Nov 24, 2010

"ബഹുത്ത് ശുക്ക്രിയ"

ഈ ചിപ്പി ഇവിടെ  തുറക്കുമ്പോള്‍ ഇത്രക്കങ്ങോട്ടു ഞാന്‍ പ്രതീക്ഷിച്ചില്ലാട്ടോ.. ബൂലോകക്കൂട്ടം ഇങ്ങിനെ മനസ്സ് തുറന്നൊരു വരവേല്‍പ്പ് നടത്തുമെന്ന് സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ കരുതിയില്ല , എന്‍റെ ചിപ്പിയില്‍ വന്നെത്തി ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളും നല്‍കിയ പ്രിയപ്പെട്ട നിങ്ങള്‍ക്ക് അവിടെ നന്ദി, അല്ലെങ്കില്‍ സന്തോഷം എന്നൊരു കുറിപ്പെഴുതി 
അവസാനിപ്പിക്കുന്നത് ശെരിയല്ല എന്ന് മനസ്സ് 
പറഞ്ഞു,  ഞാനത് കേട്ടു , അനുസരിക്കുന്നു  അത്രേയുള്ളൂ..മാത്രോമല്ല എന്തിലും ഒരു വ്യത്യസ്ഥതയും  പുതുമയും വേണമെന്ന പക്ഷക്കരിയാണ് ഞാന്‍ ...!
ഇനി കാര്യത്തിലേക്ക് കടക്കാം .. ഈ  ബൂലോകമെന്ന ബാലികേറാ മലയിലേക്ക്  കയറാനും നിങ്ങളെയൊക്കെ പരിചയപ്പെടാനും  എനിക്ക് വഴി ഒരുക്കിത്തന്ന എന്‍റെ പ്രിയപ്പെട്ട ഉപ്പാട് തന്നെ ഞാന്‍ ആദ്യം നന്ദി രേഖപ്പെടുത്തട്ടെ , അതോടൊപ്പം ഒരു ക്ഷമാപണവും കൂടി.. എന്തെന്ന് വെച്ചാല്‍  എന്‍റെ പോസ്റ്റില്‍ ഉപ്പാക്ക് ജാഡയാണെന്നു എഴുതേണ്ടി വന്നതിന് ,ഒന്നാലോചിച്ചാല്‍  അത്  എങ്ങിനെ എഴുതാതിരിക്കും എന്നൊരു മറുചിന്ത ഇത് എഴുതുമ്പോഴും  ഉള്ളില്‍ മുട്ടിതിരിയുന്നു,  അല്ലെങ്കില്‍ നിങ്ങളുതന്നെ പറ വിശന്നുറങ്ങുന്നവനെ വിളിച്ചുണര്‍ത്തി ചോറില്ല എന്ന് പറഞ്ഞപോലെ മോള്‍ക്ക്‌ ഞാനൊരു ബ്ലോഗുണ്ടാക്കിതരാം നീ വരയ്ക്കുന്ന ചിത്രങ്ങളും എഴുതുന്ന കഥകളും  മറ്റും അതില്‍ പോസ്റ്റാം എന്നൊക്കെ പറഞ്ഞു മനുഷ്യനെ മോഹിപ്പിച്ച് അത് നാളെയാകട്ടെ മറ്റന്നാളാകട്ടെ നോമ്പ് കയ്യട്ടെ പെരുന്നാള്‍ കഴിയട്ടെ.. ഓണം വരട്ടെ വിഷു കഴിയട്ടെ...കൂടുതലെന്തിനു പറയുന്നു  അങ്ങിനെ അങ്ങിനെ സംഭവം  നീട്ടിവലിക്കാന്‍ നൂറു നൂറു കാരണളായിരുന്നു മൂപ്പര്‍ക്ക്. ഒടുവില്‍ പറഞ്ഞത് ഹജ്ജു പെരുന്നാളുകൂടി ഒന്നങ്ങോട്ടു കഴിഞ്ഞോട്ടെ എന്നാണു അത് കഴിഞ്ഞിട്ടും ചങ്കരന്‍ തെങ്ങേല്‍ തന്നെ.. .അതോടെ എനിക്ക് ഒരു കാര്യം ബോധ്യമായി ഇനി കോഴിക്ക് മുലവരുന്ന കാലത്തേ ഉപ്പ ഉണ്ടാക്കുന്ന ബ്ലോഗ് കാണാന്‍ യോഗമുണ്ടാവൂ എന്ന് , അതുകൊണ്ടാണ്  അനസ്ക്കാനെ വിരട്ടിയും വഴിതടഞ്ഞും ഈ ബ്ലോഗ് ഈ കോലത്തില്‍ ആക്കി എടുത്തതും  ,  ഇത്തിരി പ്രയാസപ്പെട്ടാണെങ്കിലും  മലയാളം ടൈപ്പുചെയ്യാന്‍ പഠിച്ചതും..അതുകൊണ്ട് അടുത്ത നന്ദി ആ മൂത്താപ്പാടെ മോനിരിക്കട്ടെ..
പിന്നെ  എന്‍റെ ആരോഗ്യപരവും, നിലനില്‍പ്പിന് വളരെ അത്യന്താപെക്ഷിതവുമായൊരു മുന്നറിയിപ്പ്..  ഉപ്പയും ഉമ്മയും സമ്മതിക്കാതെ ഇങ്ങിനെ ഒരു സംരംഭം എനിക്കാവില്ല എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ, അത് കൊണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ തായ്‌ക്കുലങ്ങളെ ഞാന്‍ തള്ളിപ്പറയുന്ന പ്രശ്നമില്ല എന്നത് ഇവിടെ ആവര്‍ത്തിച്ചു പ്രഖ്യാപിച്ച്കൊള്ളുന്നു.. നിങ്ങളും ഒന്നാലോചിച്ചു നോക്ക് ഇലക്കും മുള്ളിനും കേടില്ലാത്തവിധം അവരെ ഒന്ന് സുഖിപ്പിച്ചു നിറുത്തുന്നതല്ലേ എന്ത്കൊണ്ടും നല്ലത്!  പിന്നെ ഉമ്മാടെ വക വാണിംഗ് ഇപ്പോള്‍തന്നെ ഇടയ്ക്കിടെ  കിട്ടുന്നുണ്ട്‌  "നീ ബ്ലോഗും ഫേസ്ബുക്കുമൊക്കെയായി ഉഴപ്പി നടന്നോ.. എക്സാം റിസള്‍ട്ട്‌ വരുമ്പോള്‍ അറിയാം കാക്ക മലര്‍ന്നു പറക്ക്വോ ചെരിഞ്ഞു പറക്ക്വോ എന്നൊക്കെ.. അതിനു നിന്നെ മാത്രം പറഞ്ഞിട്ട് കാര്യമില്ല ഇതിനൊക്കെ വളം വെച്ച് തരുന്ന നിന്‍റെ ബാപ്പാനെ ആദ്യം പറയണം..നീ നിന്‍റെ താത്തമാരെ കണ്ടു പടിക്കെന്‍റെ മോളെ " എന്നതാണ് ആ മുന്നറിയിപ്പ്
ഈ കാക്കയെ കുറിച്ചുള്ള പരാമര്‍ശം  എന്താണെന്ന് വെച്ചാല്‍ കഴിഞ്ഞ പരീക്ഷാ സീസണില്‍ ബാലരമ ചൂടോടെ വായിച്ചുകൊണ്ടിരുന്ന എന്നോടായി എല്ലാ മാതൃകാമാതാക്കളെയും പോലെ എന്‍റെ ഉമ്മയും പറഞ്ഞു " നേനാ..നീയീ ബാലരമ ബൈഹാര്‍ട്ട് ആക്കാനിരിക്കാതെ  പരീക്ഷക്ക് എന്തെങ്കിലും എടുത്തുവെച്ചു പടിക്കാന്‍ നോക്കെടി" എന്ന്, അത് കേട്ടതും എന്തോ എന്‍റെ വിവരക്കേടെന്നു പറയാലോ ഏതോ ഒരു ആവേശത്തിന് ഞാന്‍ പറഞ്ഞു ഈ എക്സാമില്‍ എന്നല്ല ഇനി വരുന്ന എല്ലാ എക്സാമുകളിലും ഞാന്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സയില്ലെങ്കില്‍ നിങ്ങള്‍ക്ക് കാക്ക മലര്‍ന്നു പറക്കുന്നത് കാണാമെന്ന്.. അതോടെ ഞാന്‍ പുലിവാല് പിടിച്ച പോലെയായി ..ഉമ്മയും താത്തമാരും വേണ്ടപ്പെട്ടവരും എന്ന് വേണ്ട എന്‍റെ ഇളയ സഹോദരി ചുന്നക്കുട്ടി വരെ അതില്‍ കേറി പിടിച്ചു നടക്കുകായിപ്പോള്‍, ഈ ബ്ലോഗിലെ ഉപ്പാടെ കമ്മന്റിലും അതിന്‍റെ ഒരു മണം എനിക്ക് കിട്ടി  ..ഏതു ഗ്രഹണം പിടിച്ച നേരത്താവോ എനിക്ക് അങ്ങിനെ പറയാന്‍ തോന്നിയത് , ഇനി ഇപ്പൊ അതോര്‍ത്തു കുന്തിച്ചിരുന്നിട്ടു  കാര്യമില്ലല്ലോ!  എക്സാമിലെങ്ങാനം മുങ്ങിപ്പോയാല്‍ ഉള്ള മാനം കപ്പല് കയറിയത് തന്നെ .. വരാനുള്ളത് വന്ന് കാലില്‍ ചുറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ..ഇനിപ്പോ വരുന്നേടത്തു വെച്ച് കാണാം .അല്ല പിന്നെ...
(ഉപ്പയും,ഉമ്മയും..പണ്ടത്തെ..ഒരു..ഫോട്ടോ)
                        (നസ്മിതാത്ത രണ്ടാം വയസ്സ്)                                                                                                                                                                         
കാക്കയെങ്ങാനും മലര്‍ന്നു പറന്നാല്‍...എന്റെമ്മോ അത് ആലോചിക്കാന്‍ കൂടി എനിക്ക് വയ്യായേ...എങ്കിലും അങ്ങിനെ സംഭവിക്കില്ലെന്നുള്ള ഉറച്ച ആത്മവിശ്വാസം എനിക്കുണ്ട്.. ഇനി വീണ്ടും വിഷയത്തിലേക്ക് വരാം ...അടുത്ത കാര്യപരിപാടി എനിക്ക് കമ്മന്റിയ ഓരോരുത്തര്‍ക്കായുള്ള മറുപടിയും നന്ദി പ്രകാശനവുമാണ്...
അതിനു മുമ്പ് ഒരു ഷോര്‍ട്ട്  ബ്രേക്ക്‌....കാരണം ഇത് ഇങ്ങിനെ       നീട്ടി പ്പരത്തിക്കൊണ്ടു പോയാല്‍ ആര്‍ക്കായാലും ഒക്കാനിക്കാന്‍ വരുമെന്ന് അനുഭവങ്ങളിലൂടെ എനിക്കറിയാം...സൊ, അടുത്ത എപ്പിസോഡില്‍  ഈ ശുക്ക്രിയ തുടരാം...അതുമായി വരും വരെ വിടപറയുന്നു ...നിങ്ങളുടെ സ്വന്തം...
നേനാ സിദ്ധീഖ്.

72 comments:

  1. എനിക്കുള്ളത് നേരിട്ട് തന്നാല്‍ മതി ....ഞാന്‍ എത്ര ആള്‍ക്കരോടാ നിന്റെ ബ്ലോഗിനെ കുറിച്ച് പറഞ്ഞത് എന്ന് അറിയോ ???..പോരാത്തതിന് നിന്റെ ബ്ലോഗിന്റെ പരസ്യം പോലും ഞാന്‍ എന്റെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട് !!!!!!!!...


    പിന്നെ എഴുത്ത് ഗംഭീരമായിട്ടുണ്ട്..

    ReplyDelete
  2. പിന്നെ താത്താര്ക്കിട്ടു 'താങ്ങിയത് എനിക്കൊരുപാട് ഇഷ്ട്ടായി .. ഒന്നിനെയും വെറുതെ വിടരരുത് !!!!!!!!!!!

    ReplyDelete
  3. എഴുത്തു നന്നായിട്ടുണ്ട്. ഉപ്പ എഡിറ്റുന്നുണ്ടോ മോളു
    ടെ എഴുത്തുകള്‍. നല്ല ഒഴുക്കുള്ളതുകൊണ്ടു ചോദിച്ചതാ.

    കുശുമ്പും കുറുമ്പും ആവോളമുണ്ടല്ലേ? ഇത്താത്തമാര്‍ ചെവിക്കു പിടിക്കാതെ സൂക്ഷിച്ചോ.

    ReplyDelete
  4. Chinthakal...!

    Manoharam, Ashamsakal...!!!

    ReplyDelete
  5. നല്ല ഒഴുക്കുളള എഴുത്ത്. പന്ത്രണ്ടുവയസ്സുതികയാന്‍ എട്ടുമാസമുളള കുട്ടി എഴുതിയതാണെന്നു വിശ്വസിക്കാന്‍ പ്രയാസം. ഒരുപാടെഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  6. "പക്ഷെ കാക്കയെങ്ങാനും മലര്‍ന്നു പറന്നാല്‍...എന്റെമ്മോ അത് ആലോചിക്കാന്‍ കൂടി എനിക്ക് വയ്യായേ...എങ്കിലും അങ്ങിനെ സംഭവിക്കില്ലെന്നുള്ള ഉറച്ച ആത്മവിശ്വാസം എനിക്കുണ്ട്".

    കാക്കയെ മലര്‍ന്നു പറക്കാന്‍ സമ്മതിക്കാതെ ബ്ലോഗിങ് തുടരാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    നല്ല ഒഴുക്കുള്ള അവതരണ രീതി .
    അഭിനന്ദനങ്ങള്‍

    ReplyDelete
  7. നന്നായെഴുതി നല്ല എഴുത്തുകാരിയാവട്ടെ..
    നേനമോൾക്ക്‌ അനുഗ്രഹങ്ങളും ആശംസകളും...

    ReplyDelete
  8. കൊള്ളാം നേന.

    ചെറിയ പ്രായത്തിലേ എഴുതാനും വരയ്ക്കാനുമൊക്കെ ഭാഗ്യം കിട്ടുന്നതും, അതിനു കഴിവുണ്ടാകുന്നതും, പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളുണ്ടാകുന്നതും എല്ലാം മഹാഭാഗ്യം.

    അവസരങ്ങൾ പ്രയോജനപ്പെടുത്തൂ.
    നല്ലൊരു കലാകാരിയായി വളരാൻ എല്ലാ ആശംസകളും!

    ReplyDelete
  9. ധാരാളം വായിക്കുക.
    -ആശംസകള്‍!

    ReplyDelete
  10. ഇജ്ജു ഒരു കുഞ്ഞു പുലികുട്ടി ആണുട്ടോ... ഉപ്പാനെ നീ വെട്ടിക്കും അത് ഉറപ്പാണ്...

    ReplyDelete
  11. നേനക്കുട്ടീടെ എഴുത്ത് വായിക്കാന്‍ നല്ല രസമുണ്ട് കേട്ടോ....നന്നായി പഠിച്ചു നല്ല മാര്‍ക്ക് നേടണം...അത് പോലെ എഴുതുകയും വേണം കേട്ടോ.. സസ്നേഹം ഒരു ഇത്ത.

    ReplyDelete
  12. എഴുത്തിലും പഠനത്തിലും മുന്നേറ്റം തുടരുക.
    ആശംസകളോടെ.

    ReplyDelete
  13. നന്നായി എഴുതി ഉപ്പ പുലി ഉപ്പാടെ മോള് പുപ്പുലി

    ReplyDelete
  14. നേന നിന്‍റെ പോസ്റ്റ് വായിക്കുമ്പോള്‍ ഗൂഗിള്‍ ചാറ്റിലൂടെ ശല്യം ചെയ്ത രണ്ട് സുഹൃത്തുക്കളെ ഞാന്‍ ഒതുക്കിയത് നിന്‍റെ ലിങ്ക് അവര്‍ക്ക് പാസ് ചെയ്തുകൊണ്ടാണ്.. അവരും അതില്‍ കുടുങ്ങി..അവരും വായിച്ചു രസിക്കുന്നുണ്ടാവും .. ( ഇപ്പോള്‍ മിണ്ടാട്ടം ഇല്ല )

    നല്ല രസമുള്ള എഴുത്ത് മോളെ.. കാക്ക മലന്നു പറക്കുമെന്ന പേടി ഒന്നും വേണ്ട... അതൊന്നും ഉണ്ടാവില്ല മോള്‍ എഴുതി ബൂലോകരെ രസിപ്പിക്ക് ..
    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  15. മോള് നന്നായി എഴുതി, പിന്നെ എനിക്കിഷ്ടം ഉപ്പേടേം ഉമ്മേടേം ആ പഴയ ഫോട്ടോയാ. പിന്നെ ഇതുപോലെ വല്ലതും ഇനിയും കിട്ടിയാൽ പോസ്റ്റ് ചെയ്യാൻ മറക്കരുത്.

    ReplyDelete
  16. നേനക്കുട്ടീ...
    തകര്‍ത്തൂട്ടാ...
    കുട്ടികളായാല്‍ ഇങ്ങനെ വേണം ട്ടാ...
    കഴിഞ്ഞ പോസ്റ്റില്‍ ഉപ്പാക്കിട്ടു കൊട്ടി
    ഈ പോസ്റ്റില്‍ താത്താമാര്‍ക്കിട്ട് കൊട്ടി
    ഇനി അടുത്ത കൊട്ട് ആര്‍ക്കിട്ടാണാവോ...?
    ബ്ലോഗ് എഴുതുന്നതോടൊപ്പം നന്നായി പഠിക്കുകയും വേണം ട്ടാ
    ഇല്ലേല്‍ എല്ലാവരും കൂടി നേനക്കുട്ടിക്കിട്ടു കൊട്ടും...

    ട്ടാ...ട്ടാ...ട്ടാ

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. Gr8888 work..... congrats..

    Best regards,

    Habeeb E Mohammedunny

    ReplyDelete
  19. എന്റെ കുഞ്ഞനുജത്തി ഇനിയും എഴുതുക നന്നായി പഠിക്കുക
    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  20. ആരാ മോളെ ഇതൊക്കെ ഇങ്ങനെ പറഞ്ഞു തരുന്നെ...? ബാപ്പച്ചിയാ‍ണൊ...?
    കുട്ടികളെഴുതുമ്പോൾ അതിൽ കുറച്ചു കുട്ടിത്തമൊക്കെ കാണും...!
    കാണണം...!

    ആശംസകൾ...

    ReplyDelete
  21. നെയ്‌ നാ ..കല്‍ക്കി നെയ്‌ നാ ..കാക്ക മലന്നും പറക്കും കമന്നും പറക്കും അത് കാക്കേട ഇഷ്ടം ..ന്നു പറയ്‌ നെയ്‌ നാ ..

    ReplyDelete
  22. അനിയത്തീ .....
    നന്നായിട്ടുണ്ട് , പക്ഷെ നിന്റെ ഇത്താത്തമാര്‍ വായിക്കാതെ നോക്കിക്കോ ...
    അല്ലെങ്കില്‍ നിന്റെ കാര്യം പോക്കാ......

    ReplyDelete
  23. ബാപ്പാനെ പരിചയപ്പെട്ടിട്ട് കുറെയായെങ്കിലും മോളുടെ പോസ്റ്റ് വന്ന ശേഷമാണ് ബാപ്പാനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇത് നിങ്ങള്‍ രണ്ടു പേരും കൂടിയുള്ള ഒരു ഒത്തു കളിയല്ലെ മോളെ?.എന്റെ മൂത്ത മോള്‍ ഷാഹിനാനെ എനിക്ക് ഒഴിഞ്ഞു കിട്ടാഞ്ഞിട്ടാ. അല്ലെങ്കില്‍ ഓളെ ഞാന്‍ ഇതിലും വലിയ പുലിക്കുട്ടിയാക്കും.പിന്നെ എന്റെ ഇളയ മോള്‍ മിന്നു എന്നു വിളിക്കുന്ന ജമീലാ ജാസ്മിന്‍, ഓളിപ്പോ ഒന്നിലാ. ഓള്‍ ഇപ്പോള്‍ തന്നെ ബ്ലോഗിലെ കഥാ പാത്രമാ.എന്റെ ബ്ലോഗില്‍ നോക്കിയാ മനസ്സിലാവും.അതൊക്കെ മോള്‍ക്കൊരു റിസര്‍ച്ചിനു വിടുന്നു.പിന്നെ ഉപ്പാന്റെയും ഉമ്മാന്റെയും ഫോട്ടൊ കണ്ടപ്പോ പ്രേം നസീറും ഷീലയുമാണെന്നു തോന്നിപ്പോയി!

    ReplyDelete
  24. മോളേ,
    നല്ല ഒഴുക്കുള്ള എഴുത്ത്.അവസരങ്ങള്‍ നന്നായി വിനിയോഗിക്കുക

    ReplyDelete
  25. നന്നായി എഴുതി.
    നല്ലൊരു കലാകാരിയാവട്ടെ..

    ReplyDelete
  26. """എന്തൊക്കെ സംഭവിച്ചാലും ഞാന്‍ പിന്തുടരാന്‍ പോകുന്നത് എന്‍റെ ഉപ്പ സിദ്ധീഖ്‌ തൊഴിയൂര്‍, കുഞ്ഞിപ്പ ബഷീര്‍ വെള്ളറക്കാട്‌ (ബഷീറിയന്‍ നുറുങ്ങുകള്‍) എന്നിവരടക്കമുള്ള നിങ്ങളെയൊക്കെയാണ്...""

    മോളെ ആരെയും പിന്തുടരരുത് സ്വന്തം പാതയില്‍ സഞ്ചരിക്കുക .അത് ഇത്തിരി വൈകിയാണ് എങ്കിലും അതില്‍ ഒരു സുഖം ഉണ്ട് .
    ആശംസകൾ... മോളെ

    ReplyDelete
  27. നല്ല എഴുത്ത്.
    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  28. nene swanthamaayi ezhuthaan sramikkuka.. ee blog undaakkiyathum ithil post cheyynnathum , mattu blogil comment cehyyunnathum nena aanennu vishawasikkatte . ennaalum ippol padikkaan sramikkuka pinne aavaam blogum mattum. nena varakkunna chithrangalum mattum uppa post cheyyatte..

    nenayude father,

    kuttiyude baaavi nashippikarth.

    enn ur abhyuthaya kaamkshi

    ReplyDelete
  29. കൊള്ളാമല്ലോ ഈ എഴുത്ത്...തുടരുക.

    ReplyDelete
  30. മോളൂ നന്നായിട്ടുണ്ട് ..നന്നായി പഠിക്കുക വളരുക ഇതിനേക്കാൾ ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കുക .ഇതു വേണ്ട എന്ന് അതിനർഥമില്ലകെട്ടോ... നാളെയുടെ നല്ല വക്താക്കളാകട്ടെ.. ഭാവുകങ്ങൾ...

    ReplyDelete
  31. നന്നായി വരട്ടെ.

    ReplyDelete
  32. അത്ഭുതം തോന്നുന്നു ..ഇത്ര ചെറിയ പ്രായത്തില്‍ ഇത്രയും നന്നായി എഴുതുന്നു ... മനോഹരം ..ആശംസകള്‍

    ReplyDelete
  33. അല്ലാഹു അനുഗ്രഹിക്കട്ടെ... ഒപ്പം മാതാ -
    പിതാക്കളുടെ പ്രതീക്ഷകള്‍ സഫലീകരിക്കാന്‍ (പഠിക്കുക) ശ്രമിക്കുക.. ഉപ്പക്കും ഉമ്മക്കും (ബ്ലോഗ്‌ എഡിറ്റിംഗ് നു പിന്നില്‍ ആരാണെങ്കിലും) ആശംസകള്‍

    ReplyDelete
  34. കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന ടീവി പരിപാടിയിലെ പണിക്കരെ പോലെയുണ്ട് ഉപ്പാനെ കണ്ടാല്‍!. ഉമ്മാനെ പറ്റി കമന്റില്ല!

    ReplyDelete
  35. എഴുത്തു നന്നായിട്ടുണ്ട്.
    മനോഹരം ..ആശംസകള്‍

    ReplyDelete
  36. നൈന കുട്ടിയോട് ഒന്ന് ചോദിച്ചോട്ടെ,
    ആരാ മോള്‍ക്ക് ആദ്യം കമന്റ്‌ ഇട്ടതു?.....ഞാനല്ലേ?
    അതാണ്‌...............നന്നായിട്ടുണ്ട് കേട്ടോ..
    വീണ്ടും വരാനായി ..............ബൈ

    ReplyDelete
  37. മോള്‍ക്ക്‌ കിട്ടിയ കമ്മന്റ് ഒന്ന് വായിച്ചുകളയാമെന്നു വെച്ച് ഇവിടെ വന്നപ്പോള്‍ പലരുടെയും വിരലുകള്‍ എന്‍റെ നേരെ നീളുന്നത് കണ്ടു...
    പഥികന്‍, സ്വപ്നസഖി,വികെ ,മോമുട്ടിക്ക ,സമീര്‍ പിന്നെ മുഖവും അഡ്രസ്സും ഇല്ലാത്ത ഒരു അഭ്യുദയകാംക്ഷി..നിങ്ങളോട് ഒരു കാര്യമേ എനിക്ക് പറയാനുള്ളൂ. കഴിഞ്ഞ മാസത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ കഥയില്‍ ഒന്നും കവിത ചിത്ര രചന എന്നിവയില്‍ രണ്ടും സ്ഥാനങ്ങള്‍ നേനക്ക് കിട്ടി, അതു മോളുടെ സ്വന്തം കഴിവല്ലെന്നു പറയാന്‍ നമുക്കാവില്ലല്ലോ! ഈ ബ്ലോഗു ഡിസൈന്‍ ചെയ്യാന്‍ ഞാന്‍ തുടങ്ങിയിട്ട് മോള് പറഞ്ഞപോലെ അഞ്ചെട്ടു മാസമായി ,ഞാനത്ര കാര്യമായി എടുത്തില്ല എന്നത് തന്നെ സത്യം ,ഇതിപ്പോള്‍ ഞാന്‍ ചെപ്പ് എന്ന ടൈറ്റില്‍ ശെരിയാക്കി കൊടുത്തത് മാറ്റി മോളും അവളുടെ അനസുക്കായും പിന്നെ ഒരു മാമിയും കൂടി ചെയ്തതാണ് .പോസ്റ്റിന്റെ ഒരു കാര്യവും ഞാന്‍ അറിയാറില്ല ഇന്നലെ മോള്‍ക്ക്‌ മെയില്‍ അയക്കാന്‍ കഴിയുന്നില്ല ഉപ്പ എല്ലാവര്ക്കും ഒന്നയക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ അത് ചെയ്തത് , അത് കൊണ്ട് തെറ്റിദ്ധാരണകള്‍ ഒഴിവാക്കുക , ഞാന്‍ എന്‍റെ ഒരു ബ്ലോഗിലും അനോണിമസ് കമ്മന്റ് അനുവദിക്കാറില്ല ,ഇത് മോള്‍ക്ക്‌ സെറ്റിംഗ്സ് അറിയാത്തത് കൊണ്ടാവാം പതിനെട്ടാം നൂറ്റാണ്ടിലോ മറ്റോ ജനിക്കേണ്ടിയിരുന്ന ഒരു അനോണിമി എന്തൊക്കെയോ വിവരക്കേട് എഴുതി വെച്ചത് കണ്ടു , എനിക്ക് കണ്ണെടുത്താല്‍ കണ്ടു കൂടാത്ത ഒരു വര്‍ഗമാണ് അഡ്രസ്സില്ലാത്ത ഈ കൂട്ടര്‍ , പറയേണ്ടത് എന്തായാലും നേരെ ചൊവ്വേ മുഖത്തുനോക്കി പറയണം..അതിനെ അന്തസുള്ളൂ ..ഇത് ഊമക്കത്ത് എഴുതുന്നതിനു തുല്യമായ ഒരു പരിപാടിയാണ് , അനോണിമിയെ തപ്പി പിടിക്കാന്‍ യാതൊരു പ്രയാസവും ഈ ഹൈടെക് യുഗത്തില്‍ ഇല്ലെന്നു അറിയാത്ത ഇവരെ എന്ത് പറയാന്‍ !മോളുടെ ഭാവി എന്താകുമെന്ന വിചാരം അവളുടെ പിതാവായ എന്നെക്കാള്‍ ഈ പിന്തിരിപ്പന്‍ ചിന്താഗതിക്കാരന്നാണ്..എന്തായാലും അതൊന്നും ഓര്‍ത്തു അഡ്രസ്സില്ലാത്ത താന്‍ വിഷമിക്കണ്ട , എന്ത് വന്നാലും സഹിക്കാന്‍ ഞങ്ങള്‍ മാതാപിതാക്കളുണ്ട്.മറ്റൊരു കാര്യം കൂടി ഈ പഴഞ്ചന്‍ ചിന്താഗതിയും കൊണ്ട് ഈ ബൂലോകത്തിലേക്ക് ഇനിയും വരാതിരിക്കുക ..അത്രേ ഉള്ളൂ അഡ്രസ്സില്ലാത്ത തന്നോട് പറയാന്‍ ..

    ReplyDelete
  38. മോമുട്ടിക്കാ എന്‍റെ മോളുവിനെ താല്പര്യത്തോടെ നോക്കിക്കാനുന്നതില്‍ വളരെ സന്തോഷം ...എന്നെ ആദ്യം പ്രേംനസീറും പിന്നെ പണിക്കരും ആയി ഉപമിച്ചു കണ്ടു അടുത്തത് ആരോടാണാവോ ഉപമ..!
    ഹംസക്കാ ..കാക്ക മലര്‍ന്നു പറക്കുമോ എന്ന പേടി എനിക്കും ഇല്ല ..മോളുടെ കാര്യത്തില്‍ എനിക്ക് വിശ്വാസമുണ്ട് , അമിതമായൊരു ആത്മ വിശ്വാസം അല്ല അത് എന്നൂടെ പറയട്ടെ..

    ReplyDelete
  39. എന്റെ തെറ്റിദ്ധാരണ മാറി. ക്ഷമിക്കുക.

    ReplyDelete
  40. ഈ ഉപ്പാടെ ഒരു കാര്യം , എനിക്ക് പ്രൈസ് കിട്ടിയത് യുവജനോത്സവത്തില്‍ അല്ല അത് സ്കൂള്‍ ആനുവേര്‍സറി ആഘോഷത്തില്‍ ആയിരുന്നു.പിന്നെ എന്‍റെ ഉപ്പയ്ക്ക് ബിപി ഉള്ളതിനാല്‍ ചിലപ്പോള്‍ അതിന്‍റെ ഒരു റീആക്ഷന്‍ ഉണ്ടാവാറുണ്ട് ,
    ഇവിടെയും സംഭവിച്ചിട്ടുള്ളത് അതുതന്നെ എന്ന് ഞാന്‍ സംശയിക്കുന്നു ..ഉപ്പാടെ ആ കമ്മന്റില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു .പിന്നെ ഇവിടെ എത്തിയ നിങ്ങള്‍ക്കെല്ലാം വിശദമായി നന്ദി ഞാന്‍ എന്‍റെ അടുത്ത പോസ്റ്റില്‍ ചേര്‍ക്കുന്നുണ്ട് ...പക്ഷെ പഠനതിന്നിടയില്‍ വളരെ കുറച്ചു സമയമേ എനിക്ക് ഈ ബ്ലോഗില്‍ അനുവദിച്ചിട്ടുള്ളൂ..അതുകൊണ്ട് എല്ലാവരെയും വന്നു കനാനാവാത്തതില്‍ ക്ഷമിക്കണം .

    ReplyDelete
  41. nandhi sweekarichirikkunnu.................

    ReplyDelete
  42. മോളേ നന്നായി എഴുതുന്നുണ്ട്. ഉപ്പയുടെ നിഴലാവരുത്. ഉപ്പയെ മോളുടെ നിഴലാക്കണം കേട്ടോ.. ഇനിയും ഒട്ടേറെ എഴുതൂ.. ആശംസകള്‍

    ReplyDelete
  43. പോട്ടങ്ങളും എഴുത്തും ഉസാറായി.
    "ബഹുത്ത് ശുക്ക്രിയ" !

    തുടരുക.
    ഭാവുകങ്ങള്‍ .
    ഞമ്മടെ ബക ഒരു സ്പെഷ്യല്‍ ഹായ് കൂയ് പൂയ്!

    ReplyDelete
  44. @@
    നേനാ,
    ധൈര്യത്തോടെ എഴുതിക്കോ.
    ങ്ഹും., കണ്ണൂരാനുണ്ട് പിറകില്‍.

    വാപ്പാന്റെ BP (ബ്ലോഗേര്‍സിനെ പേടി) ഞങ്ങള്‍ നോക്കിക്കോളാം.
    ആശംസകള്‍.
    ***

    ReplyDelete
  45. മോളേ...സത്യമായിട്ടും എനിക്കു വിഷമമായി. പ്രായത്തില്‍ കവിഞ്ഞ പക്വതയുളള മിടുക്കികുട്ടി എന്നേ ഞാനുദ്ദേശിച്ചുളളൂ. സാരമില്ല; തെറ്റ് ഞാനുപയോഗിച്ച ഭാഷയില്‍ തന്നെ. എന്തുതന്നെയായാലും മോളോട് എനിക്കു പരിഭവമിലല. മോളിവിടെ ക്ഷമാപണം നടത്തിയതു കൊണ്ടിതു പറയാതിരിക്കാന്‍ കഴിഞ്ഞില്ല. മോള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  46. നേന മോൾക്ക് ആശംസകൾ. അഭിനന്ദനങൾ.
    ബഹുത് ശുക്രിയാ.. :)

    ഓടോ:
    പഠനവും ബ്ലോഗും ,അതിൽ ആദ്യം പഠനമാവട്ടെ..


    @നേനാടെ തന്തപ്പിടി,

    ആവശ്യത്തിൽ കൂടുതൽ ലിങ്കുകളും മറ്റും ഈ ബ്ലൊഗിൽ ഉള്ളത് കൊണ്ട് ബ്ലൊഗ് തുറന്ന് വരാൻ സമയമെടുക്കുന്നു. (എന്റെ കമ്പ്യൂട്ടർ പുതിയതാ 200 മോഡർ )

    പിന്നെ 25 കൊല്ലം മുമ്പുള്ള ഫോട്ടോ നന്നായിട്ടുണ്ട്.

    ReplyDelete
  47. നോനോ സിദ്ധീക്ക് എന്നാ ഞാന്‍ ആദ്യമായി പേര് വായിച്ചത്. അങ്ങെനെ തെറ്റി വായിച്ചു ബ്ലോഗില്‍ എത്തിയപ്പോള്‍ ശരിക്കും ഞെട്ടി. പേരിനെപ്പോലെ ഒരു സുന്ദരന്‍ ബ്ലോഗ്‌. നല്ല ഏഴുത്ത്.. ഉയരങ്ങള്‍ കയറാന്‍ ഇനിയും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  48. ഒരു മിനുസമുള്ള പ്രതലത്തിലൂടെ ഭാരമില്ലാതെ ഒഴുകിപ്പോകുന്ന ഒരനുഭവം.!
    വേറിട്ട ഒരു വായനാനുഭവം. അല്പം നിഷ്കളങ്കതയും അതിലുമപ്പുറം കുസൃതിയും ആവോളം വായിക്കാനാവുന്നുണ്ട്.
    പിന്നെ, വാപ്പച്ചിയുമായി എനിക്ക് നാളുകള്‍ നീണ്ട ഒരു പരിചയവുമില്ലാ... വാപ്പചിയേക്കാള്‍ വേഗത്തില്‍ എനിക്ക് മോളോടാണ് കൂട്ടുണ്ടായത്. തുടര്‍ന്നും, മോളുടെ എഴുത്തുകള്‍ക്കായി പ്രതീക്ഷയോടെ...~!

    ReplyDelete
  49. പരീക്ഷ കഴിഞ്ഞോ നേനാ? വാപ്പച്ചി ചെവിക്കു പിടിച്ചോ? ഇതിനു ശേഷം ഒരു പോസ്റ്റും കണ്ടില്ല?

    ReplyDelete
  50. ഇവിടെ എത്തിപ്പെടാന്‍ വൈകി.
    വന്നപ്പോള്‍ ഒക്കെ വായിച്ചു..
    പ്രായത്തില്‍ കവിഞ്ഞ പക്വത എഴുത്തില്‍ കാണുമ്പോള്‍ എങ്ങനെ അത്ഭുതപ്പെടാതിരിക്കും?എത്ര ഒഴുക്കൊടെയാണ് മോളെഴുതുന്നത്..
    പ്രതിഭ എന്നു പറയുന്നത് ഇതാണ്..

    എനിക്കുമുണ്ട് മോളുടെ പ്രായത്തില്‍ ഒരു മോള്‍..

    ഭാവുകങ്ങള്‍...

    ReplyDelete
  51. ഞാനും ഇവിടെയെത്തി കേട്ടോ .കാക്ക ഇപ്പഴും കമഴ്ന്നു തന്നെയല്ലേ പറക്കുന്നത് ?നല്ല രസമുണ്ട് വായിക്കാന്‍ .

    ReplyDelete
  52. എഴുതുക... വരയ്ക്കുക.. ഇനിയും വളരുക. മോൾക്ക് ആശംസകൾ

    ReplyDelete
  53. മോളുടെ എഴുത്ത് വളരെ മനോഹരമാണ്. ഇത്ര ചെറുപ്പത്തില്‍ ഇങ്ങനൊകെ എഴുതാമെങ്കില്‍ മോല്‍ നല്ലൊരു എഴുത്തുകാരിയാവും തീര്‍ച്ച. യാദൃശ്ചികമായി ആണീ ബ്ലോഗ് കണ്ടത്... ഈ സ്നേഹം നിരഞ്ഞ കുശുമ്പ് വായികാന്‍ ഒരു പ്രത്യേക സുഖമുണ്ട്

    ReplyDelete
  54. മോളുടെ എഴുത്തിനു നല്ല ശൈലിയുണ്ട്,
    ഒതുക്കമുണ്ട്, ഭാവിയിലെ ഒരു നല്ല കഥാകാരിയെ
    ഞാനീ വരികളില്‍ കാണുന്നു.
    സ്നേഹപൂര്‍വ്വം
    താബു.

    ReplyDelete
  55. നല്ലത് പോലെ എഴുതാന്‍ സാധിക്കുന്നുണ്ട് ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ,ആശംസകള്‍ ..
    ബാപ്പയുടെയും ഉമ്മയുടെയും പഴയ ഫോട്ടോ എടുത്തു ചാര്‍ത്തി അല്ലെ..അവര്‍ പോലും കുറെ കാലത്തിനു ശേഷമാവും അത് വീണ്ടും കാണുന്നത്...
    താത്തമാരൊന്നും പണി തരാതെ നോക്കിക്കോ..

    ReplyDelete
  56. I think you are a Kamala surayya in the making or even you could be an Arundhati Roy. no kidding. best wishes. keep writing

    ReplyDelete
  57. ആഹാ. ഉപ്പാടെ ആ പഴ ഫോട്ടോ കണ്ടിട്ട് പറഞ്ഞതാ..
    മോഹന്‍ലാല്‍ ഫാന്‍ ആണെന്ന് തോന്നുന്നു. കണ്ടില്ലേ തോളൊക്കെ ചരിച്ചു. എച്ചൂസ് മീ ഏതു കോളേജ്ലാ എന്ന് ചോദിക്കുന്നത് കണ്ടോ?
    നല്ല രസമുണ്ട്ട്ടോ എഴുത്ത്. ഇനിയും തുടരൂ

    ReplyDelete
  58. എഴുതാനും, വരക്കാനും ഒക്കെ കിട്ടുന്ന കഴിവ് ചിലര്‍ക്ക് മാത്രം വീണു കിട്ടുന്ന വരദാനമാണ്. അത് നന്നായി പോഷിപ്പിക്കുക. എല്ലാ ആശംസകളും മോള്‍ക്ക്.

    ഒപ്പം ‘കാക്ക മലര്‍ന്ന് പറക്കാതെ നോക്കുകയും’ വേണം കേട്ടോ.

    ReplyDelete
  59. അമ്മാവന്‍ ഔട്ട്‌ ഓഫ് റേഞ്ച്.
    ഹലോ..ഹലോ അമ്മാവാ..
    എന്താ മോനെ വിശേഷം ?
    നല്ല വിശേഷം. അമ്മാവന് സുഖമല്ലേ ?
    അതെ പരമ സുഖം.
    ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാ. പറയൂ.
    അതിനു മുഖവുര എന്തിനാ ?
    അതേയ് അമ്മാവാ...എനിക്ക് ഒരു വിസ വേണം.
    ഹലോ...ഹലോ... എന്താ പറഞ്ഞത് ?
    ഒരു വിസ വേണം വിസ വേണം...
    ഹലോ... ഹലോ എന്താ പറഞ്ഞത്. കേള്‍ക്കുന്നില്ല.
    എനിക്ക് ഒരു വിസ അയച്ചു തരണംന്നു.
    ഹലോ കേള്‍ക്കാന്‍ പറ്റുന്നില്ല. ഒട്ടും റേഞ്ച് ഇല്ല.
    അമ്മാവാ കേള്‍ക്കാമോ ?
    ഇല്ല മോനെ ഒന്നും ക്ലിയര്‍ ആകുന്നില്ല. നീ വല്ലതും പറഞ്ഞോ ?
    അമ്മാവാ വിസാ വിസാ കേള്‍ക്കാമോ ?
    വിസിലോ എന്ത് വിസില്‍ ?
    വിസിലല്ല അമ്മാവാ. വിസാ …
    വിമ്മോ.?? ഒന്നും കേള്‍ക്കുന്നില്ല.
    വിസ തന്നാല്‍ അമ്മയുടെ പേരില്‍ റോഡ്‌ സൈഡിലുള്ള മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം അമ്മാവന്‍റെ പേരില്‍.......
    മോനെ എന്താ പറഞ്ഞത്... മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം...??
    റേഞ്ച് വന്നോ അമ്മാവാ........
    വന്നു മോനെ..... മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം... ബാക്കി പറയൂ.....
    ശരിക്കും കേള്‍ക്കാമോ അമ്മാവാ ?
    അതേ കേള്‍ക്കാം കേള്‍ക്കാം. നന്നായി കേള്‍ക്കാം. പറയൂ...
    അല്ല. റേഞ്ച് ഇല്ലെങ്കില്‍ ഞാന്‍ പിന്നെ പറയാം അമ്മാവാ.
    ഇപ്പൊ നല്ല റയിഞ്ചുണ്ട് മോനെ. ഇപ്പൊ തന്നെ പറയൂ....
    പറയട്ടെ അമ്മാവാ.. ഫോണ്‍ ചെവിയുടെ അടുത്തേക്ക് വെച്ചോളൂ
    വെച്ചു മോനെ ഇനി പറഞ്ഞോളൂ.
    അമ്മാവന് ഒന്നും തോന്നരുത്..........
    ഇല്ല മോനേ.....മോന്‍ ധൈര്യമായിട്ട് പറഞ്ഞോളൂ
    അതേയ് പറയാന്‍ വന്നത് മറ്റൊന്നുമല്ല. ഒരു വിസ ചോദിച്ചപ്പോഴെക്കും റേഞ്ച് പോണ താനൊക്കെ ഒരു അമ്മാവനാണോടാ....... തെണ്ടീ....... എടാ *&^&&*&^&*................ **
    താങ്കള്‍ വിളിച്ച എയര്‍ട്ടെല്‍ കസ്റ്റമര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്**

    ReplyDelete
  60. ബ്ലോഗു വായിച്ചപ്പോള്‍ എന്തെങ്കിലും ഒന്ന് കുറിചില്ലെങ്ങില്‍ അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന അപരാദമായിരിക്കും എന്നെനിക്കു തോന്നുന്നു ,വരവില്‍ കവിഞ്ഞ സ്വത്തു കണ്ടുകെട്ടാന്‍ ഇവിടെ നിയമമുണ്ട് പക്ഷെ നേന മോളുടെ രചനാപാടവത്തെ കണ്ടുകെട്ടാന്‍ ആര്‍ക്കും കഴിയില്ല . അതിലുപരി എന്നെ ആകര്‍ഷിച്ചത് നിന്‍റെ ഉപ്പയുടെ സ്നേഹമാണ് . ഉപ്പ നിന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ടെന്ന് ഉപ്പയുടെ കമെന്റില്‍ നിന്ന് എനിക്ക് മനസ്സിലായി . ഈ ഒരു സപ്പോര്‍ട്ട് എല്ലാവര്ക്കും കിട്ടല്ല .തുടര്‍ന്നും ഇതുപോലുള്ള നല്ല വരികള്‍ കുറിക്കാന്‍ എന്‍റെ അനിയത്തി കുട്ടിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

    ReplyDelete
  61. പ്രിയപ്പെട്ട മോളേ !
    മോളുടെ എല്ലാ ബ്ലോഗും ഞാന്‍ വായിച്ചു !
    എനിക്കും മൂന്ന് പെണ്‍ കുട്ടികളാ !
    മോള്‍ക്കും വീട്ടുകാര്‍ക്കും എല്ലാ നന്‍മകളും ഉണ്ടാവട്ടെ

    ReplyDelete
  62. ഒരു സുഹൃത്ത്‌ ലിങ്ക് തന്നിട്ട് ഞാന്‍ വന്നെ ഉള്ളൂ മോളു... ഇനി ഇവിടെയൊക്കെ കാണും ട്ടോ...
    കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എഴുത്തിന്റെ ലോകത്ത്...
    ആശംസകള്‍...
    മോളെ ഇത്ര മാത്രം സപ്പോര്‍ട്ട് ചെയ്യുന്ന ഉപ്പാക്കും ആശംസകള്‍..

    ReplyDelete
  63. പലയോടന്‍സ്‌ അങ്കിള്‍ സന്തോഷം..
    ബഹുത്ത് ശുക്രിയാ നിഷചേച്ചീ ..
    എല്ലാവര്ക്കും വീണ്ടും ശുക്രിയാ ..

    ReplyDelete
  64. നേനാ മോളെ ....എന്ത് രസാ മോള് എഴുതിയത് വായിക്കാന്‍ ......ഒരു ബഷീര്‍ സ്റ്റൈല്‍ (വൈക്കം മുഹമ്മദ്‌ ബഷീര്‍ )......എഴുത്തിലും വരയിലും അറിവിലും എപ്പോഴും ഒന്നമാതെത്തട്ടെ എന്ന് ആശംസിക്കുന്നു ...............

    ReplyDelete
  65. oru onnonnra ezhuthatto...kkep it up..

    ReplyDelete
  66. വളരെ സന്തോഷം സദിഷ്ക്കാ..
    രാജശ്രീചേച്ചി ..ഇഷ്ടപ്പെട്ടുല്ലേ? ബഹുത് ശുക്രിയാ..

    ReplyDelete
  67. നേന നന്നായി, ആസ്വാദ്യകരമായി എഴുതി. എല്ലാ ഭാവുകങ്ങളും...
    കാക്കയെ വെറുതെ മലര്‍ത്തണ്ട... concentrate ചെയ്യൂ... അവരുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു, ബഹുമുഖ പ്രതിഭയായി വളരൂ...

    ReplyDelete
  68. സുപ്രഭാതം മോളൂ..
    ഓരോ പുലരിയും വളർച്ചയുടേതാകട്ടെ..
    നല്ല എഴുത്ത്‌..ആശംസകൾ ട്ടൊ...!

    ReplyDelete
  69. പുണ്യവാളനു നന്ദി
    അസ്‌ലംഇക്കാക്ക് സന്തോഷം
    വര്‍ഷിണിചേച്ചിക്ക് ബഹുത് ശുക്രിയാ

    ReplyDelete

ഇതുവരെ വന്നിട്ട് മിണ്ടാതെ പോവല്ലേ ..എന്തെങ്കിലും ഒന്ന് തന്നിട്ട് പോ..
ഒരു നുള്ളോ,പിച്ചോ,അല്ലെങ്കിലൊരു നല്ല വാക്കോ..പ്ലീസ് ..

LinkWithin

Related Posts Plugin for WordPress, Blogger...