോടെ രക്ഷപ്പെട്ട ആ കോഴി കുഞ്ഞു പേടിച്ചു വിറച്ചു എപ്പോഴും ഞങ്ങളുടെ അരികള്‍ തന്നെ വന്നിരിക്കും പിന്നെ. മുറ്റത്തേക്ക് പോലും അത് ഇറങ്ങിയിട്ടില്ല. കുറെ കാലം അകത്തു തന്നെയായിരുന്നു. രാത്രി കിടക്കുമ്പോഴും ഞങ്ങളുടെ റൂമില്‍ തന്നെ. വീട്ടില്‍ ഞങ്ങള്‍ ആരെങ്കിലും പുറത്തു പോയിരുന്നാല്‍ അപ്പോള്‍ അത് വന്നു മടിയില്‍ കയറിയിരിക്കും.


    ഇതു വായിക്കുമ്പോള്‍ എനിക്ക് ആ കൊഴികുഞ്ഞിനെയാണ് ഓര്മ വന്നത്....നല്ല മനസ്സുള്ള മക്കള്‍ക്കെ അങ്ങേനെയൊക്കെ ചോദിയ്ക്കാന്‍ തോന്നൂ....


    നെന മോള്‍ക്ക്‌ എല്ലാ നന്മകളും നേരുന്നു....സസ്നേഹം...

    www.ettavattam.blogspot.com

    ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...