Showing posts with label പകര്‍ത്തിയെഴുത്ത്‌. Show all posts
Showing posts with label പകര്‍ത്തിയെഴുത്ത്‌. Show all posts

Sep 9, 2016

ചില പരിസ്ഥിതി ചിന്തകള്‍ ..





 മല ഇടിച്ച് കല്ലെടുത്ത്
പുഴ തുരന്ന്മണ്ണെടുത്ത് 
കാട് വെട്ടി നഗരമാക്കി
മാനം മുട്ടും ഫ്ലാറ്റ് കെട്ടി
പത്താം നിലയിലെ ഹാളിലെ 
വട്ടമേശാ സമ്മേളനത്തില്‍
ഏസിയുടെ കുളിരിലിരുന്ന്
കെന്റക്കി ചിക്കന്കടിച്ചു പറിച്ച്
കൊക്കോകോള വലിച്ചു കുടിച്ച്
ഓസോണ്പാളിയുടെ വിള്ളലിനെയും
ആഗോള താപനത്തിന്റെ
കെടുതികളെയും കുറിച്ച്
ഉച്ചൈസ്ഥരം ചര്ച്ച ചെയ്യുന്നു
ഹൈടെക്ക് ബുദ്ധിജീവികൾ. 
-----------------------------------------
(2016- സെപ്റ്റംബര്‍ ലക്കം പുടവ മാസികയില്‍ പ്രസിദ്ധീകരിച്ചത്.)




May 22, 2016

ഇന്നലെ... ഇന്ന്...


ഇന്നലെ..
ഒരിളം കാറ്റില്‍
ഒരു പഴുത്തില
ഞെട്ടറ്റു.
തളിര്‍ത്തുനിന്ന പച്ചിലകള്‍
ആര്‍ത്തു ചിരിച്ചു
കളിയാക്കി.
ഇന്ന്...
ഒരു കൊടുങ്കാറ്റില്‍
ആ ആല്‍മരം
വേരറ്റു.
താഴെകിടന്ന പഴുത്തില
വേദനയോടെ വിതുമ്പി
ഇന്നലെ ഞാന്‍ ..
ഇന്ന് നീ ..
നാളെ..?
_______________________________

Jul 1, 2012

സാഗര്‍ ഏലിയാസ്‌ ആമക്കുട്ടന്‍ ..റീ ലോഡഡ്‌.

                 
ഈ കഥ എന്റെ ഉപ്പാടെ പഴയ ഫയലുകള്‍ തപ്പിയപ്പോള്‍ കിട്ടിയതാണ്, പതിനഞ്ചു കൊല്ലം അതായത് ഞാന്‍ ജനിക്കുന്നതിന്‌ രണ്ടു കൊല്ലം മുമ്പ്  മാധ്യമത്തില്‍  എഴുതിയിട്ടുള്ളതാണ് , അതില്‍ എന്റേതായ ചില പൊടിക്കൈകള്‍  ചേര്‍ത്ത് പോസ്റ്റുന്നു , കൂടുതല്‍ തിരുത്തലുകള്‍ ഒന്നും ഇല്ല. ബാപ്പാടെ കഥ തിരുത്തിയവള്‍  എന്ന പേരുദോഷം കേള്‍പ്പിക്കാനോന്നും എനിക്ക് വയ്യേ..മാത്രവുമല്ല  ഉപ്പാട് ഇത് ഞാന്‍ പോസ്റ്റട്ടെ എന്ന് സമ്മതം ചോദിച്ചപ്പോള്‍ ആകെക്കൂടി പറഞ്ഞത്  പോസ്റ്റുന്നതില്‍ പ്രശ്നമൊന്നുമില്ല നീ തിരുത്തി എഴുതി കൊളമാക്കാതിരുന്നാല്‍ മതി എന്നുമാത്രമാണ്   അതോണ്ട് കാലത്തിനനുസരിച്ച്ള്ള ചില്ലറ മാറ്റങ്ങള്‍  മാത്രമേ ഞാന്‍ വരുത്തിയിട്ടുള്ളൂ ട്ടോ .പിന്നെ കൂടുതല്‍ അതില്‍ ഒന്നും വേണമെന്നും തോന്നിയില്ല നമ്മടെ ബാപ്പയല്ലേ മോന്‍ വേണ്ടതൊക്കെ അതില്‍ തന്നെയുണ്ടായിരുന്നു  - ഇനി കഥയിലേക്ക്‌ ..

Jun 23, 2011

എത്തിയാല്‍ ഊട്ടി..ഇല്ലെങ്കില്‍..!



പണ്ട് പണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍ പിറവികൊള്ളൂന്നതിനു കുറെകാലം മുമ്പ്  എന്‍റെ ഉമ്മച്ചി വനിത, കന്യക, ആരാമം, പൂങ്കാവനം, മഹിളാ ചന്ദ്രിക എന്നിത്യാദി ക്ലാസ്സിക്ക്‌ പ്രസിദ്ധീകരണങ്ങള്‍ക്ക് മുതല്‍ക്കൂട്ടായ ഒരു എഴുത്തുകാരിയായിരുന്നു(ത്രേ), ഉമ്മച്ചിയുടെ തന്നെ സഹീഹായ റിപ്പോര്‍ട്ടാണ്, പിന്താങ്ങുവാന്‍ ഉപ്പച്ചിയും ഉള്ളപ്പോള്‍ നമുക്ക് തള്ളിക്കളയാനാവില്ലല്ലോ! വിശ്വാസം അതുതന്നെയാണല്ലോ എല്ലാം.
ഇനി ഇതില്‍ പറയാന്‍ പോകുന്ന ചരിത്രസംഭവത്തെ കുറിച്ച് എന്റേതായ ഒരു ആമുഖം,  എന്‍റെ ഓര്‍മ്മ ശെരിയാണെങ്കില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിലെ കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഈ മഹത്തായ സംഭവവികാസം ഉണ്ടായതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു, ഞങ്ങളുടെ വീടിന്നടുത്തുള്ള വയലുകളില്‍ വെള്ളം നിറഞ്ഞാല്‍ റോഡ്‌ തോടാവുന്നതും ഗതാഗതം തടസ്സപ്പെടുന്നതും എല്ലാ വര്‍ഷവും സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഇതിനെയും വെള്ളപ്പൊക്കം എന്നുതന്നെപറയണമെല്ലോ!
തൊണ്ണൂറ്റി ഒമ്പതില്‍ ജനിച്ച എനിക്കെക്കെങ്ങിനെ ഈ തൊണ്ണൂറ്റിഅഞ്ചിലെ ഓര്‍മ്മകളുടെ കാര്യം പറയാന്‍ കഴിയുമെന്നൊരു സംശയമല്ലേ ഇപ്പോ നിങ്ങടെ മനസ്സില്‍ തോന്നിയത്? അത് ന്യായം..പക്ഷെ ഓര്‍മ്മകള്‍ക്കുണ്ടോ അങ്ങിനെ വല്ല കൊല്ലോം കാലവുമൊക്കെ! ഹല്ല പിന്നെ,ഹ! ഹഹ!
എന്‍റെ ഉപ്പച്ചി കുവൈറ്റില്‍ നിന്നും ആദ്യം നാട്ടിലെത്തിയ സമയത്താണ് ഇവിടെ സൂചിപ്പിക്കുന്ന ഈ സംഭവം നടന്നിട്ടുള്ളത്.
ആരാമം മാസികയുടെ രണ്ടര പേജില്‍ നീട്ടിപ്പരത്തി എഴുതിയിട്ടുള്ള ആ ഒന്നൊന്നേമുക്കാല്‍ സംഭവം പകര്‍ത്തി വെറുതെ സമയം മിനക്കെടുത്താനൊന്നും എന്നെകൊണ്ട് വയ്യ, ഞാനത് എന്റേതായ ഒരു രീതിയില്‍ ചുരുക്കിപ്പറയാം, അതാണ്‌ നല്ലതെന്നാണ് എനിക്ക് തോന്നിയത്, നിങ്ങള്‍ക്കിനി മറിച്ചാണ് തോന്നുന്നതെങ്കില്‍ എന്നെക്കൊണ്ട് കൂട്ട്യാ കൂടാണ്ടാണെന്നു മനസ്സിലാക്കണെ പ്രിയരേ, ഇനി ഒറിജിനലെ വായിക്കൂ എന്നാണെങ്കില്‍ സംഗതി സ്കാന്‍ ചെയ്തത് താഴെ ചേര്‍ത്തിട്ടുണ്ട്. അത് വായിച്ചു ആത്മനിര്‍വൃതി കൊള്ളേണ്ടവര്‍ക്ക് അങ്ങിനെയും ആവാം , പിന്നെ വായിച്ചു കഴിഞ്ഞ് ഒടുവില്‍ എടി ചേനെ നീ പറഞ്ഞിട്ടല്ലേ അത് വായിച്ചതെന്നും പറഞ്ഞു എന്‍റെ മെക്കിട്ടുകേറാന്‍ വരരുത് എന്ന്  ആത്മരക്ഷാര്‍ത്ഥമുള്ള മുന്നറിയിപ്പ്, ഞാനും അന്നീ ടുറിസ്റ്റ്‌ ഗ്രൂപ്പിന്‍റെ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞു കൊളമാക്കാമായിരുന്നു, അതിനു അവര് കൂടെ കൂട്ടണമായിരുന്നെങ്കില്‍ ഞാനൊന്ന് ജനിച്ചു കിട്ടണ്ടേ.?
ഇനി സംഭവത്തിലേക്ക്..

എന്‍റെ ഉപ്പച്ചി, ഉമ്മച്ചി, നസ്മിതാത്ത(അന്ന് രണ്ടു വയസ്സ്) ഞങ്ങളുടെ ഒരു കുടുംബസുഹൃത്തായ സലീംക്ക ( സലിം മത്രംകോട്- ഇപ്പോള്‍ ഖത്തറില്‍ പെനിന്‍സുല പത്രത്തിന്‍റെ ഫോട്ടോഗ്രാഫര്‍ ജേര്‍ണലിസ്റ്റായി ജോലി ) സലിംക്കാടെ ഭാര്യ ശംസിയത്ത, പിന്നെ എന്‍റെ നസിമാമ, അന്നത്തെ ഞങ്ങളുടെ ഡ്രൈവര്‍ ഇമ്പായിക്ക എന്നിവര്‍ കൂടി കണ്ണൂര്‍ ഇരിട്ടി മൈസൂര്‍ വഴി ഊട്ടിക്കൊരു വിനോദയാത്ര പോയതായിരുന്നു സംഭവം , വഴിയില്‍ ഇടയ്ക്കിടെ ഓരോരോ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചും കാണുന്നിടത്തെല്ലാം നിറുത്തി പുട്ടടിച്ചും തട്ടി മുട്ടി നീങ്ങിയ യാത്രയില്‍ ഉദ്ദേശിച്ച സമയത്ത് ഒരിടത്തുപോലും എത്തിച്ചേരാനായില്ല എന്നതാണ്  ഈ ചരിത്ര സംഭവത്തിലെ പ്രധാന ആകര്‍ഷണം .
 നമ്മുടെ റെയില്‍വേസ്റ്റേഷനുകളില്‍ ലേറ്റായി ഓടുന്ന ട്രെയിനുകളുടെ അറിയിപ്പ് പോലെ ഈ ലേഖനത്തില്‍ ഉടനീളം ഓരോരോ സന്ദര്‍ശന സ്ഥലങ്ങളിലും  വൈകിയെത്തിയ  മിനുട്ടുകളും മണിക്കൂറും ദിവസവുമെല്ലാം കിറു കൃത്യമായി ചേര്‍ത്തിട്ടുള്ളത് ഈ രചനയുടെ മാറ്റ് കൂട്ടുന്ന ഒരു ഘടകമാണെന്ന് പറയാതെ വയ്യ. ബ്രേക്ക്‌ ഫാസ്റ്റ്‌ , ഉച്ച ഭക്ഷണം ,കുളി, വിശ്രമം ,ഉറക്കം,  പ്രാതല്‍ , ഫാസ്റ്റ്‌ ഫുഡ്‌ എന്നിങ്ങനെയുള്ള വാക്കുകള്‍ ഇടയ്ക്കിടെ കാണുമ്പോള്‍ ഇവര്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും വേണ്ടിയാണോ വിനോദയാത്ര എന്ന പേരില്‍  ഇങ്ങിനെ ഒരു യാത്ര സംഘടിപ്പിച്ചതെന്ന് ശങ്ക തോന്നുന്നതില്‍ കുറ്റം പറയാനുമാവില്ല.
യാത്രയുടെ ആദ്യത്തെ പ്രധാന ലക്ഷ്യസ്ഥാനമായ മൈസൂര്‍ എത്തുമ്പോള്‍ തന്നെ വിനോദ വണ്ടി ആയിരത്തി നാനൂറ്റി നാല്‍പ്പതു മിനിട്ട് അഥവാ ഇരുപത്തിനാല് മണിക്കൂര്‍ ലേറ്റ്, അവിടെ എത്തിയ പാടെ റൂമെടുത്തു പ്രാതല്‍ കഴിച്ചു പിന്നെ വിശ്രമാനന്തരം കിടന്നുറങ്ങി,   അതാണ്‌ കഥ , തുടക്കം തന്നെ ഇങ്ങിനെയാണെങ്കില്‍ പിന്നെത്തെ കാര്യം പറയാനുണ്ടോ!

ലേഖനത്തില്‍ ആകെക്കൂടി എനിക്ക് രസമായി തോന്നിയ ഒരു സന്ദര്‍ഭം എതെന്നാല്‍ നമ്മുടെ വിനോദസംഘത്തിനു മൈസൂര്‍ നിന്നും ഊട്ടിയിലേക്കുള്ള യാത്രക്കിടയില്‍  കര്‍ണ്ണാടകയിലെ ഒരു വഴി തടയല്‍ സമരം മൂലം മൂന്നുനാല് മണിക്കൂര്‍ പൊരിവെയിലത്ത്‌ നടുറോഡില്‍ കിടക്കേണ്ടി വന്നതും " ധിക്കാരാ ധിക്കാരാ ദേവഗൌഡ സര്‍ക്കാര്‍ക്ക് ധിക്കാരാ " എന്ന സമരക്കാരുടെ മുദ്രാവാക്യവുമാണ്, പിന്നെ പോലീസെത്താതിരുന്നതിനാല്‍ പ്രതിഷേധക്കാര്‍ സ്വയം സമരം അവസാനിപ്പിച്ചത്  നമ്മുടെ നാട്ടിലെ സമരം നിത്യതൊഴിലാക്കിയവര്‍ക്ക് നല്ലൊരു മാതൃകയാണ്.
അങ്ങിനെ കാര്യങ്ങള്‍ മൊത്തത്തില്‍ പറയുകയാണെങ്കില്‍ സമരക്കാര്‍ കര്‍ണ്ണാടകക്കാര്, സമരം നടത്തുന്നത് കര്‍ണ്ണാടകക്കാര്‍ക്കെതിരെ, സര്‍ക്കാര്‍ കര്‍ണ്ണാടകക്കാര്, പോലീസും കര്‍ണ്ണാടകക്കാര്, അവിടെ കൂടിയവരും കര്‍ണ്ണാടകക്കാര് ,വരുന്നവരും പോകുന്നവരും കര്‍ണ്ണാടകക്കാര്, ആകെ മൊത്തം കര്‍ണ്ണാടകക്കാര്‍ക്കിടയില്‍ നമ്മുടെ കുറച്ച് വിനോദയാത്രക്കാര്‍ മാത്രം കര്‍ണ്ണാടകക്കാരല്ലാത്തവര്‍ ആകെ ഇടങ്ങേറായി പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

അങ്ങിനെ കര്‍ണ്ണാടകക്കാരായ സമരക്കാര്‍ക്കിടയില്‍ നിന്നും ഒരുവിധത്തില്‍ തടിയൂരി അടുത്ത പട്ടണത്തില്‍ നിന്നും വീണ്ടും ഉച്ചയിലെ  പുട്ടടി നേരംതെറ്റി വൈകീട്ട് ആറുമണിക്ക് കഴിഞ്ഞ് യാത്ര തുടരുന്നതിന്നിടയിലാണ്  സംഭവത്തിന്‍റെ ക്ലൈമാക്സ് നടക്കുന്നത്, ഒറിജിനല്‍ ലേഖനത്തില്‍ പറയുന്നത് കാണുക "ഭയാനകമായൊരു ശബ്ദംകേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്, വണ്ടി പെട്ടെന്ന് നിറുത്തിയതിന്റെ ആഘാതത്തില്‍ കയ്യും കാലും തലയുമൊക്കെ പലയിടത്തും തട്ടി വേദനിച്ചു, മോള്‍ സീറ്റില്‍ നിന്നും താഴേക്ക് ഉരുണ്ടു വീണു എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങള്‍ പകച്ചു എതിരെ ലോഡുകയറ്റിയ ഒരു ലോറി കടന്നുപോയി.." ആ വിവരണം ഒരു മൂഡില്ലാത്ത രീതിയില്‍ അങ്ങിനെ നീണ്ടുപോവുന്നു, എന്നാല്‍ ഈ ഭാഗം ഞമ്മളാണ്‌ കൈകാര്യം ചെയ്തിരുന്നെങ്കില്‍ കുറച്ചു എരുവും പുളിയുമൊക്കെ ചേര്‍ത്ത് ഒരു പഞ്ച് വരുത്താമായിരുന്നു, ഉദാഹരണത്തിന് ഇതാ ഒരെണ്ണം  "നേരം പാതിരാത്രി പന്ത്രണ്ടു മണികഴിഞ്ഞു  പന്ത്രണ്ട് മിനിട്ടും പന്ത്രണ്ടു സെക്കന്റും, കണ്ണില്‍ കുത്തിയാല്‍ കാണാത്ത കൂരാകൂരിട്ടില്‍  അതിഘോരമായ ഇടതിങ്ങിയ കാട്, കാട്ടാനകളും കാട്ടുപോത്തുകളും,കാട്ടു പശുക്കളും ,കാട്ടാടുകളും കാട്ടുപൂച്ചകളും, കാട്ടുകോഴികളും കാട്ടുകാക്കകളും കലപിലയും കടിപിടിയും കൂടുന്ന കാട്, അവക്കിടയിലൂടെ അത്യഗാധമായ ഒരുകൊക്കയുടെ മുകളിലൂടെയുള്ള ഹെയര്‍ പിന്‍ വളവുകളുള്ള റോഡില്‍ ആ വിജനതയിലെ എകാന്തതയിലൂടെ ഞങ്ങളുടെ വണ്ടി മെല്ലെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു, പെട്ടെന്നാണ് വളവുതിരിഞ്ഞെത്തിയ ഒരു  പാണ്ടിലോറി ലൈറ്റ്‌ ഡിം ചെയ്യാതെ ഞങ്ങളുടെ വണ്ടിക്കു മുന്നിലേക്ക്‌ പാഞ്ഞെത്തിയത് ആ ലോറിക്കു സൈഡ് കൊടുക്കുന്നതിന്നിടയിലാണ് അതി ഭയാനകവും അതി ഭീകരവുമായ ആ സംഭവം നടന്നത്" ഇങ്ങിനെ കുറച്ചു സസ്പെന്‍സും ത്രില്ലും ഒക്കെ കേറ്റി വേണ്ടേ സംഭവം പറയാന്‍!  ഇനി നിങ്ങള്‍ തന്നെ പറ ഇങ്ങിനെ പറയുന്നതല്ലേ അതിന്റെ ഒരു ഇത്?  ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ പോയ പുത്തി ആനപിടിച്ചാലും കിട്ടില്ലെന്നല്ലേ! അത് കൊണ്ട് അത് വിടാം
.അങ്ങിനെ ഈ സംഭവത്തില്‍  അവരുടെ വണ്ടി ഒരു കല്‍ഭിത്തിയില്‍ തട്ടി  കൊക്കയിലേക്ക് മറിയാതെ തടഞ്ഞു നിന്നു എന്നതാണ് കഥയുടെ ത്രെഡ്ഡ്,  ഈ ഒരു ഭാഗം വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ ഗാഡമായും അഗാധമായും അതി വിശാലമായും ചിന്തിച്ചിരുന്നുപോയി, ചിന്തിക്കണമെല്ലോ! കാരണം  ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍! നിങ്ങളൊന്നു ഒന്നോര്‍ത്തുനോക്കിക്കേ..  ഇങ്ങിനെ ഇതെഴുതാനോ ഈ ലോകത്ത് ഞാനായി ജനിക്കാനോ ജീവിക്കാനോ കഴിയുമായിരുന്നോ? എന്തിനേറെ പറയുന്നു എന്റെ പൊടിപോലും ഉണ്ടാകുമായിരുന്നില്ലല്ലോ കണ്ടു പിടിക്കാന്‍...അത്ര തന്നെ.
                 ( ആ അനുഭവക്കുറിപ്പ് വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി താഴെ ചേര്‍ക്കുന്നു )


                          

May 25, 2011

എല്ലാം നല്ലതിനാവട്ടെ.


അങ്ങനെ  ഇത്തവണത്തെ വെക്കെഷനും കൊടിയിറങ്ങാറായി, ഈ വെക്കേഷനില്‍ ആഴ്ചയില്‍ ഒന്നുവീതം വെച്ച് മിനിമം ഒരു പത്തു  പോസ്റ്റെങ്കിലും ഇവിടെ ചാര്‍ത്തണമെന്ന് കരുതിയിരുന്നതാണ് ഞാന്‍ , ബട്ട് , സംഗതി ഇതുവരെ രണ്ടേ നടന്നുള്ളു, ഇനി ആകെക്കൂടിയുള്ള ഒരാഴ്ചക്കുള്ളില്‍ ഇതുതന്നെ എഴുതി പോസ്റ്റാന്‍ പറ്റുമോന്നുള്ള സംശയത്തിന്‍റെ നിഴലിലാണ് സംഗതികളുടെ കിടപ്പ്, വിരുന്നുകളും കല്യാണങ്ങളും,പൂരങ്ങളും അതിന്നിടെ ഒരു ചിന്ന വേര്‍ഡ്‌ ടൂറും കൂടി കഴിഞ്ഞപ്പോള്‍ ദിവസങ്ങള്‍ പറന്നു പോയത് അറിഞ്ഞേയില്ല, ഇനിപ്പോ വരുന്നേടത്തു വെച്ച് കാണാം , അല്ല പിന്നെ.
ഇവിടെ താഴെ കൊടുക്കുന്നത്  എന്നെ ഒരുപാട് ഇഷ്ടപ്പെടുകയും ഒരു പേരക്കുട്ടിയെ പോലെ സ്നേഹിക്കുകയും ചെയ്യുന്ന ജെ പി അങ്കിളിന്‍റെ  കാക്കിരികൂക്കിരി എന്ന ബ്ലോഗില്‍ എനിക്കായി
 ഒരു കത്ത് പോലെ ചേര്‍ത്ത ഒരു പോസ്റ്റാണ് ,നിങ്ങള്‍ക്കൊക്കെ വളരെ പരിചിതനായിരിക്കാം ഈ അങ്കിള്‍ എങ്കിലും  ഞങ്ങളുടെ തൊട്ടടുത്ത നാട്ടുകാരനും, ഞങ്ങളുടെ നാടിന്റെ പ്രിയപ്പെട്ട സിനിമാ താരമായ ശ്രീരാമേട്ടന്റെ മൂത്ത ജെഷ്ടനുമാണ് നമ്മുടെ ഈ ബൂലോകത്തിലെ ഒരഞ്ചേട്ടു  ബ്ലോഗുകളുടെ മുതലാളിയായ ജെ പി വെട്ടിയാട്ടില്‍ എന്ന ഈ ഉണ്ണി അങ്കിള്‍ എന്ന കാര്യം കൂടി സന്തോഷത്തോടെ അറിയിക്കട്ടെ. കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള പോസ്റ്റില്‍ വിശദമായുണ്ട് , ഞങ്ങള്‍ ഫേസ്ബുക്കില്‍ ഇടയ്ക്കിടെ കണ്ടുമുട്ടാറും കൂട്ടിമുട്ടാറുമുണ്ട് .അങ്കിളിന്റെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്ക് മനസ്സുനിറഞ്ഞ സന്തോഷം തോന്നി, ഈ ബൂലോകത്ത് വന്നത് വെറുതെയായില്ല എന്ന തോന്നല്‍ ഇരട്ടിച്ചു എന്ന് തന്നെ പറയാം. 
ഇനി എനിക്ക് വിഷമമുള്ള ഒരുകാര്യം കൂടി പറഞ്ഞു ഇതിവിടെ അവസാനിപ്പിച്ചെക്കാം .
ഞാനിങ്ങനെ ഈ ബൂലോകത്തും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്   വര്‍ക്കുകളിലും കറങ്ങിയടിച്ചു നടക്കുന്നത് എന്റെ വേണ്ടപ്പെട്ടവരായ ചില സ്വന്തബന്ധുക്കള്‍ക്ക് തീരെ പിടിക്കുന്നില്ല, അവര്‍ അക്കാര്യം എന്‍റെ മാതാപിതാക്കളെ വിളിച്ചു പറയുന്നുമുണ്ട് , എന്ത് കാര്യവും എന്‍റെ വേണ്ടപ്പെട്ടവര്‍ പറയുന്നത് പോലെ അനുസരിച്ചാണ് ഞാന്‍ ഇന്നുവരെ ജീവിച്ചിട്ടുള്ളത്, ഇനിയും എന്‍റെ ജീവിതകാലം മുഴുവനും അങ്ങിനെത്തന്നെ ആയിരിക്കണമെന്നും എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഇതൊന്നും ഇനി വേണ്ടെന്ന് എന്‍റെ രക്ഷിതാക്കള്‍ പറയുന്ന നിമിഷം ഞാനിത് അവസാനിപ്പിക്കും, മിക്കവാറും ഈ സ്കൂള്‍ വര്‍ഷം ആരംഭിക്കുന്നതോടെ ഞാന്‍ മെല്ലെ ഇവിടെനിന്നും പിന്‍വാങ്ങേണ്ടിവരുമെന്നാണ് എന്റെ തോന്നല്‍ ,  എനിക്ക് പ്രിയപ്പെട്ട ഒത്തിരി പേര്‍ ഇവിടെ ഉണ്ട് , അവരെ കാണാനായി ആഴ്ചയില്‍ ഒരുതവണയെങ്കിലും എനിക്ക് ഇവിടെ എത്താനാവുമെന്നും കരുതുന്നു , നിങ്ങള്‍ നല്‍കിപ്പോരുന്ന സ്നേഹവാത്സല്യങ്ങള്‍ക്ക്  നന്ദി എന്നൊരു വാക്കെഴുതി അവസാനിപ്പിക്കാന്‍ എനിക്കാവില്ല , അതുകൊണ്ട് വീണ്ടും കാണാനാവുമെന്ന ശുഭാപ്‌തിവിശ്വാസത്തോടെ ഇതിവിടെ നിറുത്തുന്നു .
ഇനി ഉണ്ണി അങ്കിളിന്റെ ആ പോസ്റ്റ്‌ വായിച്ചോളൂ ..

എത്രയും പ്രിയപ്പെട്ട നേനക്കുട്ടി വായിച്ചറിയുവാന്‍ .

നേനക്കുട്ടീ..
എന്റെ സ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ എനിക്ക് എക്സാം കഴിഞ്ഞാല്‍ ഒന്‍പത് പടം വരച്ച് തരാമെന്ന് എഴുതിക്കണ്ടു. വളരെ സന്തോഷമായി എനിക്ക്, നേനക്കുട്ടി പഠിക്കുന്നത് ഏത് സ്കൂളില്‍ എന്നൊക്കെ പ്രൊഫൈലില്‍ ഉണ്ടോ എന്ന് നോക്കിയില്ല.എന്നാലും എന്നോട് പറയൂ, പിന്നെ എന്നാ പരീക്ഷ കഴിയുക എന്നും പറയണം. വീട്ടിലേക്ക് വരാനുള്ള വഴിയും പറഞ്ഞ് തരണം. നാട്ടിലുണ്ടെങ്കില്‍.
എനിക്ക് കുട്ട്യോളായിട്ട് ബ്ലൊഗര്‍ ഫ്രണ്ട് ആരും ഇല്ലാ എന്ന് തോന്നുന്നു. ഞാന്‍ കഴിഞ്ഞ ബുധനാഴ്ച ചെറുവത്താനി, അഞ്ഞൂര്‍ മുണ്ടിയന്തിറ പൂരം കാണന്‍ പോയിരുന്നു. എന്റെ സ്മൃതി എന്ന ബ്ലൊഗില്‍ കൊച്ചുവിവരണം കൊടുത്തിട്ടുണ്ട്. സമയം പോലെ എത്തി നോക്കുക.
എന്റെ വീട് തൃശ്ശൂരിലാണ്‍. അങ്ങോട്ട് വരണം. മെട്രോ ആശുപത്രിയുടെ അടുത്താണ്‍. എന്റെ മോള്‍ ഉള്ള സമയം ഞാന്‍ പറയാം അപ്പോള്‍ വന്നാല്‍ മതി. മോള്‍ക്ക് ഒരു മോനുണ്ട്. “കുട്ടാപ്പു”  പിന്നെ മോന്‍ ഒരു പെണ്‍കുട്ടിയും “കുട്ടിമാളു" എല്ലാവരും ഒത്തുകൂടുന്ന സമയം വളരെ കുറവ്.എനിക്ക് കുട്ട്യോളെ വലിയ ഇഷ്ടമാണ്‍. പേരക്കുട്ടികളെഎപ്പോഴും താലോലിക്കാന്‍ കിട്ടുകയില്ല. അതിനാല്‍ അയലത്തെ കുട്ട്യോളാണ്‍ ഇപ്പോള്‍ എന്റെ ലോകം. അവരുടെ ഫോട്ടോസ് കയ്യെത്തുംദൂരത്തുണ്‍ടെങ്കില്‍ ഇവിടെ വെക്കാം.
ഞാന്‍ നേനക്കുട്ടിയുടെ കൊച്ചുചിത്രം നോക്കിയപ്പോള്‍ ഒരു പൂര്‍ണ്ണ രൂപം കിട്ടി. നേനക്കുട്ടി പടിക്കുന്ന സ്കൂള്‍ നില്‍ക്കുന്നത് ഞാന്‍ ജനിച്ചുവളര്‍ന്ന ഭൂമിയില്‍ ആണ്‍. എന്റെ സ്വദേശം ഞമനേങ്ങാടാണ്.
അവിടെ നിന്ന് ഞങ്ങളെ കുടുംബത്തിലെ ഒരാള്‍ ആട്ടിപ്പുറത്താക്കി, അങ്ങിനെ ഞങ്ങള്‍ക്ക് അമ്മ വീട്ടുകാര്‍ അഭയം തന്നു – അങ്ങീനെ ഞങ്ങള്‍ ചെറുവത്താനിക്കാരായി. ഞാന്‍ എന്റെ കുട്ട്യോളുടെ വിദ്യാഭ്യാസ സൌകര്യം നോക്കി തൃശ്ശിവപേരൂരില്‍ ഒരു കുടില്‍ കെട്ടി അവിടെ കഴിഞ്ഞുകൂടുന്നു, ഞാന്‍ ഇപ്പോള്‍ യാത്രയിലാണ്‍. അതിനാല്‍ ബ്ലോഗ് പോസ്റ്റുകള്‍ കുറവാണ്‍. പിന്നെ അനാരോഗ്യവും ഒരു പ്ര്ശനമാണ്‍. നേനക്കുട്ടിക്ക് മലയാളം വേഡ് പ്രോസസ്സിങ്ങ് നന്നായി അറിയാമെങ്കില്‍ എന്നെ സഹായിക്കാം.
പിന്നെ ഫസലുക്കായെ എനിക്കും ഒന്ന് പരിചയപ്പെടുത്തി തരണം. നേനക്കുട്ടിയുടെ ബ്ലോഗ് ടെമ്പ്ലേറ്റ് കലക്കനായിട്ടുണ്ട്. അതുപോലെ ഒന്ന് എനിക്കും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.
വയസ്സ് കാലത്ത് ഓരോ ആഗ്രഹങ്ങളേ. ഞാന്‍ പണ്ട് അതായത് 3 കൊല്ലം മുന്‍പ് മയ്യത്താകുമെന്ന് വിചാരിച്ച് അതിനുള്ള് തയ്യാറെടുപ്പൊക്കെ ചെയ്തു. പക്ഷെ എന്നെ വിളിക്കാന്‍ ആരും വന്നില്ല. ഞാന്‍ കയറുമായി വരുന്ന കാളപ്പുറത്ത് വരുന്ന കാലനെയും അദ്ദേഹത്തിന്റെ കാള്യുടെ കുളമ്പടിയും കാതോര്‍ത്ത് കിടന്നു കുറച്ചുനാള്‍. പക്ഷെ ആരും വന്നില്ല.
എന്റെ അഛനും വലിയഛനും പാപ്പനും വലിയഛന്റെ മകനും എല്ലാം അറുപത് വയസ്സില്‍ മയ്യത്തായി. ഒരു കണക്കില്‍ അത് നല്ലതാണ്‍> വലിയ അസുഖം ബാധിച്ച് കിടക്കെണ്ടതില്ലല്ലോ? ഞാന്‍ രക്തവാതത്തിന്റെ പിടിയിലാണ്‍. കൊല്ലം 3 കഴിഞ്ഞു. മാറുന്നില്ല. വൈദ്യന്മാര്‍ മാറി മാറി ചികിത്സിക്കുന്നു. എന്റെ കൈ തരിപ്പും കാല്‍ തരിപ്പും മാറി. ഇപ്പോള്‍ ഇടത് കാലിന്നടിയില്‍ മാംസം ഉള്ളിലേക്ക് ചതഞ്ഞ് പോകുന്ന പോലെ, വേദനയും.
ഇഷ്ട വിനോദമായ ഡ്രൈവിങ്ങും യാത്രകളും വെട്ടിക്കുറച്ചു. എന്തിന്നധികം പറയുന്ന്. അഞ്ചാറ് കിലോമീറ്റര്‍ നടന്നിരുന്നു. അതും ഇപ്പോള്‍ വയ്യാതായിരിക്കുന്നു, ബാല്യം എത്ര സുന്ദരം. ഒരു കേടും ഇല്ല. പറവകളെപ്പോലെ ഓടിച്ചാടിയും പറന്നും നടക്ക്കാം. ജീവിതമെന്നാല്‍ സുഖദു:ഖങ്ങളുടെ ഒരു സാഗാരമാണ്‍. എല്ലാം അനുഭവിച്ചറിയണം. അതായിരിക്കും പരമേശ്വരന്‍ പറയുന്നത്. ഓരോരുത്തര്‍ക്ക്കും ഓരോ യോഗമുണ്ടായിരിക്കും. എല്ലാം കൈയ്യും നീട്ടി സ്വീകരിച്ച് അനുഭവിക്കുക തന്നെ സന്തോഷത്തോടെ.

എനിക്ക് ഒട്ടും ദു:ഖമില്ല. ഈ ഭൂമിയില്‍ ഞാന്‍ ഇത്രയും കാലം ആരോഗ്യത്തോടെ ജീവിക്കുവാന്‍ കരുണാമയനായ ജഗദീശ്വരന്‍ അനുഗ്രഹിച്ചുവല്ലോ,  രണ്ട് നല്ല മക്കളുണ്ടായി. അവര്‍ പഠിച്ച് മിടുക്കരായി. പണിയെടുത്ത് കുടുംബമായി കഴിയുന്നു. ഇതില്‍ പരം ആനന്ദം വേറെ എന്തുണ്ട് ഈ ഭൂമിയില്‍, നേനക്കുട്ടിയും പഠിച്ച് മിടുക്കിയായി ഉപ്പാക്ക് ഒരു താങ്ങായും ലോക നന്മക്ക് എന്തെങ്കിലും ചെയ്യാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.


സ്നേഹപൂര്‍വ്വം
ജെ പി അങ്കിള്‍ [ഉണ്ണി].
അങ്കിളിന്റെ ഒറിജിനല്‍ പോസ്റ്റ്‌ കാണാന്‍ താഴെ ക്ലിക്കിയാല്‍ മതി .

എത്രയും പ്രിയപ്പെട്ട നേനക്കുട്ടി വായിച്ചറിയുവാന്‍ .

LinkWithin

Related Posts Plugin for WordPress, Blogger...