ലേലു അല്ലു, ലേലു അല്ലു.,ഈ ഒരു തവണത്തേക്കുകൂടി ലേലു അല്ലു..
ഓണമായത് കൊണ്ടാണ്
ഇങ്ങിനെ ഒരു വരവും കൂടി വരേണ്ടി വന്നത് അതുകൊണ്ട് ഒന്നും
ഇങ്ങോട്ട് പറയണ്ടെന്‍റെ പൊന്നു കാര്‍ന്നോന്മാരെ, കാര്‍ന്നോത്തിമാരെ..
സംഭവം വിചാരിച്ചപോലെ
മുമ്പോട്ടു നീങ്ങാത്തത്കൊണ്ടാണ് ഈ ലേലു അല്ലു പറയേണ്ടിവന്നത്., നമ്മുടെ സൈനുവിന്‍റെ
കഥയുടെ കാര്യമാണെന്നേ പറഞ്ഞു വരുന്നത്, സംഗതി ഒരടി മുമ്പോട്ട് വെക്കുമ്പോള്‍ വെട്ടലും തിരുത്തലും മായ്ക്കലുമൊക്കെയായി രണ്ടടി
പുറകോട്ടും പോകേണ്ടി വരുന്നു, എന്നുവെച്ചാല്‍ ഒച്ചിന്‍റെ വേഗതയില്‍ പോയിരുന്നത് ഇപ്പോള്‍ കുഴിയാനയുടെ
യോഗമായെന്ന് സാരം. ഈ ഒന്നര മാസംകൊണ്ട് ഏഴു വരികള്‍വീതമുള്ള രണ്ടു പേരഗ്രാഫുകള്‍
മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ഇത്
സംഭവിക്കാനുള്ള പ്രധാന കാരണമെന്തെന്നാല്‍ ഞാന്‍മനസ്സില്‍ ഒരുക്കൂട്ടി വെച്ച കഥക്കപ്പുറം
ചില ട്വിസ്റ്റുകള്‍ അവിചാരിതമായി സംഭവിച്ചതുകൊണ്ടാണ്, അതുകൊണ്ട് കണക്കുകൂട്ടി വെച്ചിരിക്കുന്നിടത്തൊന്നും ഇക്കഥ
നില്‍ക്കുമെന്ന് തോന്നുന്നില്ല, മനോഗതിക്കൊപ്പം
കഥാഗതിക്ക് പുരോഗതിയില്ലാത്തതിനാല്‍ ഒടുവില്‍ അധോഗതി ആവാതിരുന്നാല്‍
മതിയായിരുന്നു എന്‍റെ ബൂലോകം വാഴും മുത്തപ്പന്‍മാരേ, എന്തായാലും വരുന്നേടത്ത് വെച്ച് കാണേണ്ടപോലെതന്നെ കാണാമെന്ന കണക്കുകൂട്ടലുകളോടെ
ഞാന്‍മുമ്പോട്ട്തന്നെ നീങ്ങാനാണ് തീരുമാനം, എന്ത് തന്നെ ആയാലും അടുത്തമാസത്തെ പോസ്റ്റ്‌അതുതന്നെ
ആക്കാമെന്നാണ് ഇപ്പോഴും പാമ്പന്‍
പാലത്തിന്‍റെ ഉറപ്പിനെ വെല്ലുന്ന എന്‍റെ വിശ്വാസം, എന്‍റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ! ആ വിശ്വാസത്തിനു ഇനിയും നീളം കൂടാതിരുന്നാല്‍ മതിയായിരുന്നെന്‍റെ
ഓണ മുത്തപ്പോ!
പിന്നെ,
ഈ മാസം ആ കഥയുടെ പുറകെ ആയിരുന്നതിനാല്‍ മറ്റു വേണ്ടപ്പെട്ട പാരകള്‍ ഒന്നും കുത്തിക്കുറിക്കാന്‍
നേരം കിട്ടിയില്ല എന്നത് വല്യൊരു നഷ്ടമായിപ്പോയി, എന്നാലും ഓണക്കാലമല്ലേയെന്നുകരുതി ഇന്‍സ്റ്റന്ടായി
ഒരു ഓണക്കഥ തല്ലിക്കൂട്ടിയെടുത്തിട്ടുണ്ട്, നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല ,ഇഷ്ടപ്പെട്ടില്ലേലും ഒന്ന് വായിച്ചു നോക്കിയാലല്ലേ
വിവരമറിയാന്‍ പറ്റൂ, ഇഷ്ടായില്ലെങ്കില്‍ ലേലു അല്ലു ..ഇനി ഇഷ്ടായാലും ഇല്ലെങ്കിലും ഓണമല്ലേ എനിക്കൊരു മുത്തുഗാവു, അപ്പൊ ഇനി ആ കഥ വായിക്കാം ഇതാണ് കഥ ! ഓണക്കഥ.
ഓണക്കളവും മുത്തശ്ശിയും
മുത്തശ്ശിയുടെ നാലഞ്ചു
വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു അറുതി കുറിച്ചുകൊണ്ടാണ് ഇത്തവണത്തെ ഓണം കൂടാനായി ചിങ്ങം
പിറന്നതോടെ ലണ്ടനില്‍നിന്ന് മക്കളും മരുമക്കളും
നാട്ടിലെത്തിയത്, പല്ലില്ലാത്ത
മോണകാട്ടി ചിരിക്കുകയും കൂനിക്കൂടി നടക്കുകയും ചെയ്യുന്ന മുത്തശ്ശി എട്ടും പത്തും പന്ത്രണ്ടും
വയസ്സായ പേരക്കുട്ടികള്‍ക്കു ഒരു കൌതുകമായിരുന്നു.
വെള്ളിക്കമ്പിപോലുള്ള മുടി നാരുകളും കടുക്കന്‍തൂങ്ങിയാടുന്ന
നീണ്ട ചെവികളും തൊട്ടും തലോടിയും കുട്ടികള്‍മുത്തശ്ശിക്ക് ചുറ്റും വട്ടമിട്ടു നടന്നു.
“ലുക്ക്‌ജീനൂ, ഇത് ശെരിക്കും നമ്മുടെ ഡാക്കിനിയമ്മൂമ്മയെപ്പോലെയുണ്ടല്ലേ?”
ബ്രദര്‍ ദിലുവിന്‍റെ കമ്മന്‍റ് കേട്ട് ജീനുവും ജൂകിയും
പൊട്ടിച്ചിരിച്ചു, എന്തിനെന്നറിയാതെ മുത്തശ്ശിയും
ആ ചിരിയില്‍പങ്കു ചേര്‍ന്നു.
അത്തം മുതല്‍തിരുവോണം വരെ പൂക്കളമിടാനും തുമ്പിതുള്ളാനും
ആളായല്ലോ എന്നതായിരുന്നു മുത്തശ്ശിയുടെ ആശ്വാസം.
എന്നാല്‍, അത്തംനാള്‍നേരത്തെ എഴുന്നേറ്റ് പൂക്കളം കാണാനായി വീടിന്‍റെ
മുന്‍വശത്തേക്ക് നടന്ന മുത്തശ്ശി കണ്ടത് പൂമുഖത്തു ഇരുന്ന് ടിവിയില്‍പൂക്കള മത്സരത്തിന്‍റെ
ലൈവ്ഷോ കാണുന്ന പേരക്കുട്ടികളെയാണ്, മുത്തശ്ശി നിരാശയോടെ നെടുവീര്‍പ്പിട്ടു.
“മക്കളേ.. ആ മുറ്റത്തിരി ചാണകം മെഴുകി
കുറച്ചു പൂവറുത്തിട്ടൂടെ നിങ്ങള്ക്ക്?”
മുത്തശ്ശിയുടെ ആ ചോദ്യം കേട്ട് പേരക്കിടാങ്ങള്‍ചുളുങ്ങിയ
നെറ്റിയോടെ അവരുടെ നേരെ തുറിച്ചുനോക്കി.
“അയ്യേ!, ബുള്‍ഷിറ്റ്, മെഴുകുകയോ! ഇറ്റീസ് ഷെയിം ഗ്രാന്‍ഡ്‌മാ, ഞങ്ങള്‍ക്ക് അറപ്പാണ്..”
അവര്‍അറുത്തുമുറിച്ചു പറഞ്ഞു.