ഇക്കഴിഞ്ഞ നാലഞ്ച് മാസങ്ങള്‍ ഓടിപ്പോയ പോക്കിന്‍റെ ആ ഒരു സ്പീഡ് കാണുമ്പോള്‍ അഞ്ചെട്ട് മാസം മുമ്പ് തുടങ്ങി വെച്ച എന്‍റെ പ്രിയപ്പെട്ട സൈനുവിനെക്കുറിച്ചുള്ള കഥയുടെ എഴുത്ത് ഒടുവില്‍ എവിടെ ചെന്ന് നില്‍ക്കുമെന്നോ; അതെഴുതിത്തീരാന്‍ ഇനി എത്ര കാലം പിടിക്കുമെന്നോ ഒരെത്തും പിടിയും കിട്ടുന്നില്ലെന്‍റെ പ്രിയപ്പെട്ടോരെ..
സെപ്തംബര്‍ എട്ടാം തീയ്യതി ഒരു ഓണപ്പോസ്റ്റ് തട്ടിക്കൂട്ടിയിട്ട് ഒരുപ്പോക്ക്പോയതാണ് നമ്മളിവിടെനിന്ന് പിന്നെ ഓണവും നോമ്പും, പെരുന്നാളുകളും താത്തമാരുടെ കല്യാണങ്ങളും, നാലഞ്ചു ഹര്‍ത്താല്‍ ഉത്സവങ്ങളും, ക്രിസ്തുമസ്സും എക്സാമും അതിന്നിടയില്‍ ഉപ്പാടെയും മറ്റു പ്രിയപ്പെട്ടവരുടെയും നാട്ടിലേക്കുള്ള വരവും എല്ലാം കൂടി കൂട്ടിക്കുഴഞ്ഞു കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊടിപൂരം തന്നെയായിരുന്നു, ശെരിക്കും അടിച്ചുപൊളിച്ചു ആര്‍മ്മാദിച്ചെന്നു തന്നെപറയണം.
(ജെപി അങ്കിളിനോടൊപ്പം ഞാനും ചുന്നയും)
ആഗസ്റ്റ് അവസാനം നോമ്പ് പെരുന്നാള്‍ അതുകഴിയുമ്പോഴേക്കും ഓണവും എത്തി, പിന്നെ വിദേശങ്ങളില്‍ പലയിടങ്ങളിലായി ജോലിചെയ്യുന്ന നസിമാമ, അമിക്കാ, ഇക്കപ്പ, ലാലപ്പ, ഹബിക്ക, സിനിമാമി,ആദിമോന്‍, അലിക്ക തുടങ്ങിയവര്‍ ഓരോരുത്തരായി എത്തിച്ചേരാന്‍ തുടങ്ങി, ഉപ്പ വന്നത് സെപ്തംബര്‍ ഇരുപത്തിമൂന്നിന്, അന്ന് വെള്ളിയാഴ്ച ആയിരുന്നതോണ്ട് സ്കൂള്‍മുടക്കിതന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഞങ്ങളൊരു ഘോഷയാത്രയായി പോയി കൂട്ടിക്കൊണ്ടു വന്നു, അതിന്‍റെ പിറ്റേന്നു ഇക്കപ്പാടെ മോള്‍ അസ്മതാതാടെ കല്യാണം, അതിന്റെ വിരുന്നും സല്‍ക്കാരങ്ങളുമായി നീങ്ങുന്നതിന്നിടയില്‍ നവംബര്‍ ആദ്യത്തില്‍ വല്യപെരുന്നാളെത്തി, പെരുന്നാള്‍ കഴിഞ്ഞ ഉടനെ 11-11-11ന് നസ്മിതാതാടെ കല്യാണം,
(നസ്മിതാതാടെ നിക്കാഹ്)
പിന്നെ കുറച്ചു ദിവസങ്ങളിലായി അതിന്‍റെ ആരവങ്ങള്‍, അതിന്നിടയില്‍ പുതിയ വീട്ടിലേക്കുള്ള താമസമാറ്റം, ദിവസേനയെന്നോണം കടപ്പുറസന്ദര്‍ശനം, ഫാന്റസി പാര്‍ക്ക്, മലമ്പുഴ, ആനക്കോട്ട തുടങ്ങിയ ഉല്ലാസകേന്ദ്രങ്ങളിലേക്ക് യാത്ര, അതോടൊപ്പം ഞങ്ങള്‍ കുടുംബ സമേതം തൃശൂര്‍ പോയി ജെ.പി അങ്കിളിനെയും ആന്റിയേയും സന്ദര്‍ശിച്ചിരുന്നു, മറ്റു ചിലരെ കാണണം; കാട്ടാം എന്നൊക്കെ ഉപ്പ പറഞ്ഞിരുന്നെങ്കിലും സംഗതി നടന്നില്ല, ആ രണ്ടു മൂന്നുമാസം ആഘോഷങ്ങളും സന്തോഷങ്ങളുമായി എന്തൊക്കെയൊരു ബഹളേര്‍ന്നു!

(ഗുരുവായൂര്‍ ആനക്കോട്ട)
നവമ്പര്‍ അവസാനത്തോടെ ആര്‍മാദങ്ങളുടെ കൊടിയിറങ്ങാന്‍ തുടങ്ങി, കല്യാണങ്ങള്‍ കൂടാന്‍ എത്തിയ പ്രിയപ്പെട്ടവര്‍ മനസ്സില്‍ നൊമ്പരപ്പൊട്ടുകള്‍ ബാക്കിവെച്ചുകൊണ്ട് മടങ്ങിത്തുടങ്ങി, ഒടുവില്‍ ഡിസംബര്‍ മൂന്നിന് ഉപ്പയും, ജനുവരി ഇരുപതിന് അലിക്കായും (നസ്മിതാതാടെ കേട്യോന്‍ - അഥവാ ഞങ്ങടെ അളിയന്‍ - മൂപ്പര്‍ക്ക് ഇക്ക എന്ന് വിളിക്കുന്നതാണ് ഇഷ്ടം, പിന്നെ രഹസ്യമായി പറഞ്ഞാല്‍ സ്വന്തം ഒരു ഉടപ്പിറന്നോന്‍ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്കും അതുതന്നെ സന്തോഷം) കൂടി പോയതോടെ കളിക്കളം കാലിയായി, സ്കൂളീ പോവാനും ടീച്ചര്‍മാരുടെ വഴക്ക് കേള്‍ക്കാനും നേനാടെ ജന്മം പിന്നെയും ബാക്കിയായെന്നു ചുരുക്കം, ഉപ്പാനെ യാത്രയയച്ചുവന്ന ചുന്നക്കുട്ടി അന്നുമുഴുവാന്‍ വല്യവായിലെ നിലവിളിയായിരുന്നു, അവള്‍ കുട്ടിയായതോണ്ട് വിഷമവും സങ്കടോം കരഞ്ഞു തീര്‍ത്തു ,നമ്മള്‍ പിന്നെ പന്ത്രണ്ടു വയസ്സൊക്കെ കഴിഞ്ഞ വല്യ കുട്ടിയായില്ലേ ,സങ്കടം വന്നാല്‍ കരയുന്നതൊക്കെ കുറച്ചിലാണല്ലോ! അതോണ്ട് ഞാന്‍ ഒരാളെയും യാത്രയയക്കാന്‍ പോയേ ഇല്ല, കുറച്ചു ദിവസം വാല്ലാത്ത മൂഡോഫില്‍ അങ്ങ്പോയി ,അതിന്നിടയില്‍ സ്കൂളില്‍ സ്കൌട്ട് യൂണിറ്റിലും ചേര്‍ന്നു, അത്ര തന്നെ.

(ചുന്ന ഫാന്റസി പാര്‍ക്കില്‍ )
പൂരോം വെടിക്കെട്ടും എല്ലാം കഴിഞ്ഞ് പൂരപ്പറമ്പില്‍ ബാക്കിയായ അമിട്ട്കുറ്റി പോലെ ഒറ്റക്കായപ്പോഴാണ് മാസങ്ങള്‍ക്ക്മുമ്പ് തുടങ്ങി വെച്ച ആ കഥ ഒഴിവു കിട്ടുന്നതിന്നനുസരിച്ചു എഴുതിത്തീര്‍ക്കാമെന്നൊരു ഉള്‍വിളി ഉണ്ടായത്, പക്ഷെ സാധനം പൊടിതട്ടിയെടുത്ത് ഒരാവര്‍ത്തി വായിച്ചപ്പോള്‍ എവിടെയൊക്കെയോ കല്ലുകടിക്കുന്ന പോലെ ഒരു തോന്നല്‍ , എഴുതിയതൊന്നും മനസ്സിനങ്ങോട്ടു തൃപ്തമാകാത്തപോലെ ഒരിത്, അതിപ്പോ തോന്നാന്‍ കാരണമെന്താണെന്ന് വെച്ചാല്‍ കഴിഞ്ഞ നവംബറില്‍ സ്കൂള്‍ തലത്തില്‍ നടന്ന ഒരു കഥാരചനാപഠനക്യാമ്പില്‍ പങ്കെടുത്തത്കൊണ്ടാണെന്നാണ് എന്‍റെ വിശ്വാസം, ഒരു കഥ പറയുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ഒരു കഥക്ക് വേണ്ടുന്ന പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും മറ്റും അങ്ങിങ്ങ് തൊട്ടും തൊടാതെയും എന്തൊക്കെയോ മനസ്സിലാക്കിയതോടെ പണ്ട് മര്‍മ്മാണി വൈദ്യര്‍ പശുവിനെ തല്ലാന്‍ പോയ പോലെയായി കാര്യങ്ങള്‍, ഇതുവരെ എഴുതിവെച്ചതോന്നും കഥയെന്ന സാധനത്തിന്‍റെ നാലയലത്തുപോലും എത്തിയിട്ടില്ലെന്ന തോന്നല്‍ മനസ്സിലങ്ങനെ കറങ്ങിയടിച്ചു നടക്കുന്നു.
ഇനിയിപ്പോ അതിന്നു പരിഹാരമായി ഒരൊറ്റ വഴിയെ ഞാന്‍ കാണുന്നുള്ളൂ , വായീ വന്നത് കോതക്ക് പാട്ടെന്ന് പറഞ്ഞ പോലെ മനസ്സില്‍ തോന്നിയത് തോന്നിയപോലെ എഴുതി കണ്ണും പൂട്ടി അങ്ങോട്ട് കീച്ചുകതന്നെ, വരുന്നെടത്ത് വെച്ച് കാണാം അല്ല പിന്നെ! ഏതായാലും എക്സാം കഴിയട്ടെ ,എങ്കിലേ ശെരിക്കും ഒരു ഒരു ഇത് കിട്ടൂ.. ആരൊക്കെ എന്തൊക്കെ ഈ ബൂലോകത്ത് എഴുതിവേക്കുന്നു? സന്തോഷ് പാണ്ടിയുടെ സിനിമയും പാട്ടും വരെ സഹിച്ചില്ലേ നമ്മള്‍? അതിലും വലുതൊന്നും ആവാന്‍ വഴിയില്ല ഇത് എന്നാണെന്റെയൊരു വിശ്വാസം, എന്റെ വിശ്വാസം എന്നെ രക്ഷിച്ചാല്‍ മതിയായിരുന്നു.
 |
(ആനക്കോട്ടയായി മാറിയ പുന്നത്തൂര്‍ കോട്ട, ദൂര ദൃശ്യം) |
എന്റെ കഥയുടെ തുടക്കവും അതിലെ മറ്റൊരു ഭാഗവും ഞാനിവിടെ കുറിക്കാം , കഥ ഇങ്ങനെയൊക്കെ തന്നെ പറഞ്ഞാല്‍ മതിയോയെന്നകാര്യം അറിയുന്നവര്‍ ഒന്നറിയിക്കണേ..
തുടക്കം : “ഇയ്യറിഞ്ഞാ വിശേഷം? ഒളിച്ചുപോയ നമ്മടെ ചോലക്കാട്ടെ സൂറാടെ കേട്യോന്‍ മൂസ്സക്കുട്ടി തിരിച്ചുവന്നത്രേ മോളെ!”
ഓസ്സാത്തി പാത്തുത്ത ഒരു സ്വകാര്യം പോലെയാണ് അക്കാര്യം ഉമ്മാട് പറയുന്നത് കേട്ടത്, അത് പറയുമ്പോള്‍ അവരുടെ മുഖത്ത് ആശ്ചര്യഭാവമായിരുന്നു."
ഇടയിലെ ചെറിയൊരു പേരഗ്രാഫ് : "രാത്രി, പതിവ് സമയം കഴിഞ്ഞിട്ടുംഎനിക്കെന്തോ തീരെ ഉറക്കം വന്നില്ല പുറത്തെ ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന മിന്നലോളികള്‍ കര്‍ട്ടനു പിറകിലെ ജനല്‍ ഗ്ലാസുകളില്‍ തട്ടി ചിന്നിച്ചിതറുന്നു, ദൂരെ ദിക്കുകളില്‍ നിന്നും മേഘഗര്‍ജനത്തിന്‍റെ മാറ്റൊലികള്‍, പുറത്തു മഴയുടെ ആരവം കൂടിവരുന്നതറിഞ്ഞപ്പോള്‍ സൈനു വീണ്ടും എന്‍റെ ഓര്‍മ്മയിലേക്കോടിയെത്തി."
ഇങ്ങനെയോക്കെയാണ് സംഗതികളുടെ കിടപ്പ് , ഈ ശൈലി പഴയതാണെന്നു തോന്നുന്നുണ്ടോ? എന്തായാലും കാര്യങ്ങള്‍ തുറന്നുപറയണേ.
ഇപ്പോ നിങ്ങള്‍ക്ക് മനസ്സില്‍ തോന്നിയ ഒരുകാര്യം ഞാന്‍ പറയട്ടെ കൊറേ കാലമായല്ലോ നീയ്യീ ഒടുക്കത്തെ കഥയുടെ കാര്യം പറയാന്‍ തുടങ്ങീട്ട്! എന്ത് പണ്ടാറായാലും വേണ്ടില്ല ,ഒന്ന് പോസ്റ്റ് ചെയ്ത് തൊലക്കെന്റെ പെണ്ണേ എന്നല്ലേ ? എനിക്കറിയാം നിങ്ങള്‍ക്കെന്നല്ല എനിക്ക് തന്നെ സ്വയം ചൊറിഞ്ഞുവരുന്നുണ്ട് ഇങ്ങനെ ഓരോന്ന് പറയുമ്പോള്‍.
അതോണ്ട് ഇനിയും വെച്ച് താമസിപ്പിക്കുന്നത് ഒരുനെലക്കും ശെരിയല്ല എന്നതിനാല്‍ മാര്‍ച്ച് 8 നു എക്സാമിന്റെ കൊടിയിറങ്ങിയാല്‍ ഉടനെ സൈനുവിന്റെ കഥയുമായി ഞാനെത്തും, ഇന്ഷാഅള്ള എത്തിയിരിക്കും, ഇത് കുറുപ്പിന്‍റെ ഉറപ്പല്ല ബൂലോകത്തു വാഴും നേനാടെ ഉറപ്പാണ്..
ജസ്റ്റ് റിമമ്പര്‍ ദാറ്റ്..., വെയിറ്റ് ആന്‍ഡ് സീ..
(ഒടുവില്‍ ശ്രീകണ്ടന്‍ നായര്‍ സ്റ്റൈലില്‍ ഒരു ഗുഡ് ബൈ )